രോ കാലഘട്ടങ്ങളിലെ കായികസംസ്കാരത്തേയും കായികതാരങ്ങളുടെ നിലനിൽപ്പിനേയും നിർണ്ണയിക്കുന്നത് ആ കാലഘട്ടങ്ങളിലെ സാമൂഹികഘടനകളാണ്‌. രാജഭരണകാലത്ത് ദീപസ്തംഭത്തിന്റെ മഹാശ്ചര്യം പാടിയും ഫ്യൂഡൽ കാലഘട്ടത്ത് പ്രഭുവർഗ്ഗത്തിന്റെ ആശ്രിതരായും മുതലാളിത്ത/ ഗ്ലോബൽ കാലഘട്ടത്ത് കോർപ്പറേറ്റുകളുടെ കാരുണ്യത്തിലും കായികതാരങ്ങളും കായികസംഘടനകളും കഴിഞ്ഞുപോന്നു/പോരുന്നു.

ഭാരതത്തിന്റെ  കാർഷികസംസ്കാരത്തിനും കാലാവസ്ഥാവ്യതിയാനങ്ങൾക്കും  ഭൂമിശാസ്ത്രവൈവിദ്ധ്യങ്ങൾക്കും അനുയോജ്യമായിരുന്ന നിരവധി കായികവിനോദങ്ങൾക്ക് മരണമണി മുഴക്കിക്കൊണ്ട് കോർപ്പറേറ്റുകളുടെ പ്രിയവിനോദമായ ക്രിക്കറ്റ് ദേശത്തിന്റെ ആത്മവിനോദമായി മാറി.

കോർപ്പറേറ്റുകൾ കളിക്കുന്ന കളിയല്ല ക്രിക്കറ്റ്, മറിച്ച് മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുകയും ഓവറുകൾക്കും ഇടവേളകൾക്കുമിടയിൽ കളിയേക്കാളുപരി പരസ്യങ്ങൾ തിരുകിക്കയറ്റാനുള്ള സാദ്ധ്യത നല്‍കുകയും ചെയ്യുന്ന കായികരൂപമാണത്. പരസ്യങ്ങളാൽ നിലനിൽപ്പ് നിർണ്ണയിക്കപ്പേടുന്ന ഭാരതീയ പത്ര-ചാനൽ-റേഡിയോ മാദ്ധ്യമങ്ങൾ സ്വാഭാവികമായും ക്രിക്കറ്റിനും മറ്റ് കോർപ്പറേറ്റ് ഇഷ്ടവിനോദങ്ങൾക്കും പ്രാമുഖ്യം നൽകിക്കൊണ്ടിരുന്നു.

ചാനലുകളുടേയും ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളുടേയും ആധിപത്യകാലത്ത് സ്പോർട്സ് കായികവിനോദത്തേക്കാളുപരി ഒരു ദൃശ്യകലയായി മാറി. അതോടൊപ്പം കച്ചവടസിനിമയിലേപ്പോലെ പ്രദർശനപരതയിലൂന്നിയ താരനിർമ്മിതി ഒരു പാർശ്വോൽപ്പന്നമായി കടന്നുവന്നു. കൊച്ചുടുപ്പിട്ട് കളിക്കുന്ന മെയ്യഴകുള്ള വനിതാസ്പോർട്സ് താരങ്ങളെ മാദ്ധ്യമങ്ങൾ പ്രദർശനവസ്തുക്കളാക്കി. സാനിയ മിർസക്കായി മാദ്ധ്യമങ്ങൾ കൂടുതലിടം മാറ്റിവെച്ചപ്പോൾ സാനിയയേക്കാളും മികച്ച നേട്ടങ്ങൾ കൊയ്തിരുന്ന ലിയാണ്ടർ പയസ് വേണ്ടത്ര പരിഗണിക്കപ്പെടാതെപോയി.

സാനിയാ മിർസയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നൊരു കാലത്ത് ക്രൂരമായ അവഗണനയുടെ ഇരയായിരുന്നു കൊണേരു ഹമ്പി എന്ന പെൺകുട്ടി. ഭാരതകായികചരിത്രത്തിൽ അന്നേവരെ ഒരു വനിതയും കരസ്ഥമാക്കിയിട്ടില്ലാത്ത ഉജ്ജ്വലനേട്ടങ്ങളുടെ ഉടമയായിരുന്നു സാനിയയുടെ നാട്ടുകാരി തന്നെയായിരുന്ന ആ പതിനേഴുകാരി.

2008 സെപ്തംബറിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖരറെഡ്ഡി സാനിയക്ക് 20 ലക്ഷം രൂപയും ഹൗസ് പ്ലോട്ടും നൽകുകയും വിദേശകോച്ചിന്റേയും വിദേശടൂർണ്ണമെന്റുകളുടേയും മുഴുവൻ ചെലവുകൾ വഹിക്കാമെന്ന് ഒരു പൊതുചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു. ലോകറാങ്കിങ്ങിൽ നാൽപ്പത്തിരണ്ടാം സ്ഥാനത്ത് നിന്നിരുന്ന സാനിയ തനിക്ക്, കോർപ്പറേറ്റ് സ്പോൺസർഷിപ്പ് ഉണ്ടായിരുന്നതിനാൽ സഹായം ആവശ്യമില്ലെന്ന് സർക്കാരിനെ അറിയിച്ചു. എന്നാൽ, വരാനിരിക്കുന്ന ലോക വനിതാചെസ്സ് ചാമ്പ്യൻഷിപ്പിന്‌ തയ്യാറെടുക്കുവാനായി തന്നെ നേരിട്ടുകണ്ട് സഹായമഭ്യർത്ഥിച്ച ലോക ആറാം നംബർ താരമായ കൊണേരു ഹമ്പിയെ പാടേ വിസ്മരിച്ചും അവഗണിച്ചും കൊണ്ടായിരുന്നു രാജശേഖരറെഡ്ഡി ടെന്നീസ് താരത്തിന്‌ സർവ്വസഹായവും ഇങ്ങോട്ടാവശ്യപ്പെടാതെ തന്നെ അങ്ങോട്ട് വാഗ്ദാനം ചെയ്തത്.

ഗ്ലാമർ ചിഹ്നമല്ലാതിരുന്ന കൊണേരു ഹമ്പിയുടെ അന്നേവരെയുള്ള നേട്ടങ്ങൾ എന്തെല്ലാമായിരുന്നു?

 • 1997 ൽ 10 വയസിനുതാഴെയുള്ള പെൺകുട്ടികളിൽ ലോകചാമ്പ്യൻ
 • 1998 ൽ 12 വയസിനുതാഴെയുള്ള പെൺകുട്ടികളിൽ ലോകചാമ്പ്യൻ
 • 1999 ൽ 12 വയസിനുതാഴെയുള്ള പെൺകുട്ടികളിൽ ഏഷ്യൻ ചാമ്പ്യൻ
 • 2000 ത്തിൽ 14 വയസിനുതാഴെയുള്ള പെൺകുട്ടികളിൽ ലോകചാമ്പ്യൻ
 • 2001 ൽ ലോകവനിതാജൂനിയർചാമ്പ്യൻ
 • 2002 ൽ ലോകവനിതാജൂനിയർചാമ്പ്യൻ (ഒന്നാം സ്ഥാനം പങ്കിട്ടു)
 • 2004 ൽ ഏഷ്യൻ വനിതാചാമ്പ്യൻ
 • 2004 ൽ ലോകവനിതാചാമ്പ്യൻഷിപ്പ് സെമിഫൈനലിസ്റ്റ്
chess

ജൂഡിത്ത് പോള്‍ഗാര്‍

 

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന അപൂർവ്വ ബഹുമതി 2002ൽ തന്നെ ഹമ്പി കരസ്ഥമാക്കിയിരുന്നു. വിശ്വചെസ്സിലെ ഇതിഹാസവനിതയായ ജൂഡിത്ത് പോൾഗാറിന്റെ റെക്കോഡിനെ മറികടന്ന ഹമ്പി 15 വയസും 1 മാസവും 27 ദിവസവും പ്രായമുള്ളപ്പോളാണ്‌ ഗ്രാൻഡ്മാസ്റ്റർ പട്ടത്തിന്‌ അർഹയായത്. ഇത് പുരുഷ ഗ്രാൻഡ്മാസ്റ്റർ പദവി ആയിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടിയിരികുന്നു. 2001ൽ തന്നെ ഹമ്പി വനിതാ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയെടുത്തിരുന്നു.

ഭാരതീയകായികചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയിരുന്ന അതുല്യപ്രതിഭയെയാണ്‌ സംസ്ഥാനവും രാഷ്ട്രവും മാദ്ധ്യമലോകവും ഒന്നടങ്കം വിസ്മരിച്ചുകളഞ്ഞത്. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുമ്പോളും ഇച്ഛാശക്തികൊണ്ട് പരിമിതികളെ മറികടക്കുമ്പോളാണ്‌ യഥാർത്ഥചാമ്പ്യന്മാർ നിർവചിക്കപ്പെടുന്നത്. വിശ്വനാഥൻ ആനന്ദും കൊണേരു ഹമ്പിയും ഇത്തരത്തിൽ സ്വയം നിർവചിച്ച് ചരിത്രം കുറിച്ച രണ്ട് ഭാരതീയരാണ്‌.

2010 ൽ ഹൈദരബാദിൽ നടന്ന ഇന്റർനാഷണൽ മാത്തമാറ്റിക്സ് കോൺഗ്രസ്സിൽ ലോകചെസ്സ്ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്‌ സമ്മാനിക്കുവാനിരുന്ന ഓണററി ഡോക്ടറേറ്റ് കേന്ദ്രമാനവവിഭവശേഷിവകുപ്പ് നിഷേധിച്ചത് ഭാരതീയ കായിക ചരിത്രത്തിലെ തീരാക്കറകളിൽ ഒന്നാണ്‌. ആനന്ദിന്റെ ഇന്ത്യൻ പൗരത്വത്തെ നിരാകരിച്ച ദില്ലിയിലെ ചുവപ്പുനാടസംസ്കാരം  കണ്ട് “എനിക്കെന്റെ ജന്മദേശത്തെ തിരിച്ചുകിട്ടണം” എന്ന് ലോകചാമ്പ്യൻ പറഞ്ഞുവത്രെ. 2009ൽ കൊണേരു ഹമ്പിയെ ലോക ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുപ്പിക്കാതിരുന്ന അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ നടപടിയും ഭാരതീയ കായികബ്യൂറോക്രസിയുടെ മറ്റൊരു കറുത്ത അദ്ധ്യായമായിരുന്നു.

 
   

1

അവഗണനയുടെ തീയിൽ കുരുത്ത കൊണേരു ഹമ്പി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു.

2004 മുതൽ ഇന്നേ വരെ നടന്ന എല്ലാ ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ് മൽസരങ്ങളിലും ഹമ്പി കളിക്കുവാനർഹത നേടി. 2004, 2008, 2010 വർഷങ്ങളിൽ ഈ പെൺകുട്ടി ലോകചാമ്പ്യൻഷിപ്പ് സെമിഫൈനലിസ്റ്റായിമാറി. 2011ൽ ലോകചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കടന്നുചെന്ന് നിലവിലെ ലോകചാമ്പ്യൻ ഹോയിഫാനെതിരെ വെല്ലുവിളി ഉയർത്തിയെങ്കിലും ഉജ്ജ്വലഫോമിലായിരുന്ന ഹോയിഫാൻ ഹമ്പിയെ കീഴടിക്കി വീണ്ടും വിശ്വജേതാവായി.  

6

ഇന്ന് ഹമ്പി ലോകത്തെ നാലാം നമ്പർ വനിതാ ചെസ്സ് താരമാണ്‌. 2003ൽ അർജ്ജുനാ അവാർഡും 2007ൽ  പദ്മശ്രീയും നൽകിക്കൊണ്ട് രാഷ്ട്രം ഈ അനുപമപ്രതിഭയെ ഭാഗികമായെങ്കിലും തിരിച്ചറിഞ്ഞ് അംഗീകരിക്കുകയുണ്ടായി.

ഗെയിം 1

വൈറ്റ്                                         ബ്ലാക്ക്

കൊണേരു ഹമ്പി                        മയാ ചിബുർദാനിദ്സ്

ഫിഡെ ഗ്രാൻഡ് പ്രീ ടൂർണ്ണമെന്റ് 2011, ദോഹ

നിംസോ ഇന്ത്യൻ പ്രതിരോധം

 
   

71978 മുതൽ 1971 വരെ അനിഷേദ്ധ്യ ലോകവനിതാചെസ്സ്ചാമ്പ്യൻ ആയിരുന്ന മയാ ചിബുർദാനിദ്സിനെ കൊണേരു ഹമ്പി തകർത്തുതരിപ്പണമാക്കുന്നതാണീ ആദ്യ ഗെയിം

1.d4 Nf6 2.c4 e6 3.Nc3 Bb4 4.e3 c5 5.Nge2 cxd4 6.exd4 d5 7.c5!

രാജ്ഞിപക്ഷത്ത് പോൺ ഭൂരിപക്ഷം സൃഷ്ടിക്കുക എന്നതാണ്‌ ഈ നീക്കത്തിന്റെ ഉദ്ദേശ്യം

7...Ne4

ബ്ലാക്കിന്‌ അവലംബിക്കാവുന്ന മറ്റൊരു സജീവ പ്രതിരോധം 1994ൽ ഗ്രാൻഡ്മാസ്റ്റർ വാൾട്ടർ ബ്രൗൺ മൊറോവിച്ചിനെതിര കളിക്കുകയുണ്ടായി: 7...e5 8.dxe5 Ng4 9.e6! 0–0 10.Nd4 Nf6 11.exf7+ Rxf7 12.Be2 Ne4 13.0–0 Bxc3 14.bxc3 Nxc3 15.Qc2 Nxe2+ 16.Qxe2 Nc6! ഇപ്പോൾ ബ്ലാക്കിന്‌ വളരെ തൃപ്തികരമായ അവസ്ഥയാണ്‌ സംജാതമായത്

8.Bd2 Nc6 9.Nxe4 dxe4 10.Bxb4 Nxb4 11.Qa4+

പകരം11.Nc3 എന്ന നീക്കം ബ്ലാക്കിന്‌ തുല്യത പ്രദാനം ചെയ്യും:11.Nc3 f5 12.Bb5+ Bd7 13.0–0 Bxb5= 14.Nxb5 0–0 15.f3 e3=  ബറീവ് - അസീ​‍വ്, റഷ്യൻ ചാമ്പ്യൻഷിപ്പ് 1990

11...Nc6 12.Rd1 Qg5

ഇവിടെ 12...0–0 കളിക്കുന്നതായിരുന്നു അഭികാമ്യം :12...0–0 13.Nc3 e3!? 14.fxe3 Qg5 15.Kf2 Bd7 16.Qc2 b6! 17.Qe4! bxc5 18.dxc5 Be8 19.Bd3 g6 20.Qf4 Qxc5 21.Ne4 Qe5 22.Rhf1 Rb8 =

13.g3 e3

2006ൽ ഇലൂഷിനും ആന്ദ്രെക്കിനും തമ്മിൽ കളിച്ച കളിയിൽ ബ്ലാക്ക് അവലംബിച്ച് രീതിയായിരുന്നു ഇവിടെ ചിബുർദാനിദ്സിന്‌ കളിച്ചുനോക്കാമായിരുന്നത്: 13...Bd7 14.Qb3 Qd5 15.Nc3 Qxb3 16.axb3 f5 17.Bc4 e5 18.Nb5 exd4 19.Nxd4 Ne5 20.Be2 Rc8 21.Nxf5 Bxf5 22.Rd5 . .ഇപ്രകാരം വന്നെത്തുന്ന പൊസിഷനിൽ 22...Ke7  ബ്ലാക്കിന്‌ സമനിലക്കുള്ള സാദ്ധ്യത നിലനിർത്തും

14.fxe3 Qxe3 15.Bg2 Bd7 16.Qc4!

തനിക്ക് കാസ്ലിങ്ങ് സാദ്ധ്യമാക്കാനും എതിരാളിയുടെ ക്വീനിനെ e3ൽ നിന്നും ഓടിക്കുവാനും തയ്യാറെടുക്കുന്ന മികച്ച നീക്കം

16...0–0 17.Rd3 Qh6 18.0–0 Rab8 19.b4 e5 20.d5 e4?

ഇതിന്‌ പകരം 20...Ne7 21.Nc3 Kh8 22.Re1 Rfc8 23.d6 വൈറ്റിനെ അനായാസവിജയത്തിലേക്ക് നയിക്കും

21.Qxe4 Rbe8

8

22.dxc6!! Bxc6

22...Rxe4 കളിച്ചാൽ 23.cxd7! +-

23.Qg4 Bb5 24.Nf4 Bxd3 25.Nxd3 Qe3+ 26.Nf2

റൂക്കിനുപകരം 2 ചെറുകരുക്കളും രാജ്ഞിപക്ഷത്തെ  മികച്ച പോൺ ഘടനയും കൊണേരു ഹമ്പിയുടെ ജയം സുനിശ്ചിതമാക്കുന്നു.

26...Re7 27.Qf4 Qa3 28.Qc4 Rd8 29.b5 Rd2 30.c6 bxc6 31.bxc6 Qa5 32.a4 h6 33.Ne4 Qb6+ 34.Kh1 Rd4 35.Qc2 Qa5 36.Rb1 36...g6 37.h4 Kg7 38.Qc5 Qxc5 39.Nxc5 Rc4 40.Nb7 Re3

40...Rxa4 കളിച്ചാൽ 41.Rc1 Rc7 42.Nd6 Kf8 43.Nb5 Rc8 44.c7 +-

41. Nd6 Rc5 42.Rb7 1–0

രണ്ടാമത്തെ ഗെയിമിൽ ഹമ്പിയുടെ ശക്തമായ കരുനീക്കങ്ങൾക്ക് മുന്നിൽ മുട്ടുകുത്തുന്നത് ഒരുകാലത്ത് ലോകചെസ്സിനെ അടക്കിവാണിരുന്ന സാക്ഷാൽ അനത്തോളി കാർപ്പോവ് തന്നെയാണ്‌. 1975 മുതൽ1985 വരെ ലോകകിരീടം ചൂടിയ കാർപ്പോവിനെ ചരിത്രം കണ്ട ഏറ്റവും മികച്ച ചെസ്സ് പ്രതിഭ എന്ന്‌ വിലയിരുത്തുന്നവരുണ്ട്.

2006ൽ മെഡിറ്ററേനിയൻ തീരത്തുള്ള ഫ്രഞ്ച് സുഖവാസകേന്ദ്രമായ കാപ് ദാഗ്ദിൽ നടന്ന അതിശക്തമായ അന്തർദേശീയ റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിന്റെ നോക്ക് ഔട്ട് ഘട്ടത്തിലായിരുന്നു ഹമ്പി തുടർച്ചയായ 2 ഗെയുമുകളിൽ കാർപ്പോവിനെ പരാജയപ്പെടുത്തിയത്.

ഗെയിം 2

വൈറ്റ്                                         ബ്ലാക്ക്

കൊണേരു ഹമ്പി                        അനത്തോളി കാർപ്പോവ്

ഫിഡെ ഗ്രാൻഡ് പ്രീ ടൂർണ്ണമെന്റ് 2006, കാപ് ദാഗ്ദ്

സ്ലാവ് പ്രതിരോധം

9
   

1.d4 Nf6 2.Nf3 e6 3.c4 d5 4.Nc3 c6 5.e3 Nbd7 6.Bd3 dxc4 7.Bxc4 b5 8.Bd3 Bb7 9.0–0 a6 10.e4 c5 11.d5 Qc7 12.dxe6 fxe6 13.Bc2 c4 14.Ng5 Qc6 15.Qf3 h6 16.Qh3 Nc5 17.Be3 Bc8 18.e5 hxg5 19.Qxh8 Bb7 20.f3 Nfd7 21.Bxg5 Nxe5 22.Rad1 Nf7 23.Bg6 Nd3 24.Qh5 Nde5 25.Be4 Qc5+ 26.Kh1 g6 27.Qh4 Bc6 28.Bxc6+ Qxc6 29.Ne4 Bg7 30.Bf6 Kf8 31.Bxg7+ Kxg7 32.Qf6+ Kg8 33.Rd4 Rf8 34.Rfd1 Kh7 35.Ng5+ Kg8 36.Nxe6 1–0

10

 

ഗാരി കാസ്പറോവ്; ആയിരം കണ്ണുകളുടെ ഉടമ തിരിച്ചുവരുന്നു പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നൽകുന്നു.

11

 

 1. Kg1!    g3
 2. Kg2!    b6/b5
 3. Kxg3! #

തെരഞ്ഞെടുത്ത വിജയി: എം. അനൂപ് മേനോന്‍, തൃശൂര്‍

 പ്രശ്നോത്തരമൽസരം 15

12

ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ മൂന്നാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 24/09/2017 ന് അവസാനിക്കും

ചെസ്സ് കളിക്കൂ​

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍