തൃശ്ശിവപേരൂരിന്റെ സാംസ്‌കാരികത്തനിമ ലോകമെമ്പാടും എത്തിക്കുന്നതാണ് നമ്മുടെ തൃശ്ശൂര്‍ പൂരം. സിരകളില്‍ ആഹ്ലാദത്തിന്റെയും ആമോദത്തിന്റെയും ആവേശത്തിന്റെയും തിരയടിക്കുന്ന നിമിഷങ്ങള്‍, വര്‍ണങ്ങള്‍ മാറിമറിയുന്ന കുടമാറ്റം, ശബ്ദവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ട്, ആരെയും അദ്ഭുതപ്പെടുത്തി  നില്‍ക്കുന്ന പന്തലുകള്‍, അങ്ങിനെ അങ്ങിനെ....

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പൂരം എനിക്ക് സമ്മാനിച്ചത്. രോഗബാധിതരായ കുട്ടികളുടെ ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കാനുള്ള പണം സ്വരൂപിക്കുന്നതിനായി മറ്റുള്ളവരുടെ മുമ്പിലേക്ക് കൈകള്‍ നീട്ടിയ ദിനം. അതായിരുന്നു കഴിഞ്ഞ പൂരം ഞങ്ങള്‍ക്ക്.

രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുരുന്നുകളുടെ ചികിത്സാസഹായം എത്തിക്കുന്ന  സൊലേസ്   ജീവകാരുണ്യ സംഘടനയുടെ യൂത്ത് വിങ്ങായ സൊലേസ് യൂത്തിലെ വൊളന്റിയര്‍മാരില്‍ ഒരാളാണ് ഞാന്‍.

എന്നെപ്പോലെ വിവിധ കോളേജുകളില്‍ നിന്നായി 150ല്‍പരം വിദ്യാര്‍ഥികള്‍. സൊലേസ് യൂത്തിന്റെ ആദ്യകാല്‍വെയ്പായിരുന്നു കഴിഞ്ഞവര്‍ഷത്തെ പൂരം നാളില്‍ കെട്ടിയുയര്‍ത്തിയ സ്‌നേഹപ്പന്തല്‍- 'ഇത്തിരി ടു ഒത്തിരി '. നമുക്ക് ഇത്തിരിയില്‍നിന്ന് തുടങ്ങാം നാളെ ഒത്തിരിയായി വളരാമെന്നു പറഞ്ഞാണ് ഞങ്ങള്‍ പൂരം കാണാന്‍ വന്ന ആയിരങ്ങളുടെ ഇടയിലേക്ക്  ഇറങ്ങിയത്. രാവിലെ ഒമ്പതു മുതല്‍ നാലുവരെ കൊടും ചൂടിനെ തണലാക്കിയത്, വേദനയില്‍ പിടയുന്ന കൊച്ചനുജന്‍മാര്‍ക്കും അനുജത്തിമാര്‍ക്കും വേണ്ടിയായിരുന്നു.

ദീര്‍ഘകാല രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ നിസ്സഹായരായ കുടുംബങ്ങള്‍ക്കും താങ്ങും, തുണയുമായി നിലകൊണ്ട കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നന്മയുള്ള  ഹൃദയങ്ങള്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. കഴിഞ്ഞ പൂരത്തിനു രണ്ട് ദിവസങ്ങളിലായി നടന്ന ഫണ്ട് ശേഖരണത്തില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വരൂപിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു! അക്ഷരാര്‍ഥത്തില്‍ ഇത്തിരിയില്‍നിന്ന് ഒത്തിരിയിലേക്കുള്ള കാല്‍വെപ്പുതന്നെയായിരുന്നു. ഞങ്ങളുടെ ഡൊണേഷന്‍ ബോക്‌സില്‍ കനിവായിരുന്നു പെയ്തിറങ്ങിയത്.ഈ വര്‍ഷവും ഞങ്ങള്‍ ഒത്തുകൂടുകയാണ് ഇത്തിരിയില്‍നിന്ന് ഒത്തിരിയാവാന്‍. അസുഖമുള്ള കുഞ്ഞുങ്ങളും മാതാപിതാക്കളും നമ്മളും ഒറ്റപ്പെട്ട  കണ്ണികള്‍ അല്ല എന്ന സന്ദേശം മുറുകെ പിടിച്ചുകൊണ്ട്.

എല്ലാം സ്വന്തം നേട്ടത്തിനുവേണ്ടി മാത്രം ചെയ്യുന്ന ഈ തലമുറയിലെ കുട്ടികള്‍ക്കു ഒരു പാഠപുസ്തകമാവാന്‍, നേടുന്നതിലൂടെ മാത്രമല്ല വിട്ടുകൊടുക്കുന്നതിലൂടെയും സന്തോഷം കണ്ടെത്താം എന്ന് ഒരിക്കല്‍കൂടി തെളിയിക്കാന്‍. ഏപ്രില്‍ 25-നും 26-നും പൂരത്തിന് തേക്കിന്‍കാട് മൈതാനിയില്‍ ഞങ്ങളും ഉണ്ടാവും.

ഈ പൂരവും എനിക്ക് നന്മയുടെ കാഴ്ചകളാണ് നല്‍കാന്‍ പോകുന്നത്. ആ കാഴ്ചകളിലേക്കുള്ള കാത്തിരിപ്പാണ് ഇനിയുള്ള ദിവസങ്ങള്‍.