പ്രേക്ഷകര്‍ക്ക് അപരിചിതമായ ഒരു സത്യത്തിലേക്ക്, നിഴലുകളുടെ ലോകത്തേക്കു കൂട്ടികൊണ്ടുപോവുകയാണ് ' ഇന്‍ടു ദി ഡാര്‍ക്ക് റൂം' എന്ന നാലരമിനുട്ട് നീളുന്ന ഹ്രസ്വ ചിത്രം. നിരവധി അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളകളില്‍ ചര്‍ച്ചയായ ഈ ഹ്രസ്വ ചിത്രം പുക വലിക്കുന്നവരെ ഒന്നു ചിന്തിപ്പിക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പുകവലിക്കുമ്പോള്‍ പുറത്ത് വിടുന്ന പുകയില്‍ ജീവന്റെ അംശമുണ്ട്. അവയെ തേടിയെത്തുന്ന നിഴലുകളിലൂടെയാണ് കഥ വികസിക്കുന്നത്.

2014ല്‍ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം ലോക പുകയിലവിരുദ്ധദിനത്തില്‍ കേരളസര്‍ക്കാരിന്റെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായി. കൊല്‍ക്കത്ത, ടസ്ല എന്നീ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു നല്ല പ്രതികരണമാണ് ലഭിച്ചതെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജനവരി 14നു കിസാക്‌സ് അന്താരാഷ്ട്രമേളയിലും പ്രദര്‍ശിപ്പിക്കും. ഗിന്നസ് പക്രു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സിനിമയെ പുകഴ്ത്തിയിരുന്നു. അര്‍ജന്റീനയിലെ മാര്‍ ഡെല്‍ പ്ലാറ്റ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ അവസാനനിമിഷം പുറത്തായെങ്കിലും മേളയുടെ ഡയറക്ടറും അവിടുത്തെ പ്രമുഖ സംവിധായകനുമായ ജോസ് മാര്‍ടിനസ് സുവാരസില്‍ നിന്നും അഭിനന്ദനം ലഭിച്ചു.


കണ്ണൂരിലെ തളിപ്പറമ്പു സ്വദേശി സൂരജാണ് ഈ സിനിമയുടെ സംവിധാനവും ഛായഗ്രഹണവും നിര്‍വഹിച്ചത്. കോയമ്പത്തൂരില്‍ നിന്നും വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷം സ്വതന്ത്ര സംവിധാനരംഗത്തെത്തി. നിരവധി ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. വണ്‍സ് എഗെയ്ന്‍, വഴിത്തിരിവ്, എക്കോ, ദി റെയ്ന്‍ ട്രീ തുടങ്ങിയവ സൂരജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങളാണ്. ലോന്‍ലിനസ്, പിഗ് (തമിഴ്) എന്നീ ചെറുസിനിമകളില്‍ കാമറയും കൈകാര്യം ചെയ്തിട്ടുണ്ട്. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണു സൂരജ്.

കണ്ണൂരിലെ ജീവനം ആയുര്‍വേദ ആസ്പത്രിയുടെ ഉടമ പ്രശാന്താണ് ഇന്‍ ടു ദി ഡാര്‍ക്ക്‌നസിന്റെ നിര്‍മ്മാതാവ്. അക്വിനാഷ് സാലി, പി.വി. ശ്രീജിത്ത്, ലെറോയ് സി. ജേഴ്‌സണ്‍, രാഹുല്‍ രാഘവ്, രോഹിത്, പി.സി. രാകേഷ്, ജോര്‍ജ് തെങ്ങുംമൂട്ടില്‍, അനില്‍ രാജ്, രാഹുല്‍, ഭാസ്‌കര്‍, ജോര്‍ജ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Youtube link