കണ്ണൂരിലെ നിരത്തുകളിൽ സൈക്കിളിനും ഇടം കിട്ടാൻ വേണ്ടി പ്രചാരണവും പ്രവർത്തനവുമായി ഇറങ്ങിയിരിക്കുകയാണ് കണ്ണൂരിലെ ഒരുസംഘം യുവാക്കൾ. കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ പാതയ്ക്കായി ഇവർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. ഇവരുടെ ശ്രമം ഫലവത്താകാൻ പോവുകയാണ്. കണ്ണൂർ നഗരത്തിൽ സൈക്കിൾ പാതയുണ്ടാക്കാൻ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.സൈക്കിൾസവാരിക്ക് പ്രചാരം കൊടുക്കാൻ നവംബർ അഞ്ചിന് കണ്ണൂരിൽ സൈക്കിൾദിനമാചരിക്കുന്നു.അന്ന് രാവിലെ 7.30-ന് കണ്ണൂർ സെയ്‌ന്റ് മൈക്കിൾസ്‌ സ്കൂൾ പരിസരത്തുനിന്ന്  സൈക്കിൾ സവാരിയുമുണ്ട്.

പോയകാലത്തിന്റെ മധുര സ്മരണകളിലൊന്നാണ് സൈക്കിൾസവാരി. അന്ന് നിരത്തുകളിൽ മുഴങ്ങിക്കേട്ട മണിശബ്ദമായിരുന്നു ട്രിൻ...ട്രിൻ. ആ ശബ്ദം ഏറെ വൈകാതെ ഇനി കണ്ണൂരിലെ നിരത്തുകളിൽ വീണ്ടും മുഴങ്ങും. പാവപ്പെട്ടവന്റെ വാഹനമായും അധ്വാനിക്കുന്ന വിഭാഗത്തിന്റെ വാഹനമായും പാൽക്കാരന്റെയും ഐസ്‌ വില്പനക്കാരന്റെയും പത്രവിതരണക്കാരന്റെയും തൊഴിൽവാഹനമായും അവതാരലക്ഷ്യം പൂർത്തിയാക്കിയ സൈക്കിൾ പിന്നെയെത്തിയത് കുട്ടികളുടെ കൈയിലേക്കാണ്. അതോടെ നിരത്തിൽനിന്നകന്ന സൈക്കിൾ വീട്ടിനകത്തും വീട്ടുമുറ്റത്തും പരിസരത്തെ ചെറു മൈതാനങ്ങളിലും മാത്രമൊതുങ്ങി. 
   നഗരം മുതൽ നാട്ടിൻപുറം വരെ ഒരുകാലത്ത് സൈക്കിൾ ഷോപ്പുകൾ വ്യാപകമായിരുന്നു. അവിടെനിന്ന് ചെറിയ തുകയ്ക്ക് സൈക്കിൾ വാടകയ്ക്കെടുക്കാനും ചെറിയ ദൂര യാത്ര നടത്താനും സാധിച്ചിരുന്ന കാലമുണ്ടായിരുന്നു. മോ​േട്ടാർ ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും കുത്തൊഴുക്കിൽ അത്തരം സൈക്കിൾവാടകഷോപ്പുകളും നടത്തിപ്പുകാരും കുറ്റിയറ്റുപോയി. ഇന്ന് നാല്പതും അറുപതും വയസ്സിലെത്തിനിൽക്കുന്നവരുടെ ഓർമയിൽ പഴയ ഒരു സൈക്കിൾ, അര സൈക്കിൾ, മുക്കാൽ സൈക്കിൾ, കാൽ സൈക്കിൾ എന്നിവ മധുരമൂറുന്ന അനുഭവങ്ങളാണ്. ഇത്തരം ഷോപ്പുകളിൽനിന്ന് മണിക്കൂറിന് 50 പൈസയ്ക്കും ഒരുരൂപയ്ക്കും (പിന്നീടത് രണ്ടുരൂപ, അഞ്ചുരൂപ, 10 രൂപ നിരക്കിലേക്കുയർന്നു) സൈക്കിൾ വാടയ്ക്കെടുത്ത് ഓടിക്കാത്തവർ അക്കാലത്ത് വിരളമായിരുന്നു.
 ഇന്ന് കുട്ടികളുള്ള മിക്ക വീടുകളിലും രണ്ടും മൂന്നും പുത്തൻതലമുറ സൈക്കിളുകൾ കാണാമെങ്കിലും സൈക്കിൾ സവാരിക്കാരെ എവിടെയും കാണാനില്ല. പഴയ തലമുറയിൽ പെട്ട വിരലിലെണ്ണാവുന്നവർ മാത്രമാണ്  ഇന്ന് യാത്രയ്ക്ക് സൈക്കിളുപയോഗിക്കുന്നത്. 

പരിസ്ഥിതിസൗഹൃദ വാഹനം

ലോകം മുഴുവൻ പരിസ്ഥിതിസൗഹൃദവാഹനമായ സൈക്കിളിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കണ്ണൂരും മാറിവരുന്ന കാലത്തിനനുസരിച്ച് സൈക്കിളുകളുടെ പ്രസക്തി തിരിച്ചറിഞ്ഞിരിക്കുകയാണ്. പരിസ്ഥിതിമലിനീകരണം കുറയ്ക്കാനും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനുമെല്ലാം ഈ  രണ്ടുചക്രവണ്ടി മതിയാകും- വേണ്ടരീതിയിൽ ഉപയോഗിക്കണമെന്നുമാത്രം.
വിദേശരാജ്യങ്ങളിൽ ചിലയിടത്ത് മാസത്തിലൊരിക്കൽ കാർരഹിതദിനം ആചരിക്കാറുണ്ട്. അന്ന് പ്രധാന പാതകളിലൊന്നും കാറുകൾക്ക് പ്രവേശനമുണ്ടാകില്ല. അന്ന് അത്തരം റൂട്ടുകൾ സൈക്കിൾ സവാരിക്കാർക്കു മാത്രമായി തുറന്നുകൊടുക്കും. വലിയൊരു പരിസ്ഥിതിസന്ദേശവും ആരോഗ്യ സന്ദേശവും കൈമാറുന്നുണ്ട് ഈ നടപടി.
 വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യകരമായ ജീവിതത്തിനും സൈക്കിൾ സവാരി ഏറെ സഹായകമാണ്. മോട്ടോർ വാഹനങ്ങളുടേതുപോലെ പുകയോ മലിനീകരണമോ സൈക്കിളിനില്ല. ഇന്ധന​െച്ചലവും ഒട്ടുമില്ല, യാത്രയ്ക്ക് വലിയ റോഡ് സൗകര്യമൊന്നും വേണ്ട, ചെറിയ ഊടുവഴികളിലൂടെയും എളുപ്പം സഞ്ചരിക്കാം. 

മറ്റ് സംസ്ഥാനങ്ങൾ, രാജ്യങ്ങൾ

ഡൽഹി, ​െബംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ സൈക്കിൾ പോയിന്റുകളുണ്ട്. യാത്രക്കാർക്ക് ഇവിടെനിന്ന് സൈക്കിളെടുത്ത് അടുത്ത പോയിന്റിൽ തിരിച്ചേൽപ്പിച്ച് പോകാം. മൈസൂരുവിലും അടുത്തിടെ പേരിൽ സൈക്കിൾ സവാരി തുടങ്ങിയിട്ടുണ്ട്. അവിടെ അതിന് പ്രത്യേക പാതയും തയ്യാറാക്കിയിട്ടുണ്ട്.

സൈക്കിൾസവാരി പ്രോത്സാഹിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ മാതൃകാപരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്.അതിനായി പ്രത്യേകപദ്ധതി തയ്യാറാക്കി നടപടി തുടങ്ങി.പദ്ധതിയുടെ തുടക്കമായി പൂണെ, നാഗ്പുർ, നാസിക്, അമരാവതി, ചന്ദ്രാപുർ, കോലാപ്പുർ, സോലാപ്പുർ, ലാത്തൂർ, ഒൗറംഗാബാദ്, ജൽഗാവ് എന്നീ ജില്ലകളിലെ റോഡുകളിൽ പ്രത്യക സൈക്കിൾപാതയാണ് ഇവർ ഒരുക്കുന്നത്. 2017 ഫിബ്രവരി അഞ്ചിന് ദുബായിൽ കാർരഹിതദിനം ആചരിച്ചിരുന്നു. അന്ന് പ്രധാന തെരുവുകളിൽ കാറുകൾ നിരോധിച്ച് കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി പാതകൾ തുറന്നുകൊടുത്തു. ലോകത്തിൽ നെതർലൻഡും ഡെൻമാർക്കുമാണ് സവാരിക്ക് സൈക്കിൾ ഉപയോഗിക്കുന്നതിൽ ഒന്നാമത്.

കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബ് 

ഇതിൽനിന്നൊക്കെ പ്രചോദനമുൾക്കൊണ്ടാണ് കണ്ണൂരിൽ സ്പോർട്ടിങ് ക്ലബ്ബ് സൈക്കിൾസവാരിക്ക് പാത വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കണ്ണൂർ നഗരസഭയായിരുന്നപ്പോൾ തുടങ്ങിയ നിവേദനം കൊടുക്കൽ കോർപ്പറേഷനായപ്പോഴും തുടർന്നു. ഒടുവിൽ അമൃത്‌ പദ്ധതിയിലുൾപ്പെടുത്തി സൈക്കിൾട്രാക്ക് നിർമിക്കാൻ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി.

പി.ഷാഹിൻ പ്രസിഡന്റും മുഹമ്മദ് അസാഹിദ് സെക്രട്ടറിയും രജിത്ത് രാജരത്നം ട്രഷററുമായ  കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബ് കമ്മിറ്റിയാണ് സൈക്കിൾ സവാരി പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്. പെ​െട്ടന്നുതന്നെ കണ്ണൂരിൽ ചുരുങ്ങിയത് കാൽടെക്സിലും റെയിൽ​േവ സ്റ്റേഷനിലും പുതിയ ബസ്‌സ്റ്റാൻഡിലുമായി മൂന്ന് സൈക്കിൾ പോയിന്റെങ്കിലും തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.കാൽടെക്സിലെത്തുന്ന ഒരാൾക്ക് റെയിൽവേ സ്റ്റേഷനിലോ പുതിയ സ്റ്റാൻഡിലോ പോകാൻ സൈക്കിൾ ഉപയോഗിക്കാവുന്നതാണ്.

സഞ്ചാരികളായി എത്തുന്നവർക്കും സൈക്കിളെടുത്ത് പയ്യാമ്പലം, കണ്ണൂർ കോട്ട, ബേബിബീച്ച്, ആയിക്കര തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സവാരി നടത്താം. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ ജനുവരിയിൽ സ്പോർട്ടിങ്‌ ക്ലബ്ബ് കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷനുമായി സഹകരിച്ച് കണ്ണൂരിൽനിന്ന് പൈതൽമലയിലേക്ക്  കൂട്ട സൈക്കിൾസവാരി സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ  കണ്ണൂരിൽ സൈക്കിൾ ക്ലബ്ബ് തുടങ്ങാനും ആലോചനയുണ്ട്.


കാൾടെക്സിൽ 10 സൈക്കിളുമായി ആദ്യഘട്ടമെന്ന നിലയിൽ സൈക്കിൾ പോയിന്റ് തുടങ്ങുന്ന കാര്യവും ക്ലബ്ബിന്റെ ആലോചനയിലുണ്ട്. ഏറ്റവും പ്രധാനമായി വേണ്ടത് സുരക്ഷിതമായി സൈക്കിളോടിക്കാനുള്ള വഴിയാണ്. പ്രത്യേക സൈക്കിൾപാത വരുന്നതുവരെ മാസത്തിലൊരിക്കൽ ഏതെങ്കിലും ഒരു ചെറിയ റൂട്ട് ഒരുദിവസം സൈക്കിൾയാത്രക്കാർക്കുമാത്രമായി നീക്കിവെക്കാൻ അധികൃതർ തയ്യാറാകണമെന്നും ഇവർ അഭ്യർഥിക്കുന്നു. 

കണ്ണൂരിൽ മൂന്നുകിലോമീറ്റർ 
സൈക്കിൾപാതയ്ക്ക് പദ്ധതി

കണ്ണൂരിൽ മൂന്നുകിലോമീറ്റർ സൈക്കിൾപാതയ്ക്കാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വൻ നഗരങ്ങളുടെ മാതൃകയിൽ റോഡിനോടുചേർന്നാണ് പാത വരിക. 2.2 മീറ്റർ വീതിയിലാണ് സൈക്കിൾപാത ഉദ്ദേശിക്കുന്നത്. നഗരത്തിൽ സൈക്കിൾപാതയ്ക്കും ആറു കിലോമീറ്റർ നടപ്പാതയ്ക്കുമായി 7.41 കോടിയുടെ പദ്ധതിയാണ്‌ തയ്യാറാക്കിയിട്ടുള്ളത്.

താവക്കര പുതിയ ബസ് സ്റ്റാൻഡ്‌  മുതൽ പയ്യാമ്പലം വരെ മൂന്നുകിലോമീറ്റർ ദൂരമാണ് ആദ്യഘട്ടമായി സൈക്കിൾപാത ഉദ്ദേശിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ പേർ സവാരിക്ക് സൈക്കിളുപയോഗിക്കുന്നത് പയ്യന്നൂർ കരിവെള്ളൂർ മേഖലയിലാണ്. അവിടെ മുതിർന്നവർ മുതൽ സ്കൂൾകുട്ടികൾ വരെ യാത്രയ്ക്ക് സൈക്കിളുകളുപയോഗിക്കുന്നു  pnettoor@gmail.com