2007-ൽ ജോഹന്നാസ്‌ബെർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്താൻ ‘ടി-20’ മത്സരം ആവേശകരമായ അവസാനത്തിലേക്ക് അടുക്കുമ്പോൾ, ഇങ്ങ് കേരളത്തിൽ കാഞ്ഞിരമറ്റം എന്ന ചെറിയ ഗ്രാമത്തിൽ വീടിന്റെ ഉമ്മറത്ത് കളി കണ്ടുകൊണ്ടിരുന്ന നിധീഷിനോട് അച്ഛൻ ദിനേശൻ ചോദിച്ചു: ‘‘എടാ നീ കൃത്യമായി പ്രാക്ടീസ് ചെയ്യുന്നുണ്ടോ...?’’ഇന്ന് ഐ.പി.എൽ.

പതിനൊന്നാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ തൊപ്പി വയ്ക്കാനൊരുങ്ങുമ്പോൾ, മകൻ അച്ഛന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ്. എറണാകുളം കാഞ്ഞിരമറ്റം, കീച്ചേരി സ്വദേശിയായ എം.ഡി. നിധീഷ്‌ എന്ന പേസ് ബൗളറെ ഇരുപത് ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നില്ല നിധീഷിന്റെ ഈ വിജയം. കൂട്ടുകാരോടൊത്ത് ഗ്രൗണ്ടിൽ കളിച്ചുനടന്ന നിധീഷിന്, ക്രിക്കറ്റ് തന്റെ ജീവിതമാക്കണമെന്നു തോന്നിയത് പങ്കെടുത്ത ക്യാമ്പുകളിലൂടെയാണ്. 

ക്രിക്കറ്റിലേക്ക്
നാട്ടിലെ ഗ്രൗണ്ടിലും കൂട്ടുകാരോടൊത്തുമാണ് ക്രിക്കറ്റ് കളി ആരംഭിച്ചത്. പ്ലസ് ടു മുതൽ നിരവധി ക്ലബ്ബുകളുടെ ട്രയലുകളിലും പരിശീലനങ്ങളിലും പങ്കെടുത്തിരുന്നു. പിന്നീട് തൃപ്പൂണിത്തുറയിലെ സ്വകാര്യ കോളേജിൽ ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്താണ് തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടും പൂജ ക്രിക്കറ്റ് ക്ലബ്ബുമെല്ലാം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അവിടെ ചെന്ന് അന്വേഷിക്കുകയും സ്ഥിരമായി പരിശീലനം നേടുകയും ചെയ്തു. അന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

 2010-ലാണ് അണ്ടർ-19 ജില്ലാ ടൂർണമെന്റിൽ പങ്കെടുത്തത്. അതൊരു തുടക്കമായി മാറുകയായിരുന്നു. പരിശീലനം മുടക്കാതെ മികച്ച ക്രിക്കറ്ററാവാനുള്ള ശ്രമം നടത്തിക്കൊണ്ടേയിരുന്നു. 2012-ൽ ചെന്നൈ എം.ആർ.എഫ്. പേസ് ഫൗണ്ടേഷനിൽ മലയാളികളായ ആറുപേരിൽ ഒരാളായി പരിശീലനം ആരംഭിച്ചു.

രഞ്ജി കളിച്ച ഒരാൾക്കു മാത്രമേ അവിടെ പരിശീലിക്കാനാകുമായിരുന്നുള്ളൂ. ഒരു വർഷം കളികൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ അവിടെ നിന്നും പോരേണ്ടി വന്നു. 2012-ൽ രഞ്ജി ക്രിക്കറ്റിന്റെ നെറ്റ്‌സിൽ ഇറങ്ങാനുള്ള അവസരവും നിധീഷിന് ലഭിച്ചു. 2013-ൽ ജില്ലയ്ക്കു വേണ്ടി കളിച്ചപ്പോഴുള്ള ബൗളിങ് പ്രകടനം എല്ലാവരുടെയും ശ്രദ്ധനേടാൻ സഹായിച്ചു. 2014-ൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന കെ.സി.എ. യുടെ ക്യാമ്പിൽ നിധീഷിന്റെ ബൗളിങ് പ്രകടനം കണ്ട കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റാണ് അണ്ടർ-25 ക്യാമ്പിൽ ഉൾപ്പെടുത്തിയത്. ഇതിനിടയിൽ അണ്ടർ-23 ആന്ധ്രയ്ക്കെതിരേ നടന്ന നാല് മത്സരത്തിൽ നിന്നായി 15 വിക്കറ്റെടുക്കാൻ സാധിച്ചു. ഇതാണ് രഞ്ജിയിലേക്കുള്ള വഴി തെളിച്ചത്. കൊച്ചിൻ ടസ്‌ക്കേഴ്‌സ്, ഐ.പി.എൽ. കളിച്ചപ്പോൾ ടി.വി.യിൽ മാത്രം കണ്ടിരുന്ന പല താരങ്ങളെയും അടുത്തുകണ്ടു. വി.വി.എസ്. ലക്ഷ്മൺ, മഹേല ജയവർധന തുടങ്ങിയവരോടൊത്ത് പ്രാക്ടീസ് ചെയ്യാൻ സാധിച്ചതും കളിയിൽ അവരുടെ വിക്കറ്റെടുക്കാൻ സാധിച്ചതുമെല്ലാം ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നു. 

ഐ.പി.എല്ലിലേക്ക്
മുംബൈയുടെ ട്രയൽസിൽ പങ്കെടുത്തിരുന്നെങ്കിലും ഒട്ടും പ്രതീക്ഷ നൽകാത്ത പ്രകടനമായിരുന്നു തന്റേതെന്ന് പറയുന്നു നിധീഷ്. ട്രയൽസിൽ ആദ്യ ഓവർ കഴിഞ്ഞ് രണ്ടാമത്തേതിനിറങ്ങിയപ്പോൾ മുട്ടിടിച്ച് വീഴുകയായിരുന്നു. ഒട്ടും ഓടാൻ കഴിയാത്ത അവസ്ഥ. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചപ്പോൾ 'ലിഗ്മെന്റ് ഇഞ്ചുറി' എന്നാണ് ഡോക്ടർ പറഞ്ഞത്. അവിടെ നിന്ന് വീട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. 

അടുത്തിടെയുള്ള ഒരു ക്യാമ്പിലും മത്സരത്തിലും പങ്കെടുക്കാത്തതിനാലും പരിക്ക് ഉണ്ടായതിനാലും പ്രതീക്ഷ വയ്കാത്തതായിരുന്നു. താരലേലം പകുതി കണ്ടെങ്കിലും പിന്നീട് ടി.വി. ഓഫ് ചെയ്ത് വീടിന് മുന്നിൽ വന്നിരുന്നു. ടിനു യോഹന്നാന്റെ അപ്രതീക്ഷിതമായ ഫോൺവിളിയാണ് ഒരുതരി പ്രതീക്ഷ തന്നിൽ ഉണർത്തിയത്. പരിക്ക് എങ്ങനെയുണ്ടെന്ന് അന്വേഷിച്ചായിരുന്നു ടിനു വിളിച്ചത്. താൻ ഫിറ്റാണെന്ന മറുപടിയും നൽകി. പത്തു മിനിറ്റിനുള്ളിൽ ഒരു മാധ്യമ പ്രവർത്തകനാണ് തന്നെ മുംബൈ ഇന്ത്യൻസ് ടീമിലേക്കെടുത്തു എന്ന് വിളിച്ചറിയിച്ചത്. 

അമ്മയുടെ ഓണഫണ്ടും
പരിശീലനവുംചെറുപ്പം മുതലേ ക്രിക്കറ്റിനായുള്ള എല്ലാ സഹായവും പിന്തുണയും നൽകിയത് വീട്ടുകാരാണ്. കാഞ്ഞിരമറ്റം തൊണ്ടിലങ്ങാടിയിൽ മാട്ടക്കണ്ടത്തിൽ വീട്ടിൽ ദിനേശന്റെയും ഷീലയുടെയും മൂത്ത മകനാണ് നിധീഷ്. കക്ക വാരാൻ പോകുന്ന അച്ഛൻ ദിനേശനും വീട്ടമ്മയായ ഷീലയും അനിയൻ നിഖിലും നൽകുന്ന പ്രോത്സാഹനം എന്നും വിലപ്പെട്ടതാണ്. പരിശീലനത്തിന് നൽകാൻ പണം ഇല്ലാതെ വരുമ്പോൾ, അമ്മ ഓണഫണ്ടിൽ നിന്ന് പലിശയ്ക്ക് പണമെടുത്താണ് ഫീസായ 2,000 രൂപ നൽകിയിരുന്നത്. 

ഒരു പ്രായം കഴിഞ്ഞപ്പോൾ ജീവിതം ഉഴപ്പിക്കളയുമോ എന്ന ചിന്തയിൽ ഏതൊരു മാതാപിതാക്കൾക്കും തോന്നുന്ന ആശങ്ക ആ മാതാപിതാക്കൾക്കും ഉണ്ടായിരുന്നു. ആ ഭീതിയിൽ നിന്നുയരുന്ന ശകാരങ്ങൾ കൂടുതൽ പ്രയത്നിക്കാനുള്ള കരുത്താകുകയായിരുന്നു. അവരാൽ കഴിയുന്ന രീതിയിൽ എല്ലാ സഹായവും മാതാപിതാക്കൾ നൽകി. ഉള്ള പരിമിതികളിൽ നിന്നുകൊണ്ട് തന്റെ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അവർ കൂടെ നിന്നു. 

ശ്രീശാന്ത് എന്ന ഊർജം
ശ്രീശാന്ത് എന്ന വ്യക്തിയും കളിക്കാരനും തനിക്ക് നൽകുന്ന ഊർജം ചെറുതല്ലെന്ന് പറയുന്നു, നിധീഷ്. ‘‘2010-ൽ കാസർകോട്‌ നടന്ന ക്രിക്കറ്റ് ക്യാമ്പിലാണ് ശ്രീശാന്തിനെ ആദ്യമായി കാണുന്നത്. അന്നത്തെ എന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചപ്പോൾ ഉപയോഗിച്ച ജാക്കറ്റാണ് എനിക്ക് നൽകിയത്. ‘ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടേ ഇത് ഉപയോഗിക്കാവൂ’ എന്ന ഉപദേശവും. അന്നു മുതൽ ശ്രീശാന്ത് എന്ന വ്യക്തി നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. 

ശ്രീശാന്ത് ചേട്ടൻ കേരളത്തിലുള്ളപ്പോഴെല്ലാം ഞാനും സച്ചിൻ ബേബിയും അദ്ദേഹത്തിന്റെ വീട്ടിലെ നെറ്റ്‌സിലാണ് പരിശീലനം നടത്തുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചപ്പോൾ ശ്രദ്ധിച്ചിരുന്ന സ്റ്റൈലുകളും ടെക്‌നിക്കുകളും ഞങ്ങൾക്കു പറഞ്ഞുതരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതെല്ലാം കളിയെ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്’’

സഹായമായി കൂട്ടുകാർ
2013-ൽ തീർത്തും നിസ്സഹായമായ അവസ്ഥയിൽ തന്നെ സഹായിച്ചത് ഒരുപറ്റം കൂട്ടുകാരായിരുന്നു. പരിശീലനത്തിനോ പരീക്ഷയ്ക്കോ പൈസ എടുക്കാനില്ലാതിരുന്ന സമയത്ത് ഒപ്പം നിന്ന് സഹായിച്ച ഒരുപാട് വ്യക്തികളാണ് തനിക്കുചുറ്റും ഉള്ളതെന്ന് നിധീഷ്. ‘‘കൂട്ടുകാരോടൊപ്പം പറ്റുന്ന ജോലികൾക്കൊക്കെ പോകുമായിരുന്നു. ഒരുതവണ പെയിന്റിങ്‌ ജോലിക്ക് പോയാൽ ഒരു ക്യാമ്പിൽ പോകാനുള്ള പണം ലഭിക്കുമായിരുന്നു.

അങ്ങനെയാണ് പലപ്പോഴും പൈസ കണ്ടെത്തിയിരുന്നത്. പരിശീലനത്തിന് പോകുന്ന സമയത്ത് കോളേജിൽ പലപ്പോഴും പരീക്ഷ എഴുതാതെ പോയിരുന്നു. അവസാനം മേഴ്‌സി ചാൻസ് വന്നപ്പോൾ ഫീസ് അടയ്ക്കാൻ സഹായിച്ചത് സുനീഷ് ചേട്ടനാണ്. ‘നീ പറ്റാവുന്നത്ര കളിച്ചോ, എല്ലാ സഹായത്തിനും ഞാനുണ്ട്‌’ എന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വലിയ ശക്തിയായിരുന്നു. 

പിന്തുണച്ച് സഹതാരങ്ങളും
രഞ്ജി ക്രിക്കറ്റിലെ സഹതാരങ്ങൾ നൽകുന്ന പിന്തുണ വലിയ സഹായകമാണ്. സച്ചിൻ ബേബി, ബേസിൽ തമ്പി, അസ്ഹറുദ്ദീൻ തുടങ്ങി നിരവധിപേർ എന്നും പിന്തുണച്ച് കൂടെയുണ്ടായിരുന്നു. ഒരു മാച്ചിൽ പ്രകടനം മോശമായാലും ഇവർ കൂടെ നിന്ന് പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം പറയും. ഇത് എന്നും ഫോക്കസായിരിക്കാൻ സഹായിക്കും. കളിയുടെ സമ്മർദ്ദമില്ലാതെ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ കൂട്ടുകെട്ട് എന്നും സഹായിച്ചിട്ടുണ്ട്.
 
മുംബൈ ഇന്ത്യൻസ്

“ഒരു സ്വപ്നത്തിന് അടുത്തെത്തിയെന്ന തോന്നലാണ്‌ ഇപ്പോൾ എനിക്കുള്ളത് . പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായിരിക്കുകയാണ് ഞാൻ.  എങ്കിലും ഇനിയുള്ള ഫിറ്റ്നെസ് ടെസ്റ്റ് കൂടി മുന്നിലുണ്ട്. ആ കടമ്പ കടന്ന് മുന്നിലുള്ള മാച്ചുകൾ മാത്രമാണ് മുന്നിലുള്ളത്. കൂടുതൽ പരിശീലനങ്ങളിലൂടെ ഫിറ്റ് ആയിരിക്കുക, മികച്ച ബൗളറാവുക...‘ഇന്ത്യൻ ജേഴ്‌സിയണിയുക’ എന്ന സ്വപ്നം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇനി ഞാൻ.’’