cARGOഈയടുത്ത് ഒരു നൃത്തപരിപാടിക്കു വേണ്ടി അന്വേഷിക്കേണ്ടി വന്നപ്പോഴാണ് മറന്നുകിടന്നിരുന്ന ‘കാർഗോ പാന്റ്സി’ന്റെ ട്രെൻഡിനെക്കുറിച്ച് വീണ്ടും ഓർത്തത്. കാർഗോ പാന്റ്സ് അഥവാ കാർഗോ ട്രൗസേഴ്‌സ് (മിലിറ്ററിക്കാർ ഉപയോഗിച്ചിരുന്നത് കൊണ്ട് ‘കോംബാറ്റ്‌ ട്രൗസേഴ്‌സ്’ എന്ന മറ്റൊരു നാമവും ഇതിനുണ്ട്) എന്നറിയപ്പെടുന്ന ഇവ തൊണ്ണൂറുകളിൽ സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. മിക്കവാറും ഔട്ട് ഡോർ ആക്ടിവിറ്റികൾക്കുവേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള ഇവയുടെ പ്രത്യേകത രണ്ടോ നാലോ വലിയ കാർഗോ പോക്കറ്റുകളാണ്. 

‘ക്യാഷ്വൽ കൂൾ’ എന്ന വാക്കിന് പൂർണത നൽകിയിരുന്ന ഈ ഐറ്റം ഇപ്പോഴും ആണുങ്ങളുടെയിടയിൽ പോപ്പുലറാണ്. വിദേശരാജ്യങ്ങളിൽ പ്ലംബർമാരും നിർമാണത്തൊഴിലാളികളും യൂണിഫോം ആയി ധരിക്കുന്ന വസ്ത്രമാണിത്. നല്ല കട്ടിയുള്ള തുണിത്തരത്തിൽ തീർത്തിട്ടുള്ള ഇവയുടെ പോക്കറ്റിൽ അത്യാവശ്യം പണിയായുധങ്ങളും കൊണ്ടുനടക്കാൻ പറ്റും. കട്ടിയുള്ളതോ കുറഞ്ഞതോ ആയ കോട്ടൺ അല്ലെങ്കിൽ, പോളിയസ്റ്റർ ബ്ലെൻഡിൽ ഇവ ലഭ്യമാണ്. ഏതു സീസണിലും കാലാവസ്ഥയിലും ഉപയോഗിക്കാൻ അനുയോജ്യമായ കാർഗോസ് സിമ്പിളായ പ്ലെയിൻ ടി-ഷർട്ടിന്റെ കൂടെ ധരിക്കുന്നതിന്റെ ഭംഗി ഒന്നു വേറെതന്നെയാണ്. ട്രഡീഷണൽ ഫിറ്റിൽ ലഭ്യമായ കാർഗോ പാന്റ്‌സുകൾ വീക്കെൻഡ് സ്റ്റൈലിങ്ങിന് പറ്റിയവയാണ്. 

നേവി, കാക്കി, ഒലിവ് ഗ്രീൻ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ ഇവ കോട്ടൺ ഡ്രിൽ, ലൈറ്റ് വെയ്റ്റ് എന്ന മെറ്റീരിയലുകളിൽ മാത്രമല്ല, ഡെനിമിലും ലഭ്യമാണ്. എന്നാൽ, ഒരു കാർഗോസ് സ്വന്തമാക്കിയേക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ഏതാനും ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഏതൊക്കെ സ്റ്റൈലുകൾ വിപണിയിലുണ്ടെന്നു അറിഞ്ഞാൽ ശരീരാകൃതിക്കും പൊക്കത്തിനും യോജിക്കുന്ന ഒരെണ്ണം തിരഞ്ഞെടുക്കാൻ എളുപ്പമായിരിക്കും. 
ട്രഡിഷണൽ കാർഗോ പാന്റ്സ്

കാർഗോ പാന്റ്സിന്റെ ഏറ്റവും ആദ്യം ഉത്ഭവിച്ച സ്റ്റൈൽ ഇതാണ്. വളരെ ലൂസും ബാഗിയുമായ ഇവയെ ആർമിക്കാരാണ് പ്രശസ്തമാക്കിയത്. നാലോ അഞ്ചോ ഫ്രൻഡ്‌ പോക്കറ്റും ലെഗ് പോക്കറ്റും ഉള്ള ഇവ കാക്കി ബ്രൗൺ നിറത്തിലാണ് സാധാരണ കാണാറുള്ളത്. ലൈറ്റ്‌ നിറമുള്ള ടി-ഷർട്ടിന്റെയോ, ഷർട്ടിന്റെയോ കൂടെ ഡെനിം ജാക്കറ്റും സ്നീക്കേഴ്സും കൂടി ധരിച്ചാൽ ‘എഫർട്ട്‌ലെസ്‌’ സ്റ്റൈൽ ആയി. 

സ്ലിം കാർഗോ പാന്റ്സ്
ബാഗി സ്റ്റൈൽ ഇഷ്ടമില്ലാത്തവരുടെ പ്രാർത്ഥന ഫാഷൻ ഡിസൈനർമാർ കേട്ടതിന്റെ ഫലമായി ഉണ്ടായതാണ് ‘സ്ലിം ഫിറ്റ് കാർഗോ’ പാന്റ്സ്. കെട്ടിടം പണിക്ക്‌ പോവുകയല്ലെന്നു തോന്നണമെന്നുള്ളവർക്ക്‌ ഏറ്റവും പറ്റിയതാണ് സ്ട്രക്ചേർഡ് ആയിട്ടുള്ള ഈ സ്റ്റൈൽ. ആണുങ്ങൾക്കിടയിൽ ഇപ്പോഴുള്ള ട്രെൻഡ് ആണ് സ്ലിം കാർഗോസിന്റെ കൂടെ റിപ്ഡ് ടി-ഷർട്ട് ധരിക്കുന്നത്. ജോൺ എബ്രഹാം, ഹൃതിക് റോഷൻ, ടൈഗർ ഷ്‌റോഫ്‌ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരമായ സ്ലിം കാർഗോസ് ഇവർക്ക് സ്റ്റൈലിഷ് ആയ ‘ഓഫ്‌ ഡ്യൂട്ടി’ ലുക്ക്‌ നൽകുന്നു . 

ലൂസ് കാർഗോ ഷോർട്സ്
കനത്ത ചൂടിൽ ആശ്വാസത്തോടെ ധരിക്കാൻ പറ്റിയ ഇനമാണ് ‘ലൂസ് കാർഗോ ഷോർട്സ്’. ധാരാളം വായുസഞ്ചാരം ലഭിക്കുന്ന ഈ വസ്ത്രം ലൂസ് ആയതിനാൽ ബൾജ് ചെയ്തു നിൽക്കാതെ പോക്കറ്റിൽ അത്യാവശ്യം സാധനങ്ങൾ കൊണ്ട് നടക്കുകയുമാവാം. ഫോട്ടോഗ്രാഫി ഹോബി ആയവർക്ക് ധരിക്കാൻ ഏറ്റവും പറ്റിയ ഐറ്റം ആണിത്. ഒരു സ്ലീവ്‌ലെസ് വെസ്റ്റും കാൻവാസ് ഷൂസും കൂടി ധരിച്ചാൽ സ്റ്റൈലിഷ് ആൻഡ് കംഫർട്ടബ്ൾ ലുക്ക് കൈവരുമെന്നു തീർച്ച. 
 

റിപ് സ്റ്റോപ്പ് കാർഗോ പാന്റ്സ്
പരുക്കനായ ഉപയോഗത്തിനു വേണ്ടി പ്രത്യേകം  ഡിസൈൻ ചെയ്തിട്ടുള്ള ഇവ പെട്ടെന്ന് കീറുകയോ വലിയുകയോ ഇല്ല. ഡെനിം ജീൻസിനേക്കാൾ കൂടുതൽ ആയുസ്സുള്ള ഇവ മിലിറ്ററി പ്രിന്റിലും കാക്കി നിറത്തിലും ലഭ്യമാണ്. വട്ടക്കഴുത്തുള്ള ഹാഫ് സ്ലീവ്‌സ് അണ്ടർ ഷർട്ടും ബൂട്സും ധരിച്ചാൽ ഒരു മാൻലി അപ്പിയറൻസ് ലഭിക്കും. െെസ്റ്റൽ ഏതു തന്നെയായാലും കാർഗോ പാന്റ്സ് തിരഞ്ഞെടുക്കുമ്പോൾ സ്ലിം, സ്‌ട്രെയ്റ്റ്, ലുക്ക് ആണെങ്കിൽ ഒരുമാതിരി എല്ലാ ശരീരാകൃതിയുള്ളവർക്കും ചേരും. അതുപോലെ, പോക്കറ്റുകളുടെ സൈസ് ചെറുതായിരിക്കാനും ശ്രദ്ധിക്കുക. വാലറ്റ്, കീ, ഫോൺ മുതലായ സാധനങ്ങൾ കൊണ്ട് നടക്കുമ്പോൾ വല്ലാതെ  ഇടിഞ്ഞു കിടക്കാതിരിക്കാനാണിത്. വീട്ടിലെ അറ്റകുറ്റ പ്പണികളൊക്കെ ചെയ്യുമ്പോൾ ധരിക്കാൻ പറ്റിയതാണ് കടുംനിറത്തിലുള്ള കാർഗോസ്.

ചെളിയും പാടുകളും പെട്ടെന്ന് അറിയില്ലെന്നു മാത്രമല്ല, വസ്ത്രത്തിനു കേടുവരുമോ എന്ന പേടിയും വേണ്ട. ഹൈക്കിങ് പോലുള്ള ആക്ടിവിറ്റികളിൽ ഏർപ്പെടുമ്പോൾ കടുത്ത കാലാവസ്ഥയിൽ നിന്ന് സംരക്ഷണമേകാൻ കാർഗോ പാന്റ്സിനെക്കാൾ നല്ലൊരു വസ്ത്രമില്ല. ഇതിന്റെ കൂടെ ശരിയായ പാദരക്ഷകൾ ധരിക്കാൻ മറേക്കണ്ട. 
ഇങ്ങനെയൊക്കെ ആണെങ്കിലും സ്ത്രീകളുടെയിടയിൽ ഈ ട്രെൻഡ് തിരിച്ചെത്തിയോ എന്നുള്ള കാര്യം ഇപ്പോഴും സംശയമാണ്. വിക്ടോറിയാസ് സീെക്രറ്റിന്റെ ‘ഏയ്ജെൽസ്’ ആയ ഹാഡിഡ് സഹോദരിമാരെയാണ് ഫാഷൻ ലോകത്തെ ചോദ്യ ചിഹ്നമായ കാർഗോ പാന്റ്സ് ധരിച്ച്‌ ഈയടുത്തു കണ്ടിട്ടുള്ളത്. ഇവർ ധരിച്ച കാർഗോസ് വളരെ സ്ലിം ഫിറ്റിൽ കാലുകളുടെ ആകൃതി എടുത്തുകാണിക്കുന്ന ഇനത്തിലുള്ളതാണ്. 

കിം കർദാഷിയാൻ മിലിറ്ററി കാർഗോസ് മുറിച്ച് ബെർമുഡ പോലെ ധരിച്ചു കാണുകയുണ്ടായി. മനോഹരമായ ലൂസ് ടോപ്പുകൾ, അല്ലെങ്കിൽ ടാങ്ക് ടോപ്പുകൾ ധരിച്ചാൽ ജീൻസിനു പകരമായുള്ള വസ്ത്രമായി കാർഗോസിനെ ഉപയോഗിക്കാം. നീളത്തിലുള്ള ലേസ് കൊണ്ടുള്ള ഒരു ഔട്ടർവെയർ കൂടി ധരിച്ചാൽ എലഗന്റ് ലുക്ക് കൈവരും. വീതിയുള്ള ഇലാസ്റ്റിക് വെയ്‌സ്റ്റ് ഉള്ള കാർഗോസ് അരക്കെട്ട്‌ ഒതുങ്ങിക്കാണിക്കാൻ ഉപകരിക്കും.

കാൽ വളരെ മെലിഞ്ഞവർക്ക്‌ കാർഗോസിന്റെ സ്റ്റൈൽ വളരെ നന്നായി യോജിക്കും. അൽപ്പം സാഹസികരായിട്ടുള്ള പെൺകുട്ടികൾക്ക് കാർഗോ ഷോർട്സും പരീക്ഷിക്കാം. ഇനി കാർഗോ പാന്റ്സ് ഇടാൻ താത്‌പര്യമില്ലാത്ത ടീനേജഴ്സിനു വേണ്ടി കാർഗോ സ്കേർട്സും നിലവിലുണ്ട്. എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഫാഷനിൽ ‘ഇൻ’ ആണോ ‘ഔട്ട്’ ആണോ എന്നു സംശയമുള്ള ഈ ട്രെൻഡ് തിരിച്ചുവന്നാലും അത് പഴയ രൂപത്തിലായിരിക്കില്ല എന്നുള്ളത് തീർച്ചയാണ്.

writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി