'ആയിരം കണ്ണുകള്‍ കൊണ്ട് ചെസ്സ് ബോര്‍ഡില്‍ എല്ലാം കാണുന്നവന്‍.' 20 വര്‍ഷം തുടച്ചയായി ലോകചെസ്സിന്റെ ചക്രവര്‍ത്തിയായി വിരാജിച്ച അസാമാന്യപ്രതിഭ. സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊണ്ട് സ്‌പോര്‍ട്‌സ് പ്രേമികളെ സ്തബ്ദനാക്കിയ വിശ്വജേതാവ്. ലോക ഒന്നാം നംബര്‍ താരമായിരിക്കെ പ്രൊഫഷണല്‍ ചെസ്സിനോട് വിട പറഞ്ഞ് ആരാധകരെ ദുഖത്തിലാഴ്ത്തിയ ചെസ്സ് ഇതിഹാസ പുരുഷന്‍ - ഗാരി കാസ്പറോവ്.
 
Gary Kasparovകടല്‍നിരപ്പിന് 92 അടി താഴെ സ്ഥിതി ചെയ്യുന്ന ബാക്കു നഗരത്തില്‍ 1963 ഏപ്രില്‍ 13 ന് ജനിച്ച ഗാരിക് കിമോവിച്ച് വെയിന്‍സ്റ്റെയിന്‍ ആകാശത്തോളം ഉയര്‍ന്ന് 1985 ല്‍ വെറും 22-ാം വയസ്സില്‍ തന്റെ ശിരസില്‍ വിശ്വകിരീടം അണിഞ്ഞു. 1986 മുതല്‍ 2005 വരെയുള്ള കാലയളവിലെ 228 മാസങ്ങളില്‍ 225 ലും ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി കാസ്പറോവ്.
 
 
ആദ്യ കരുനീക്കങ്ങള്‍ പിതാവില്‍ നിന്ന്
 
ഗാരിയുടെ പിതാവ് കിം, ജൂതനും അമ്മ ക്ലാര അര്‍മേനിയന്‍ വംശജയുമായിരുന്നു. തന്റെ അഞ്ചാം വയസില്‍ പിതാവില്‍ നിന്നും ആദ്യ കരുനീക്കങ്ങള്‍ പഠിച്ച ഗാരി ആറാം വയസില്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്ന ഒരു ചെസ്സ് പ്രശ്‌നത്തിന്റെ ഉത്തരം കണ്ടുപിടിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. 
 
ഗാരിയുടെ ഏഴാം വയസ്സില്‍ പിതാവ് ലൂക്കീമിയ മൂലം മരണമടഞ്ഞു. മകന്റെ മനസ്സില്‍ ആരോഗ്യത്തോടെയുള്ള പിതാവിന്റെ രൂപം നിലനില്‍ക്കട്ടെ എന്നാശിച്ച കിം ഗാരിയെ തന്റെ മരണശയ്യക്കരികിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ക്ലാരയെ വിലക്കി എന്ന് കാസ്പറോവ് തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
 
മകന്റെ ചെസ്സിലെ പ്രാഗല്‍ഭ്യം മനസ്സിലാക്കിയ ക്ലാര അതിനുള്ള സാഹചര്യങ്ങള്‍ ഗാരിക്കായി ഒരുക്കി. കരുത്തുറ്റ ആ മാതാവിന്റെ ദൃഢനിശ്ചയവും ആത്മാര്‍പ്പണവുമാണ് ഗാരി കാസ്പറോവിനെ ലോകത്തിന്റെ കൊടുമുടിയിലേക്കെത്തിച്ചത് എന്ന് പറയാം.
 
ചരിത്രത്തിലെ എക്കാലത്തേയും മികച്ച ചെസ്സ് ചാമ്പ്യന്മാരായി ആഘോഷിക്കപ്പെടുന്ന ഗാരി കാസ്പറോവിന്റേയും ബോബി ഫിഷറുടേയും ജീവിത പശ്ചാത്തലങ്ങളില്‍ കൗതുകകരങ്ങളായ ചില സമാനതകള്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. ജൂതവംശജര്‍, പിതാവില്ലാത്ത ബാല്യം, മാതാവിന്റെ നിര്‍ണ്ണായക പങ്ക്, വേട്ടയാടപ്പെടല്‍, വിട്ടുവീഴ്ച്ചയില്ലാത്ത വ്യക്തിഗതപോരാട്ടങ്ങള്‍ എന്നിവ എടുത്തുപറയേണ്ടിയിരിക്കുന്നു.
 
ലോകചാമ്പ്യനാവുക എന്ന സ്വപ്‌നം
 
ഏഴാം വയസില്‍ ചെസ്സ് പരിശീലനം തുടങ്ങിയ ഗാരി പത്താം വയസില്‍ മുന്‍ ലോകചെസ്സ്ചാമ്പ്യനും ആധുനിക സോവിയറ്റ് ചെസ്സിന്റെ പിതാവുമായ മിഖായേല്‍ ബോട്‌വിനിക്കിന്റെ ചെസ്സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായി. വ്‌ളാദിമിര്‍ മകാഗ്നോവ് എന്ന പരിശീലകനാണ് ഗാരിയെ വളര്‍ച്ചയുടെ ആദ്യപടവുകള്‍ ചവുട്ടിക്കയറാനുള്ള മാര്‍ഗ്ഗദര്‍ശിത്വം നല്‍കിയത്. അലക്‌സാണ്ടര്‍ ഷക്കാറോവ് ആയിരുന്നു അടുത്ത ഗുരുനാഥന്‍. 1976 ലും 1977 ലും സോവിയറ്റ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ വിജയിച്ചത് ഒരു പുത്തന്‍ താരോദയത്തിന്റെ വിളംബരമായി.
 
1978 ല്‍ ബെലാറുസിന്റെ തലസ്ഥാന നഗരിയായ മിന്‍സ്‌കില്‍ നടന്ന സോക്കോള്‍സ്‌കി മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റില്‍ ഈ ബാലപ്രതിഭ പ്രത്യേക ക്ഷണിതാവായി. പരിചയസമ്പന്നനും ഉയര്‍ന്ന റേറ്റിങ്ങുമുള്ള എതിരാളികളെ വീഴ്ത്തി പതിനഞ്ചുകാരനായ ഗാരി കിരീടം ചൂടി. തന്റെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി കാസ്പറോവ് ഈ വിജയത്തെ സ്വയം വിലയിരുത്തുന്നു. 
 
അന്ന് മുതല്‍ ലോകചാമ്പ്യനാവുക എന്നതായിരുന്നു ഗാരിയുടെ സ്വപ്നം. (വലിയ സ്വപ്നങ്ങള്‍ കാണുന്നവരെ ഉയരങ്ങളിലേക്കെത്തൂ എന്ന് കേരളത്തിലെ ചെസ്സ് കളിക്കാരായ കുട്ടികള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്. ചെറിയ റേറ്റിങ്ങ് വര്‍ദ്ധനകളിലും സമ്മാനങ്ങളിലും സമ്മാനത്തുകകളിലും തളയ്ക്കപ്പെടേണ്ടതല്ല അവരുടെ പ്രതിഭ എന്ന് അവരും രക്ഷിതാക്കളും മനസ്സിലാക്കണം).
 
Gary64 കരുത്തന്മാര്‍ മാറ്റുരച്ച യോഗ്യതാ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ഗാരി സോവിയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. അടുത്ത വര്‍ഷം യൂഗോസ്ലാവിയയില്‍ നടന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റ് വിജയിച്ചതോടെ ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പതിനേഴാം വയസ്സില്‍ ലോക ജൂനിയര്‍ കിരീടവും സോവിയറ്റ് ഒളിമ്പ്യാഡ് സീനിയര്‍ ടീമില്‍ അംഗത്വവും കൈക്കലാക്കിയ കാസ്പറോവില്‍ അതോടെ ഒരു ഭാവിലോകചാമ്പ്യനെ ചെസ്സ്‌ലോകം ദര്‍ശിക്കാന്‍ തുടങ്ങി.
 
പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യന്‍
 
1982  മോസ്‌കോ ഇന്റര്‍സോണല്‍ ടൂര്‍ണ്ണമെന്റ് ജയിച്ച കാസ്പറോവ് ലോക രണ്ടാം നമ്പര്‍ താരമായി. കാന്‍ഡിഡേറ്റ്‌സ് മല്‍സരങ്ങളില്‍ പ്രഗല്‍ഭരായ അലക്‌സാണ്ടര്‍ ബെല്ല്യാവ്‌സ്‌കിയെ ക്വാര്‍ട്ടര്‍ ഫൈനലിലും (6-3) സെമിഫൈനലില്‍ വിക്ടര്‍ കോര്‍ച്‌നോയിയേയും (7-4) മുട്ടുകുത്തിച്ച് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ലോകചാമ്പ്യന്‍ അനത്തോളി കാര്‍പ്പോവിന്റെ ചാലഞ്ചര്‍ ആയിമാറി കാസ്പറോവ്. ഈ വിജയങ്ങള്‍ ഫിഡെ റേറ്റിങ്ങില്‍ കാര്‍പ്പോവിനെ രണ്ടാം സ്ഥനത്തേക്ക് പിന്തള്ളി കാസ്പാറോവിനെ ലോക ഒന്നാം നംബര്‍ താരമാക്കി മാറ്റി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക നമ്പര്‍ വണ്‍ ചെസ്സ് താരം !
 
അക്ഷോഭ്യനായി യന്ത്രതുല്യമായ പൂര്‍ണ്ണതയോടെ ചെറിയ തെറ്റ് പോലും വരുത്താതെ ചെസ്സ് കളിക്കുന്ന പരിചയസമ്പന്നനായ കാര്‍പ്പോവും ഷെല്ലിയുടെ പടിഞ്ഞാറന്‍ കാറ്റിന്റെ വന്യമായ ഊര്‍ജ്ജത്തോടെ ആഞ്ഞടിക്കുന്ന തീഷ്ണയവ്വനത്തിന്റേയും സര്‍ഗ്ഗത്മക ഊര്‍ജ്ജത്തിന്റേയും ഉടമയായ കാസ്പറോവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചെസ്സ് ലോകത്തുടനീളം ആവേശത്തിന്റെ അലമാലകളുയര്‍ത്തി
 

Gary

 
ആദ്യം ആര് ആറ് കളികള്‍ ജയിക്കുന്നുവോ അയാളായിരിക്കും അടുത്ത ലോക ചെസ്സ് ചാമ്പ്യന്‍. വെറും 9 കളികള്‍ തീര്‍ന്നപ്പോള്‍ അപരാജിതനായ കാര്‍പ്പോവ് 4-0 എന്ന മൃഗീയമായ ലീഡ് കരസ്ഥമാക്കി. പിന്നെ നടന്ന കടുത്ത പോരാട്ടത്തില്‍ സംഭവിച്ചത് തുടര്‍ച്ചയായ 17 സമനിലകള്‍. ഗെയിം 27  വീണ്ടും കാസ്പറോവ് പരാജയം രുചിച്ചതോടെ കാര്‍പ്പോവ് 5-0 എന്ന സ്‌കോറിലെത്തി. കിരീടം ഒരു ജയം അകലെ മാത്രം. 
 
പിന്നീട് നടന്നത് തിരിച്ചടിയുടെ അവിശ്വസനീയമായ വീരഗാഥയായിരുന്നു. അഞ്ച് സമനിലകള്‍ കൂടി നേടിയശേഷം കാസ്പറോവ് തന്റെ ആദ്യജയം കരസ്ഥമാക്കി. സ്‌കോര്‍ 1-5. വീണ്ടും തുടര്‍ച്ചയായ 14 സമനിലകള്‍. അതിനു ശേഷം 47 ഉം 48 ഉം ഗെയിമുകള്‍ ജയിച്ച് കാസ്പറോവ് മല്‍സരത്തിന്റെ ഗതി 3-5 ല്‍ എത്തിച്ചു. 
 
പെട്ടെന്ന് ലോകചെസ്സ്‌ഫെഡറേഷന്‍ പ്രസിഡന്റ് കാമ്പോമാനെസ് ലോകചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ചെസ്സ് ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. കാര്‍പ്പോവും കാസ്പറോവും പ്രസ്തുത തീരുമാനത്തെ എതിര്‍ത്തെങ്കിലും കളിക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥയാണ് തന്റെ താല്പ്പര്യമെന്ന് പറഞ്ഞ് കാമ്പോമാനെസ് തീരുമാനത്തില്‍ ഉറച്ചുനിന്നു. പുതിയ മല്‍സരം പിന്നീട് നടത്തുന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 
1985 ല്‍ മോസ്‌കോയില്‍ പുതിയ വ്യവസ്ഥകളോടെ ഇതേ പ്രതിയോഗികള്‍ ലോകകിരീടത്തിനായി വീണ്ടും ഏറ്റുമുട്ടി. തീപാറുന്ന പോരാട്ടത്തില്‍ 13-11 എന്ന സ്‌കോറിന് കാര്‍പ്പോവിനെ കീഴടക്കി കാസ്പറോവ് തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യന്‍ എന്ന അപൂര്‍വ്വ ബഹുമതിക്കര്‍ഹനായി. 
 
1986 ല്‍ കാര്‍പ്പോവ് കാസ്പറോവിനെതിരെ വീണ്ടും ലോകകിരീടത്തിനായി പൊരുതി. നേരിയ വ്യത്യാസത്തില്‍ കാസ്പറോവ് തന്റെ സിംഹാസനം നിലനിര്‍ത്തി (12 1/2-11 1/2).
 

Gary

 
ഫീനിക്‌സിനേപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് 36 കാരനായ കാര്‍പ്പോവ് അടുത്ത വര്‍ഷവും ലോകചാമ്പ്യന്‍ഷിപ്പ് ചാലഞ്ചറായി ഗോദയിലെത്തി. ഉജ്ജ്വലമായ പ്രകടനം കാഴ്ച്ചവെച്ച് കാസ്പറോവിനെ വിറപ്പിച്ച കാര്‍പ്പോവ് 23 ഗെയിമുകള്‍ പൂര്‍ത്തിയായതോടെ 12-11 എന്ന സ്‌കോറിന് മുന്നിലെത്തി. അവസാന ഗെയിം ജയിച്ചില്ലെങ്കില്‍ കാസ്പറോവിന്റെ കിരീടം നഷ്ടമാകും എന്ന അവസ്ഥ. നിര്‍ണ്ണായകഗെയിമില്‍ കാര്‍പ്പോവിന് സംഭവിച്ച അബദ്ധത്തിലൂടെ ഒരു പോണ്‍ ലാഭം നേടിയ കാസ്പറോവ് നീണ്ടൊരു എന്‍ഡ് ഗെയിമിലൂടെ ജയം നേടിയെടുത്ത് ലോകകിരീടം നിലനിര്‍ത്തി.
 
64 കളങ്ങള്‍ക്കകത്തെ തീവ്ര പോരാട്ടങ്ങള്‍
 
ജീവിതത്തിലുടനീളം 64 കളങ്ങള്‍ക്കകത്തും പുറത്തും തീവ്രപോരാട്ടങ്ങള്‍ നടത്തിയ കാസ്പറോവ് ലോകചെസ്സ് സംഘടനയുടെ തെറ്റായ നടപടികള്‍ക്കെതിരെ ധീരമായി പ്രതികരിച്ചു. ഫിഡെക്ക് ബദലായി ജി.എം.എ (ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍), പി.സി.എ (പ്രൊഫഷണല്‍ ചെസ്സ് അസോസിയേഷന്‍) എന്നീ സമാന്തര സംഘടനകള്‍ രൂപീകരിച്ച് സമാന്തര ലോകചെസ്സ്ചാമ്പ്യന്‍ഷിപ്പുകള്‍ കാസ്പറോവ് വിജയകരമായി സംഘടിപ്പിച്ചു.
 
1993 ല്‍ ബ്രിട്ടന്റെ നൈജല്‍ ഷോര്‍ട്ടിനേയും 1995 ല്‍ നമ്മുടെ വിശ്വനാഥന്‍ ആനന്ദിനേയും പരാജയപ്പെടുത്തിക്കൊണ്ട് കാസ്പറോവ് ലോകചാമ്പ്യനായി നിലകൊണ്ടു.
  
അജയ്യനെന്ന് തോന്നിച്ചിരുന്ന ചാമ്പ്യന്റെ ഞെട്ടിപ്പിക്കുന്ന പതനമാണ് പുതിയ സഹസ്രാബ്ദത്തിന്റെ പിറവി കണ്ടത്. തന്റെ മുന്‍ശിഷ്യനും കൂട്ടാളിയുമായി നടന്ന 25 കാരന്‍ റഷ്യന്‍ ചെസ്സ്പ്രതിഭ വ്‌ളാദിമിര്‍ ക്രാംനിക്ക് 8.5-6.5 എന്ന സ്‌കോറിന് കാസ്പറോവിനെ വീഴ്ത്തി 2000 ല്‍ വിശ്വകിരീടജേതാവായി.
 
ഒന്നാമനായി വിടപറയുന്നു
 
അപ്രതീക്ഷിതായ ഈ തോല്‍വി കാസ്പറോവിന്റെ ചിറകരിഞ്ഞില്ല. ലോകമെമ്പാടുമുള്ള പ്രബലമായ ടൂര്‍ണ്ണമെന്റുകള്‍ അദ്ദേഹം ജയിച്ചുകൊണ്ടിരിന്നു. പക്ഷെ വീണ്ടുമൊരു ലോകചാമ്പ്യഷിപ്പ് മല്‍സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരം പല കാരണങ്ങള്‍ കൊണ്ടും അദ്ദേഹത്തിനു ലഭിച്ചില്ല. 
 
അപ്രകാരം ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കവേ, അതിശക്തമായ ലിനാറസ് ടൂര്‍ണ്ണമെന്റില്‍ ജേതാവായ ശേഷം 2005 മാര്‍ച്ച് 10ന് താന്‍ പ്രൊഫഷണല്‍ ചെസ്സില്‍ നിന്നും വിരമിക്കുകയാണ് എന്ന് ലോകത്തോട് പ്രഖ്യാപിച്ചു. സമാന്തര ലോകചെസ്സ്ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും ചെസ്സില്‍ നേടുവാനായി കൂടുതല്‍ ഉയര്‍ന്ന വ്യക്തിഗതസ്വപ്നങ്ങളുടെ അഭാവവും ആണ് തന്റെ ഈ തീരുമാനത്തിന്റെ പിറകില്‍ എന്നാണ് അദ്ദേഹം വിശദീകരിച്ചത്. 
 
ഗാരി കാസ്പറൊവിനെ മറ്റ് ലോകചെസ്സ്ചാമ്പ്യന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ ബഹുമുഖപ്രതിഭയാണ്. അസാമാന്യ കായികക്ഷമതയുടെ ഉടമ, മികച്ച ഫുട്‌ബോളര്‍, ഒന്നാംതരം വാഗ്മി, ഗ്രന്ഥകര്‍ത്താവ്, പല ഭാഷകളിലും പ്രവീണന്‍, പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ്- ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍.
 
പല കായികതാരങ്ങളേയും പോലെ അരാഷ്ട്രീയവാദത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഉള്‍വലിയുന്ന നിസ്സംഗനല്ല കാസ്പറോവ്. തിക്താനുഭവങ്ങളുടെ തീച്ചൂളയില്‍ കുരുത്ത കരുത്തനായ പോരാളിയാണദ്ദേഹം. 
 
കാസ്പറോവും റഷ്യന്‍ രാഷ്ട്രീയവും
 
1984 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി മാറിയ അദ്ദേഹം 1987 ല്‍ കമ്യൂണിസ്റ്റ് യൂണിയന്‍ ഓഫ് യൂത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി ഉയര്‍ന്നു. പക്ഷെ 1990 ല്‍ അസര്‍ബൈജാനില്‍ ആര്‍മീനിയന്‍ വംശജര്‍ക്കെതിരെ ആസൂത്രിത വേട്ട നടന്നപ്പോള്‍ വാടകവിമാനത്തില്‍ മോസ്‌കോയില്‍ കടുംബസമേതം അഭയം തേടിയ കാസ്പറോവ് പ്രതിഷേധസൂചകമായി പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു.
 
1990 ല്‍ റഷ്യയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യ എന്ന കമ്യൂണിസ്റ്റ് വിരുദ്ധപാര്‍ട്ടി രൂപീകരിക്കുന്നതില്‍ കാസ്പറോവ് പ്രധാന പങ്ക് വഹിക്കുകയുണ്ടായി.
 
1991 ല്‍ ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് അമേരിക്കന്‍ സംഘടനയായ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസി അദ്ദേഹതിന് 'ദി കീപ്പര്‍ ഓഫ് ദി ഫ്‌ളെയിം'' അവാര്‍ഡ് സമ്മാനിച്ചു.
 
ചെസ്സില്‍ നിന്നും വിരമിച്ച കാസ്പറോവ് സജീവരാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ജനാധിപത്യത്തേയും നിയമവ്യവസ്ഥയേയും തിരികെക്കൊണ്ടുവരിക എന്ന മുദ്രാവാക്യം ഉയര്‍ത്തി 'യുണൈറ്റഡ് സിവില്‍ ഫ്രണ്ട്' എന്ന പുതിയ രാഷ്ട്രീയകക്ഷി അദ്ദേഹം രൂപീകരിച്ചു. പിന്നീട് റഷ്യന്‍ പ്രസിഡണ്ട് പുടിനെതിരെ 'ദി അദര്‍ റഷ്യ' എന്നൊരു മുന്നണിയും രൂപീകരിച്ചു. 
 

1

 
2007 ല്‍ മാര്‍ച്ചിലും ഏപ്രിലിലും സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗിലും മോസ്‌കോയിലും പുടിനെതിരെ കാസ്പറോവ് ബഹുജനപ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. മോസ്‌കോ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 10 മണിക്കൂര്‍ തടവില്‍ വെച്ച ശേഷം വിട്ടയച്ചു. പല വേളകളിലും ചോദ്യംചെയ്യലുകള്‍ക്കും എതിരാളികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ള്‍ക്കും അദ്ദേഹം വിധേയനായി. 
 
പുടിനെതിരെയുള്ള കാസ്പറോവിന്റെ കടന്നാക്രമണങ്ങള്‍ മൂലം കാസ്പറോവിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് കെജിബി തലവന്‍ സൂചിപ്പിച്ചു. റഷ്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. എങ്കിലും പുടിനെതിരെയുള്ള പോരാട്ടങ്ങള്‍ ഇന്നും കാസ്പറോവ് തുടരുന്നു.
 

2

 
2013 ലെ സിറിയന്‍ യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും കൈക്കൊണ്ട നിലപാടുകളെ അബദ്ധജടിലമെന്ന് കാസ്പറോവ് വിമര്‍ശിച്ചു. സോച്ചി ഒളിമ്പിക്‌സ് പുടിന്റെ ശിങ്കിടികള്‍ക്ക് സാമ്പത്തികതട്ടിപ്പ് നടത്താനുള്ള വേദിയാണെന്നും ആ ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. കാസ്പറോവിന്റെ വെബ്‌സൈറ്റ് ഒരിക്കല്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. മറ്റൊരവസരത്തില്‍ അദ്ദേഹത്തിന് പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചത് ''വംശീയചായ്‌വുകളും സ്വേഛാധിപത്യനിലപാടുകളുമുള്ള ഒരു സെലിബ്രിറ്റി ഷോമാന്‍'' എന്നായിരുന്നു.
 
ഊര്‍ജ്ജം പ്രസരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായ കാസ്പാറോവ് അതേ ഊര്‍ജ്ജം തന്റെ കരുനീക്കങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തന്നെ ഏറ്റവും സ്വാധീച്ചത് ആലഖൈനും താലും ഫിഷറുമാണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. പരമ്പരാഗത ചെസ്സ് ചിന്താരീതികളെ വര്‍ജ്ജിക്കുന്ന കാസ്പറോവ് ചലനാത്മകവും സജീവവുമായ രീതിശാസ്ത്രത്തിലൂടെ ചെസ്സിനെ സമീപിക്കുന്നു. 
 
അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്പര്‍ശത്താല്‍ 64 കളങ്ങളില്‍ 32 കരുക്കള്‍ക്ക് അത്ഭുതകരമായ ചൈതന്യവും അക്രമണോല്‍സുകതയും കൈവന്നു. ചെസ്സ് പ്രേമികളെ സ്തബ്ദരാക്കുന്ന അപ്രതീക്ഷിത കരുനീക്കങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ഗെയിമുകളും ചെസ്സ്‌ബോര്‍ഡില്‍ പിറവിയെടുക്കുന്നു.
 
വേട്ടയാടാന്‍ വീണ്ടും കളത്തിലേക്ക് 
 
12 വര്‍ഷങ്ങള്‍ക്ക്‌ശേഷം കാസ്പറോവ് പ്രൊഫഷണല്‍ ചെസ്സിലേക്കിതാ തിരിച്ചുവരുന്നു. അമേരിക്കയിലെ മിസോറിയില്‍ മിസിസിപ്പി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന സെയിന്റ് ലൂയീ നഗരത്തില്‍ ഈ വരുന്ന ഓഗസ്റ്റ് 14 മുതല്‍ 17 വരെ നടക്കുന്ന അതിശക്തമായ സിങ്ക്വെഫീല്‍ഡ് കപ്പ് അന്തര്‍ദേശീയ ചെസ്സ് ടൂര്‍ണ്ണമെന്റിലെ റാപ്പിഡ്, ബ്ലിറ്റ്‌സ് മല്‍സരവിഭാഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക. 
 
വിശ്വനാഥന്‍ ആനന്ദ്, സെര്‍ജി കറിയാക്കിന്‍, ഫാബിയാനോ കരുവാന, ലെവ് അറോണിയന്‍, ഹിക്കാരു നക്കാമുറ, ഡേവിഡ് നവാര, ലെ ക്വാങ്ങ് ലീം, ലെനിയര്‍ ഡൊമിംഗ്വസ് എന്നിവരോടൊപ്പമാണ് കാസ്പറോവ് തന്റെ തിരിച്ചുവരവ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്. ചെസ്സിന്റെ  ഏറ്റവും ഗൗരവരൂപമായ ക്ലാസിക്കല്‍ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ കാസ്പറോവ് പങ്കെടുക്കുന്നില്ലാ എന്നതും പ്രസ്തുത ക്ലാസിക്കല്‍ ടൂര്‍ണ്ണമെന്റില്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍ പങ്കെടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 
 
എന്നിരിക്കിലും കാസ്പറോവിന്റെ കരുനീക്കങ്ങള്‍ക്കായി സെയിന്റ് ലൂയിയും ചെസ്സ് ലോകവും കാത്തിരിക്കുന്നു. ആസ്വാദകര്‍ക്ക് ഹരം പകര്‍ന്ന നിരവധി ഗെയിമുകള്‍ ഗാരികാസ്പറോവ് കളിച്ചിട്ടുണ്ടെങ്കിലും താഴെ നല്‍കുന്ന ഗെയിം അതിലെ ഒരു അമൂല്യരത്‌നം തന്നെയാണ്.
 
ഗെയിം 1
 
വൈറ്റ് ബ്ലാക്ക്
കാസ്പറോവ് വെസെലിന്‍ ടോപലോവ്
വിയക്ക് ആന്‍ സീ ടൂര്‍ണ്ണമെന്റ് 1999 
 
1.e4 d6 
 
സ്ഥിരം സിസിലിയന്‍ പ്രതിരോധം അവലംബിക്കാറുള്ള ടോപലോവ് കാസ്പറോവിനെതിരെ പിര്‍ക് പ്രതിരോധം പ്രയോഗിക്കുന്നു
 
2.d4 Nf6 3.Nc3 g6 4.Be3 Bg7 5.Qd2 c6 6.f3 b5 7.Nge2 Nbd7 8.Bh6 Bxh6 9.Qxh6 Bb7 
10.a3e5 11.0–0–0 Qe7 12.Kb1 a6 13.Nc1 0–0–0 14.Nb3 exd4! 15.Rxd4 c5 16.Rd1 Nb6! 17.g3 
Kb8 18.Na5 Ba8 19.Bh3 d5 20.Qf4+ Ka7 21.Rhe1 d4 
 
21...dxe4? 22.fxe4± …Rhe8 23.Nd5
 
22.Nd5 Nbxd5 23.exd5 Qd6 
 

A

 
 
24.Rxd4!! 
 
സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ യുദ്ധക്കളത്തില്‍ കാസ്പറോവിനേപ്പോലൊരു പ്രതിഭാശാലി കണക്കുകൂട്ടലുകള്‍ നടത്തുന്ന യന്ത്രമനുഷ്യനല്ല മറിച്ച് തന്റെ ഭാവനയേയും അന്തര്‍ജ്ഞാനത്തേയും വിന്യസിക്കുന്ന ഒരു കലാകാരനാണ്. 
അദ്ദേഹത്തിന്റെ അതിമനോഹരമായ കഴിഞ്ഞനീക്കത്തില്‍ പ്രകാശിക്കപ്പെടാതെ പോയ നിരവധി സുന്ദരസാദ്ധ്യതകള്‍ ഒളിഞ്ഞിരിക്കുന്നു
 
24...Bxd5?! 25.Rxd5! Nxd5 26.Qxf7+ Nc7 27.Re6 Rd7 28.Rxd6 Rxf7 29.Nc6+ Ka8 30.f4²; 
 
24. ... cxd4?
 
ഇത്രയും സമയം കൃത്യമായ പ്രതിരോധവും പ്രത്യാക്രമണവും നടത്തിക്കൊണ്ടിരുന്ന ടോപലോവിന് ഇപ്പോള്‍ അബദ്ധം പിണയുന്നു. 
24...Kb6! 25.Nb3! എന്നതായിരുന്നു ശരിയായ തുടര്‍നീക്കങ്ങള്‍
 

B

 
 
 
 
25.Re7+!! 
 
ഉജ്ജ്വലമായ നീക്കം
 
പകരം 25.Qxd4+? Qb6! 26.Re7+ Nd7 27.Rxd7+ (27.Qc3 Qg1+) 27...Rxd7 28.Qxh8 Rxd5–+ 
ബ്ലാക്കിന് അനുകൂലമാണ്
 
25...Kb6
 
മറ്റ് നീക്കങ്ങളെല്ലാം ബ്ലാക്കിന്റെ അന്ത്യം കുറിക്കുന്നവയാണ്.
 
 a). 25...Qxe7? 26.Qxd4++–; 
 b) 25...Kb8 26.Qxd4! Nd7 27.Bxd7 Bxd5 28.c4! Qxe7 29.Qb6+ Ka8 30.Qxa6+ Kb8 31.Qb6+ Ka8 32.Bc6+! Bxc6 33.Nxc6+–
 
26.Qxd4+ Kxa5 
 
26...Qc5 കളിച്ചാല്‍ 27.Qxf6+ Qd6 28.Be6!! Bxd5 (28...Rhe8 29.b4!+–) 29.b4! Ba8 30.Qxf7 Qd1+ 31.Kb2 Qxf3 32.Bf5+–
 
27.b4+ Ka4 28.Qc3!? 
 
പോസ്റ്റ് മോര്‍ട്ടം വിശകലനത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കവാലക്ക് ഗംഭീരമായൊരു വിജയമാര്‍ഗ്ഗം കണ്ടുപിടിക്കുകയുണ്ടായി
28.Ra7!! 
a). 28. ... Bb7 29.Rxb7 Qxd5 (29...Nxd5 30.Bd7! Rxd7 31.Qb2 Nxb4 32.Rxd7 Qc5 33.Rd4 Rc8 34.Qb3++–) 30.Rb6 a5 (30...Ra8 31.Qxf6 a5 32.Bf1 Rhb8 33.Rd6+–) 31.Ra6 Ra8 32.Qe3!! Rxa6 33.Kb2 axb4 34.axb4 Qa2+ 35.Kxa2 Kxb4+ 36.Kb2 Rc6 37.Bf1 Ra8 38.Qe7+ Ka5 39.Qb7+–
b). 28...Nxd5 29.Rxa6+!! Qxa6 30.Qb2 Nc3+ 31.Qxc3 Bd5 32.Kb2+–; 
c). 28...Bxd5 29.Qc3 Rhe8 30.Kb2 Re2 31.Qc7!+–
 
28...Qxd5 
 
28...Bxd5 29.Kb2+–
 
29.Ra7! 
 
29.Qc7? Qd1+=
 
29...Bb7 30.Rxb7 Qc4 
 
a). 30...Rd6 വിഫലം തന്നെ 31.Rb6!!+–; 
b). ഏറ്റവും നല്ല പ്രതിരോധം 30...Rhe8! 31.Rb6 Ra8 32.Bf1!! Re1+! 
 
31.Qxf6 Kxa3 
 
കുറേക്കൂടെ ഭേദം 31...Rd1+! ആണെങ്കിലും വൈറ്റിന് ജയം നേടാനാകും 32.Kb2 Ra8 33.Qb6! Qd4+ (33...a5 34.Bd7+–) 34.Qxd4 Rxd4 35.Rxf7 (35.Bd7!? Rd2 36.Bc6 f5 37.Rb6 Ra7 38.Be8 Rd4 39.f4 Rc4 40.Bf7 Rxb4+ 41.axb4 Rxf7 42.c3 Ra7 43.Re6+–) 35...a5 36.Be6 axb4 37.Bb3+ Ka5 38.axb4+ Kb6 (38...Rxb4 39.c3+–) 39.Rxh7 Rc8 40.h4+–
 
32.Qxa6+ Kxb4 33.c3+! Kxc3 34.Qa1+ Kd2 
 
34...Kb4 35.Qb2+ Ka5 36.Qa3+ Qa4 37.Ra7++–
 
35.Qb2+ Kd1 
 
പാവം മഹാരാജന്‍ e8ല്‍ നിന്നും യാത്ര തുടങ്ങി d1ല്‍ എത്തിയിരിക്കുന്നു.
 
36.Bf1! Rd2 
 

C

 
 
 
37.Rd7! Rxd7 38.Bxc4 bxc4 39.Qxh8 Rd3 40.Qa8 c3 41.Qa4+ Ke1 42.f4 f5 43.Kc1 Rd2 44.Qa7 1–0
 
 
ഗെയിം 2
 
വൈറ്റ് ബ്ലാക്ക്
കാസ്പറോവ് വാലറി സാലോവ്
ബാര്‍സലോണ 1989
 
1.Nf3 Nf6 2.c4 b6 3.Nc3 c5 4.e4 d6 5.d4 cxd4 6.Nxd4 Bb7 7.Qe2 Nbd7 8.g3 Rc8 
9.Bg2 a6 10.0–0 Qc711.b3 e6 
 

d 12

 
12.Nd5! Qb8 
 
12...exd5 13.exd5+ Kd8 14.Bb2²
 
13.Rd1! g6 
 
a) 13...exd5 14.exd5+ Kd8 15.Nc6+ Bxc6 16.dxc6 Nc5 17.b4±; 
b) 13...e5 14.Nxf6+ Nxf6 15.Nf5 g6 16.Bg5 Nd7 17.Nh6±
 
14.Bg5! Bg7
 
14...exd5 15.exd5+ Be7 16.Nc6 (16.Re1 0–0) 16...Bxc6 17.dxc6 Ne5 18.f4 h6 19.fxe5 dxe5 20.Be3+–
 
15.Bxf6! Nxf6 
 
15...Bxf6? 16.Nxf6+ Nxf6 17.e5! dxe5 18.Bxb7 Qxb7 19.Qxe5 Ke7 20.Nxe6 fxe6 21.Rd6 ‚
 
16.Nxb6 Rd8? 17.e5! Bxg2 
 
17...dxe5 18.Nc6 Bxc6 19.Bxc6+ Ke7 20.c5! Qc7 21.Qxa6 Rxd1+ 22.Rxd1 Qxc6 23.Qa7+ Ke8 24.Nc4+–
 
18.exf6 Bxf6 
 

e13

 
 
 
19.Nxe6! fxe6 20.Qxe6+ Be7 21.c5! Bb7 22.Re1 Qc7 23.c6! Bxc6 24.Rac1 Rd7 25.Nxd7 Qxd7 26.Qc4! Bb7 
 
26...Bb5 27.Qc8++–
 
27.Qc7 Rf8 
 
27...Bd5 28.Qb8+ Kf7 29.Qxh8 Qh3 30.Rxe7+! Kxe7 31.Rc7+ Ke6 32.Qc8++–
 
28.Qb8+ Kf7 
 

f 14

 
 
29.Rc7! 1–0
 
 
ഗെയിം 3
 
വൈറ്റ് ബ്ലാക്ക്
കാസ്പറോവ് അലക്‌സി ഷിറോവ്
ഫുജിറ്റ്‌സു സീമെന്‍സ് ജയന്റ്‌സ് ടൂര്‍ണ്ണമെന്റ് 2000
 
1.e4 e6 2.d4 d5 3.Nc3 Nf6 4.Bg5 dxe4 5.Nxe4 Nbd7 6.Nf3 Be7 7.Nxf6+ Bxf6 8.h4 0–0 9.Bd3 c5 10.Qe2!? cxd4 11.Qe4 g6 12.0–0–0 Qa5!? 13.Bxf6 Nxf6 14.Qxd4² Nh5 15.a3 Rd8 16.Qe3 Bd7 
17.g4 Nf6 18.Qf4! Nd519.Qh6 Nf6 20.Ng5! Bc6 
 

g 15

 
21.Bxg6!‚ hxg6?! 
 
ഷിറോവിന്റെ പ്രതിരോധം പിഴക്കുന്നു
21...fxg6!? കളിക്കുന്നതായിരുന്നു ശരിയായ പ്രതിരോധം. എങ്കിലും വൈറ്റ് ശക്തമായ ആക്രമണം നിലനിര്‍ത്തും 22.Nxe6 Rxd1+ 23.Rxd1 Kf7 24.Ng5+ Kg8 25.h5! Qc7 26.hxg6 hxg6 27.Qxg6+ Qg7 28.Qf5ƒ 

h 16

 
22.Nxe6! fxe6 23.Qxg6+ Kh8 24.Qxf6+ Kh7 25.Rhe1± Rxd1+ 26.Rxd1 Qc5 
 
26...Rg8 27.g5 Rg6 28.Qf7+ Rg7 29.Qxe6±
 
27.g5 Rf8 28.Qh6+ Kg8 29.Qxe6+ Kg7 30.Qh6+?! 
 
30.Rd6!+– ആയിരുന്നു കൃത്യമായ നീക്കം
 
30...Kg8 
 
30...Kf7 Ifn¨m 31.g6+ Ke7 32.Qg7+ Ke8 33.Qc7!+–
 
31.Qg6+ Kh8 32.Qh6+ Kg8 33.Qe6+ Kg7? 34.Rd6!+– Be8 
 
a) 34...Rxf2 35.Qe7+ Rf7 36.Rg6+!+–; 
b) 34...Qxf2 35.Qh6+ Kg8 36.Rg6+ Kf7 37.Rg7+ Ke8 38.Qe6+ Kd8 39.Qd6++–
 
35.Qe7+ 1–0
 
ഇവര്‍ വാഴ്ത്തപ്പെട്ടാത്തവര്‍ എന്ന ചെസ്സ് കോളത്തിലെ പ്രശ്‌നോത്തര മല്‍സരത്തിന്റെ ഉത്തരം താഴെ കൊടുക്കുന്നു
 

I 17

1. Qa3 g4
2. B moves     g3
3. Kd7/f3 g2
4. Qf8#
 
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: അഭിരാം സുധീഷ്, കോഴിക്കോട്‌
 
പ്രശ്‌നോത്തരമല്‍സരം 14

J 18

 
ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്. ബ്ലാക്കിന്റെ ഏത് നീക്കങ്ങള്‍ക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തില്‍ വൈറ്റ് എതിരാളിക്ക് ചെക്ക്‌മേറ്റ് നല്‍കണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 30/08/2017 ന് അവസാനിക്കും
 
 

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍

 

ചെസ്സ് കളിക്കൂ​