വീട്ടിലെ കാർഡ്ബോർഡും കടലാസും എന്തിന്, ചെറിയ വടിക്കഷ്ണംപോലും മനുവിന്റെ കൈയിൽ കിട്ടിയാൽ നിമിഷങ്ങൾക്കകം രൂപാന്തരം പ്രാപിക്കും. പലതരം കെട്ടിടങ്ങൾ, മെട്രോ ട്രെയിൻ, വിമാനം, ആഗ്രിബേഡ് എന്നുവേണ്ട, നൂറായിരം സാധനങ്ങൾ ഇവൻ നിർമിച്ചതായുണ്ട്‌. നേരിട്ടുകണ്ടതും ചിത്രങ്ങളിലൂടെയോ ടി.വി.കളിലൂടെയോ മനസ്സിൽ പതിഞ്ഞതുമായ സർവവും മനു കടലാസുകൊണ്ടും പ്ലാസ്റ്റർ ഓഫ് പാരിസുകൊണ്ടും പണിതുകൊണ്ടിരിക്കുകയാണ്. പാവറട്ടി പോവിൽ വീട്ടിൽ ഷെഫീറിന്റെയും ഷെബിയുടെയും മകനാണ് ഷെഫീൻ.രാത്രി ഒരുമണിവരെ ഉണർന്നിരുന്നാണ് കരകൗശലവസ്തു നിർമാണം. ഒരുവസ്തുവിന്റെ നിർമാണം തുടങ്ങിയാൽ മിക്കവാറും അത് പൂർത്തിയാകാതെ കിടപ്പൊ ഭക്ഷണമൊ ഇല്ലെന്നാണ് മിക്കസമയത്തെയും അവസ്ഥ.

 ബുദ്ധിപരമായും ഹൃദയസംബന്ധമായുമുള്ള പ്രശ്‌നങ്ങളാണ് അലട്ടുന്നത്. ബസിൽ യാത്രചെയ്യാൻ വയ്യ. ഇടയ്ക്ക് വല്ലാതെ ക്ഷീണംവരും. ഇത്തരം എല്ലാ വെല്ലുവിളികളെയും മറികടന്നാണ് ഈ നിർമാണങ്ങൾ.കുറുനാക്ക്‌ ഇല്ലാതെയായിരുന്നു മനുവിന്റെ ജനനം. ഇതിനുള്ള ശസ്ത്രക്രിയ മുമ്പേ കഴിഞ്ഞു. പാദങ്ങൾക്ക് ചരിവുണ്ട്. ഇതിന് മറ്റൊരു ശസ്ത്രക്രിയ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മുഖത്തിന് പ്ലാസ്റ്റിക് സർജറി വേണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കാർഡ്‌ബോർഡുകൊണ്ട് നിർമിച്ച് അലങ്കരിച്ച കെട്ടിടത്തിന് അവൻ നൽകിയിരിക്കുന്ന പേര് മനു ഹോട്ടൽ എന്നാണ്. മുണ്ടുപാലത്തെ കെട്ടിടവും ഇതിൽ നിർമിച്ചെടുത്തിട്ടുണ്ട്. ആറുമാസംകൊണ്ട് ഒരുമുറി നിറയെ സാധനങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.

പാവറട്ടിയിലാണ് ഇവരുടെ ജന്മനാട് എങ്കിലും മകന്റെ ചികിത്സയ്ക്കായി തൃശ്ശൂരിൽ താമസിക്കുകയാണ് മനുവിന്റെ കുടുംബം. കടലാസുകൊണ്ടുള്ള വസ്തുക്കൾ നിർമിക്കുന്നതിനുപുറമേ ചിത്രരചനയിലുമുണ്ട് താത്പര്യം. ഇടയ്ക്കിടെ ചിത്രങ്ങൾ വരക്കും. തബലയും ചെണ്ടയും ഇഷ്ട വാദ്യോപകരണങ്ങളാണ്. ഇതുപഠിക്കുകയും കൊട്ടുകയും ചെയ്തിരുന്നു.എന്നാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് വെല്ലുവിളിയായത്. കൊട്ടുമ്പോൾ ശ്വാസംമുട്ടൽ കൂടുന്നു. ഫോട്ടോ വീഡിയോ എഡിറ്റിങ്ങും നന്നായി ഷെഫീൻ ചെയ്യുന്നുണ്ട്. ഗവ. മോഡൽ ബോയ്‌സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ഇവിടത്തെ റിസോഴ്‌സ് അധ്യാപിക രേണുക ശശികുമാർ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. പ്രധാനാധ്യാപിക കെ.ബി. സൗദാമിനിയും ഇവർക്ക് പിന്തുണയായുണ്ട്. സ്‌കൂളിൽ അവന്റെ ഒരു പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ.