കേരള രാജ്യാന്തര ചലച്ചിത്രമേളയെ ഉത്സവമായി കൊണ്ടാടുകയാണ് കാമ്പസുകളും. സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളില്‍നിന്നു വിദ്യാര്‍ഥികളും അധ്യാപകരും മേളയ്‌ക്കെത്തിയിട്ടുണ്ട്. മാധ്യമപഠന വിഭാഗത്തിലേയും ചലച്ചിത്രപഠന വിദ്യാര്‍ഥികളുമാണ് കൂടുതല്‍ പേരും.

ചിത്രങ്ങളെപ്പറ്റി കൂടുതല്‍ അറിഞ്ഞതിനുശേഷമാണ് ഏറെപ്പേരും സിനിമകാണാന്‍ എത്തുന്നത്. സംഘാടകര്‍ പ്രസിദ്ധീകരിക്കുന്ന ഫെസ്റ്റിവല്‍ ബുക്കിനോടൊപ്പം ഐ.എം.ഡി.യും റോട്ടണ്‍ ടോമാറ്റാസും പോലും വെബ്ബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന റിവ്യൂസും അറിഞ്ഞതിനുശേഷമാണ് ഇവര്‍ കാണാനുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ചിത്രം കണ്ടേതീരുവെന്ന് നിര്‍ബന്ധമാണെങ്കില്‍ സീറ്റ് റിസര്‍വ് ചെയ്യും. അതും ശരിയായില്ലെങ്കില്‍ സിനിമയ്ക്ക് ആളെ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ തിയേറ്ററില്‍ എത്തും. നല്ല സിനിമകള്‍ക്ക് തിയേറ്ററിനു മുന്നിലെ നീണ്ടനിര ഇതിന്റെ തെളിവാണ്.

ആഘോഷം, ഓട്ടം, സെല്‍ഫി...

പ്രധാന വേദി ടാഗോറിലേക്കു മാറ്റിയതിന് ശേഷം ആഘോഷം മുഴുവന്‍ ഇവിടെയാണ്. സൗഹൃദത്തിന്റെ, ബന്ധങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഇവിടെ എത്തുന്നവര്‍ക്ക് ഡെലിഗേറ്റുകള്‍ സമ്മാനിക്കുന്നത്. സെല്‍ഫികളും ചായ കുടിയും തമാശകളുമൊക്കെയായി മേളയ്ക്ക് ഒപ്പം നീങ്ങുകയാണ് യുവസംഘങ്ങള്‍. ഇവിടെ അവതരിപ്പിച്ച ഫ്‌ളാഷ് മോബുകളില്‍ ചിലതിന്റെ ഉറവിടം കാമ്പസാണ്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ കിട്ടുന്ന സമയം കൊണ്ട് പരമാവധി സിനിമ കാണാനാണ് ശ്രമിക്കുന്നത്. മൂന്നു നാലു ദിവസത്തേക്കാണ് ഇവര്‍ എത്തുന്നത്. വീടോ ഹോസ്റ്റലോ ലോഡ്ജ് മുറികളോ മറ്റോ വാടകയ്ക്ക് എടുക്കുന്ന ഇവര്‍ മിക്കവാറും നല്ല സിനിമകള്‍ കാണാതിരിക്കില്ല. ഇവര്‍ കൃത്യമായ ആസൂത്രണത്തോടെയാണ് സിനിമകള്‍ കാണുന്നത്. അതിനാല്‍ തന്നെ ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമ കാണാനുള്ള ഓട്ടവും കാണാം. പ്രതിനിധി ഓട്ടോയെ മുതല്‍ അത് കിട്ടിയില്ലെങ്കില്‍ കിട്ടുന്ന വണ്ടിയില്‍ കയറിവരെ ലക്ഷ്യസ്ഥാനത്ത് എത്തും. ഇനി ആഗ്രഹിച്ച സിനിമയ്ക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ കിട്ടുന്ന സിനിമ കാണാനും ഇവര്‍ തയ്യാറാണ്. വെറുതെ സിനിമ കാണുകമാത്രമല്ല ചെയ്യുന്നത്, സിനിമയും നല്ല നിരൂപണവും ഇവര്‍ നടത്തും. എല്ലാ മേഖലയേയും ഇവര്‍ സ്​പര്‍ശിക്കും.

മേളക്കാലത്തെ എന്നും ഓര്‍മയില്‍ സുക്ഷിക്കാന്‍ സെല്‍ഫിയുമായാണ് ഇവര്‍ മടങ്ങുന്നത്. സെല്‍ഫി മാത്രമല്ല ഫോട്ടോയും എടുക്കാറുണ്ട്. ടാഗോറിന്റെയും കൈരളിയുടെയും പരിസരത്ത് എപ്പോഴും കാണാന്‍ കഴിയും ഇത്തരത്തിലുള്ള ആഘോഷ സെല്‍ഫികളെ. ''സെല്‍ഫി ഇല്ലാതെന്ത് ആഘോഷം ബ്രോ'' എന്നാണ് ഇവരുടെ ചോദ്യം. ടാഗോറില്‍ ഇത്തരത്തിലുള്ള ചില സ്ഥിരം ഫ്രെയിമുകളും കാണാം.

ട്രെന്‍ഡിന്റെ പരിച്ഛേദം

കാമ്പസുകളില്‍ നിലവിലുള്ള ഫാഷന്‍ ട്രെന്‍ഡ് തിരിച്ചറിയാനും ചലച്ചിത്രമേളയിലെത്തണം. നീല, കാവി, മുണ്ടുകളും ഓം തുടങ്ങിയ എഴുത്തുകള്‍ ഉള്ള ജൂബ്ബയുമാണ് ചെറുപ്പക്കാരുടെ പ്രധാന വേഷം. ചെറുപ്പക്കാരികളും ഇതാണ് ധരിക്കുന്നതെന്ന് പറഞ്ഞാല്‍ ഒരിക്കലും ഇത് അധികമാകില്ല. ഇതിനോടൊപ്പം കാഷ്വല്‍ വേഷങ്ങളും കൂടുതല്‍ കാണുന്നുണ്ട്. ബോളിവുഡ് നടിമാരുടെ സ്റ്റൈല്‍ പിന്തുടരുന്നവരാണ് പ്രതിനിധികളില്‍ ഏറെയും. ഇതോടൊപ്പം പാലാസോ പാന്റും കുര്‍ത്തയും നോര്‍മല്‍ പാന്റും ടോപ്പും ധരിച്ച് എത്തുന്നവരാണ് ഭൂരിപക്ഷം.