ചെസ്സ് കളിക്കാനറിയാം പക്ഷെ ചെസ്സിന്റെ ഭാഷ അറിയില്ല എന്നതാണോ നിങ്ങളുടെ പ്രശ്നം?. വിഷമിക്കേണ്ട, ചെസ്സിന്റെ അങ്കനരീതി നമുക്ക് അനായാസം പഠിക്കാം.

സംഗീതത്തിനും ഗണിതത്തിനുമെല്ലാമുള്ളപോലൊരു സവിശേഷമായൊരു അങ്കനസമ്പ്രദായം ചെസ്സിനുമുണ്ട്. ലക്ഷോപലക്ഷം അനശ്വര ചെസ്സ് കലാസൃഷ്ടികളുടെ സൗന്ദര്യാനുഭൂതിയിലേക്കും ശാസ്ത്രീയചതുരംഗപ്പോരാട്ടങ്ങളുടെ യദ്ധതന്ത്രരഹസ്യങ്ങളിലേക്കുമുള്ള മാന്ത്രികത്താക്കോലാണീ അങ്കനരീതി.

ഇന്ന് നമുക്കാ താക്കോൽ സ്വന്തമാക്കാം

ഇതാണ്‌ ചെസ്സ് ബോർഡ്.

1

64 കളങ്ങളിലും അതാത് കളങ്ങളുടെ പേരുകൾ കുറിച്ചിരിക്കുന്നു. പാർശ്വങ്ങളിൽ നല്കിയിട്ടുള്ള 1 മുതൽ 8 വരെയുള്ള സംഖ്യകളും a മുതൽ h വരെയുള്ള ഇംഗ്ലിഷ് അക്ഷരങ്ങളും സംയോജിപ്പിച്ചാണ്‌ കളങ്ങൾ  നാമകരണം  ചെയ്തിട്ടുള്ളത്.

പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌

2

ഇവയാണ്‌ ചെസ്സ്കരുക്കൾ.

അവയുടെ ഇംഗ്ലീഷ് നാമങ്ങളും നാമങ്ങളുടെ ഹ്രസ്വരൂപങ്ങളും നല്കിയിരിക്കുന്നു.64 കളങ്ങളുടെ പേരുകളും 6 ചെസ്സ് കരുക്കളുടെ ചുരുക്കപ്പേരുകളും ആദ്യം ഹൃദിസ്ഥമാക്കുക. 

 

അടുത്തതായി നമുക്കൊരു ചെസ്സ് ഗെയിം കാണാം. ഈ ഗെയിമിലെ നീക്കങ്ങൾ ഓരോന്നായി ആദ്യം ചിത്രത്തിലും പിന്നീട് അങ്കനരീതിയിലും രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിക്കുക.

വൈറ്റ്: ഗിയാച്ചിനോ ഗ്രീക്കോ          

ബ്ലാക്ക്: അജ്ഞാതൻ

വർഷം: 1620                സ്ഥലം: യൂറോപ്പ്

3

 1. e4

വൈറ്റ് കളിക്കാരൻ തന്റെ പോണിനെ e2 കളത്തിൽ നിന്നും e4 കളത്തിലേക്ക് വെക്കുന്നു.

പോണുകളെ നീക്കുമ്പോൾ അവ വെക്കുന്ന കളത്തിന്റെ പേർ മാത്രം നല്കുക.

4

 1. ... e5

ബ്ലാക്ക് തന്റെ കാലാളിനെ e5 കളത്തിലേക്ക് വെക്കുന്നു.

5

2. f4

വൈറ്റ് തന്റെ പോണിനെ f4 കളത്തിലേക്ക് മുന്നോട്ട് തള്ളുന്നു.

6

2. ... exf4

ബ്ലാക്ക് തന്റെ e5ലെ കാലാളിനെക്കൊണ്ട് വൈറ്റിന്റെ f4ലെ കാലാളിനെവെട്ടുന്നു.

പോൺ കൊണ്ട് എതിർകരുവിനെ വെട്ടുമ്പോൾ  3 കാര്യങ്ങൾ രേഖപ്പെടുത്തണം:

 1. വെട്ട് നടത്തുന്ന പോൺ ഏത് നിരയിൽ ഇരിക്കുന്നുവോ ആ നിരയുടെ ഇംഗ്ലീഷ് അക്ഷരം (ഇവിടെ e)
 2. x’ എന്ന ചിഹ്നം  (x വെട്ടിനെ സൂചിപ്പിക്കുന്നു)
 3. വെട്ടപ്പെടുന്ന കരു ഇരിക്കുന്ന കളത്തിന്റെ പേരും (ഇവിടെ f4)

7

3. Nf3

പോൺ ഒഴികെയുള്ള മറ്റേതെങ്കിലും കരുവാണ്‌ നീക്കുന്നതെങ്കിൽ ആദ്യം നീക്കുന്ന കരുവിന്റെ ഹ്രസ്വനാമം ആദ്യം കുറിക്കുക (ഇവിടെ N). അതിനുശേഷം ആ കരു വെക്കുന്ന കളത്തിന്റെ പേർ രേഖപ്പെടുത്തുക (ഇവിടെ f3).

8

3. ... g5

ബ്ലാക്ക് തന്റെ പോണിനെ g5 കളത്തിലേക്ക് മുന്നോട്ട് നീക്കുന്നു.

9

4. Bc4

വൈറ്റ് കളിക്കുന്നയാൾ തന്റെ ബിഷപ്പിനെ c4 എന്ന കളത്തിൽ വെക്കുന്നു.

10

4. ... f6?

ബ്ലാക്ക് തന്റെ കാലാളിനെ f6 എന്ന കളത്തിലേക്ക് നീക്കുന്നു.

? “എന്ന ചിഹ്നത്തിന്റെ അർത്ഥം “മോശം നീക്കം” എന്നതാണ്‌.

11

5. Nxg5!

വൈറ്റ് തന്റെ നൈറ്റ് എടുത്ത് എതിരാളിയുടെ g5ലെ പോണിനെ വെട്ടിയെടുക്കുന്നു.

! “എന്ന ചിഹ്നം  “നല്ല നീക്കം” എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്.

12

5. ... fxg5

ബ്ലാക് f നിരയിലെ പോണിനെക്കൊണ്ട് വൈറ്റിന്റെ g5ലെ നൈറ്റിനെ വെട്ടുന്നു.

13

6. Qh5+

വൈറ്റ് തന്റെ ക്വീനിനെ എടുത്ത് h5 കളത്തിൽ വെച്ച് എതിർ രാജാവിന്‌ ചെക്ക് പറയുന്നു.

+” എന്ന ചിഹ്നം “ചെക്ക്” എന്നതിന്റെ സൂചകമാണ്‌.

ch.” എന്ന ചിഹ്നവും ചെക്കിന്റെ സൂചകമായി ഉപയോഗിക്കാറുണ്ട്.

14

6. ... Ke7

ബ്ലാക്ക് തന്റെ രാജവിനെ e7 എന്ന കളത്തിലേക്ക് മാറ്റുന്നു.

15

7.  Qxg5+

വൈറ്റ് തന്റെ ക്വീനിനെക്കൊണ്ട് എതിരാളിയുടെ g5ലെ പോണിനെ വെട്ടിയെടുത്ത് കറുപ്പ് രാജാവിന്‌ ചെക്ക് നല്കിയിരിക്കുകയാണെന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.

16

7. ... Ke8

ഇതിന്‌ മറുപടിയായി ബ്ലാക്ക് തന്റെ കിങ്ങിനെ e8 കളത്തിലേക്ക് ഇറക്കിവെക്കുന്നു.

17

8. Qh5+

വീണ്ടും വൈറ്റ് ക്വീൻ h5കളത്തിൽ വന്ന് എതിർ രാജവിന്‌ ചെക്ക് പറയുന്നു.

18

8. ... Ke7

ബ്ലാക്ക് രാജാവ് തനിക്ക് പോകാവുന്ന ഏക ഇടമായ e7 കളത്തിലേക്ക് കയറിനില്ക്കുന്നു.

19

9. Qe5#

വൈറ്റ് തന്റെ ക്വീനിനെ e5 കളത്തിൽ വെച്ച് ചെക്ക് പറഞ്ഞ് എതിർ രാജാവിന്‌ ചെക്ക്മേറ്റ് നല്കുന്നു.

# “ ചെക്ക്മേറ്റിനെ സൂചിപ്പിക്കുന്ന ചിഹ്നമാണ്‌.

നാം ഇപ്പോൾ കണ്ട ഗെയിം ചിത്രങ്ങളുടെ അകമ്പടിയില്ലാതെ ചെസ്സ് അങ്കനരീതിയിൽ എങ്ങനെ രേഖപ്പെടുത്താം എന്ന് നോക്കാം:

വൈറ്റ്                                   ബ്ലാക്ക്

ഗിയാച്ചിനോ ഗ്രീക്കോ അജ്ഞാതൻ

വർഷം: 1620                സ്ഥലം: യൂറോപ്പ്

 1. e4                               e5
 2. f4                               exf4
 3. Nf3                             g5
 4. Bc4                             f6
 5. Nxg5!                         Fxg5
 6. Qh5+                         Ke7
 7. Qxg5+                       Ke8
 8. Qh5+                         Ke7
 9. Qe5#

ചെസ്സ് അങ്കനരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. കളങ്ങളുടെ പേരുകൾ രേഖപ്പെടുതുന്നതിന്‌ ചെറിയ അക്ഷരങ്ങൾ  (small letters ) ഉപയോഗിക്കുക

2. കരുക്കളുടെ പേരുകൾ രേഖപ്പെടുതുന്നതിന്‌ വലിയ അക്ഷരങ്ങൾ  (capital letters) ഉപയോഗിക്കുക

3. രാജവിന്റെ പക്ഷത്ത് കാസ്ലിങ്ങ് നടത്തുന്നതിന്റെ ചിഹ്നം 00

ക്വീനിന്റെ വശത്ത് കാസ്ലിങ്ങ് നടത്തുന്നതിന്റെ ചിഹ്നം 000

4.എൻ പാസന്റ് വെട്ടുന്നതിന്റെ ചിഹ്നം e.p.

താഴെ നല്കിയിരിക്കുന്ന  3 കൊച്ചുഗെയിമുകൾ വായനക്കാർ സ്വയം ചെസ്സ് ബോർഡിൽ വച്ചുനോക്കി ചെസ്സ് അങ്കനരീതി  പരിശീലിക്കുക:

വൈറ്റ്          ബ്ലാക്ക്

 1. g4                   e5
 2. f3?                  Qh4#

വൈറ്റ്          ബ്ലാക്ക്

 1. f4                    e5
 2. fxe5               d6
 3. exd6              Bxd6
 4. Nc3?              Qh4+
 5. g3                   Qxg3+
 6. hxg3               Bxg3#

വൈറ്റ്          ബ്ലാക്ക്

 1. d4             f5
 2. Bg5            h6
 3. Bh4            g5
 4. e3!             gxh4?
 5. Qh5#

ഒന്നാമത്തെ ചെസ്സ് കോളത്തിൽ നല്കിയ പ്രശ്നോത്തര മൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു: (വെറും അഞ്ച്‌ നീക്കങ്ങളിലൊരു കൊടുങ്കാറ്റോ...? / Read More..... )

A

1. Qf7+! Nxf7

2. Ne6#

194 പേര്‍ ശരിയുത്തരം അയച്ചു.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: വി. രാഹുല്‍, നിലമ്പൂര്‍, മലപ്പുറം. എല്ലാവർക്കും അഭിനന്ദനങ്ങൾ

പ്രശ്നോത്തരമൽസരം - 2

രണ്ടാം പ്രശ്നോത്തര മൽസരത്തിന്റെ പൊസിഷൻ താഴെ കൊടുത്തിരിക്കുന്നു

B

അടുത്ത നീക്കം നടത്തേണ്ടത് വൈറ്റ് കളിക്കുന്നയാളാണ്‌. തന്റെ രണ്ടാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നല്കണം.

(നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും.)

ചെസ്സ് കളിക്കൂ​