പ്രാരംഭഘട്ടത്തിലും മദ്ധ്യഘട്ടത്തിലും യാതൊരു കാരണവശാലും തന്റെ രാജാവിനെ പുറത്തിറക്കരുത് എന്നതാണ്‌ ശാസ്ത്രീയ ചെസ്സിന്റെ ബാലപാഠങ്ങളിലൊന്ന്. എന്നൽ അന്ത്യഘട്ടത്തിൽ പടക്കളത്തിലിറങ്ങുന്ന രാജാവ് കരുത്തനായൊരു പോരാളിയായി മാറുകയും ചെയ്യുന്നു.

കൗതുകരങ്ങളായ രണ്ട് രാജകീയ സവാരികളാണ്‌ നാമിന്ന് ദർശിക്കുന്നത്. ആദ്യത്തേത് നിർബന്ധിത സവാരിയെങ്കിൽ രണ്ടാമത്തേത് സ്വമേധയാ നടത്തുന്ന ജൈത്രയാത്രയും.

ഗെയിം 1

ആംഗലേയഭാഷാപഠനത്തിനായി 1921ൽ ഇംഗ്ലണ്ടിലെത്തിയ ഒരു ജർമ്മൻ യുവാവ് ലണ്ടൻ ചെസ്സ് ക്ലബ്ബിൽ ജോർജ് തോമസുമായൊരു സൗഹൃദമൽസരത്തിലേർപ്പെട്ടു. ലോകചാമ്പ്യൻ ഇമാനുവൽ ലാസ്ക്കറിന്റെ അകന്ന ബന്ധുവായ എഡ്വേഡ് ലാസ്ക്കറായിരുന്നു ഇദ്ദേഹം.

ചെസ്സ് ക്ലോക്ക് ഉപയോഗിച്ച് ഇരു കളിക്കാർക്കും 5 മിനുറ്റ് മാത്രം അനുവദിക്കുന്ന മിന്നൽ ചെസ്സ് പോരാട്ടമായിരുന്നു ഇത്. 5 നിമിഷങ്ങളിൽ മിന്നലും ഇടിവെട്ടുമെല്ലാം പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു.

വൈറ്റ്                                                        ബ്ലാക്ക്

എഡ്വേഡ് ലാസ്ക്കർ                     ജോർജ് തോമസ്

  1. d4 e6 2. Nf3 f5

ഡച്ച് പ്രതിരോധമുറയാണ്‌ ബ്ലാക്ക് അവലംബിക്കുന്നത്.

3. Nc3 Nf6 4. Bg5 Be7 5. Bxf6 Bxf6 6. e4 fxe4 7. Nxe4 b6 8. Ne5 0-0 9. Bd3 Bb7 10. Qh5!? Qe7??

പരോക്ഷമായി ജോർജ് തോമസ് തന്റെ h7 നെ പ്രതിരോധിക്കുന്നു. 11. Nf6+ നെ 11. ... gxf6 കളിച്ച് നേരിടുകയാണ്‌ ബ്ലാക്കിന്റെ പദ്ധതി.

പകരം 10. ... Bxe5 ആയിരുന്നു ബ്ലാക്കി൹ ആധിപത്യം നല്കുന്ന ശക്തമായ നീക്കം.

ഉദാഹരണത്തിന്‌  a) 11.Qxe5 Nc6 അല്ലെങ്കിൽ b) 11.dxe5 Rf5

മേൽക്കാണിച്ച രണ്ട് സാദ്ധ്യതകളും ബ്ലാക്കിന്‌ ഒരു പോൺ കൂടുതൽ നേടിക്കൊടുക്കും എന്നത് വ്യക്തം.

ജോർജ് തോമസിന്റെ ദുർബലനീക്കം അതിമനോഹരമായൊരു ക്വീൻ ബലിക്കും അതുവഴി രസകരമായൊരു രാജകീയസവാരിക്കും വഴിതുറക്കുന്നു.

1

11. Qxh7+!! Kxh7 12. Nxf6+

2

12. ... Kh6

തിരുമനസ്സിന്‌ ഇറങ്ങിനടക്കുകയല്ലാതെ വേറെ നിർവാഹമില്ല.

12. ... Kh8 കളിച്ചാൽ 13. Ng6#

13. Neg4+ Kg5

3

14. h4+ 

അൽപ്പം കൂടി വേഗതയുള്ള ചെക്ക്മേറ്റ് 14. f4+ കളിച്ച് നേടാമായിരുന്നു. 14...Kxf4 15.g3+ Kg5 16.h4#  അല്ലെങ്കിൽ 15...Kf3 16.0-0#

14... Kf4 15. g3+ Kf3

4

16. Be2+

ഇവിടെ 16. 00 അല്ലെങ്കിൽ 16. Kf1 കളിച്ചാൽ അടുത്ത നീക്കത്തിൽ 17. Nh2 കളിച്ച് ചെക്ക്മേറ്റ് നല്കാവുന്നതായിരുന്നു എന്ന് മറ്റൊരു ലോകചാമ്പ്യൻ ആലഖൈൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

16... Kg2 17. Rh2+ Kg1

5

 

18. Kd2# 1–0

18. 000 കളിച്ചുകൊണ്ടും ചെക്ക്മേറ്റ് നൽകാവുന്നതാണ്‌.

എങ്കിലും രാജാവിനെ നീക്കി രാജാവിന്‌ ചെക്ക്മേറ്റ് നൽകുന്നതിൽ കൗതുകവും കാവ്യനീതിയുമുണ്ടല്ലോ.

ഗെയിം 2

വേറൊരു ഇരുപത്തിയാറുകാരനാണ്‌ അടുത്ത രാജകീയസവാരിയുടെ കടിഞ്ഞാൺ പിടിക്കുന്ന തേരാളി.

1988ൽ ലോക മൂന്നാം നംബർ താരവും 1993ൽ ലോകചാമ്പ്യൻഷിപ്പിൽ ലോകചാമ്പ്യൻ കാസ്പറോവിനെതിരെ കിരീടപോരാട്ടം നടത്തിയ പ്രതിയോഗിയുമായിരുന്നു ബ്രിട്ടീഷ് ഗ്രാൻഡ് മാസ്റ്റർ നൈജൽ ഷോർട്ട്.

1993ൽ വിശ്വകിരീടത്തിനായി നിലവിലെ ചാമ്പ്യൻ കാർപ്പോവുമായി ഏറ്റുമുട്ടിയ അതിശക്തനായ ഡച്ച് ഗ്രാൻഡ് മാസ്റ്ററാണ്‌ യാൻ ടിമ്മൻ. “ബെസ്റ്റ് ഓഫ് ദി വെസ്റ്റ്‘ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരം കൂടിയാണ്‌ ടിമ്മൻ.

വൈറ്റ്                                        ബ്ലാക്ക്

നൈജൽ ഷോർട്ട്                    യാൻ ടിമ്മൻ

  1. e4 Nf6 2. e5 Nd5 3. d4 d6 

അത്യന്താധുനിക ചെസ്സ് പ്രാരംഭ പ്രതിരോധമുറയായ ആലഖൈൻസ് പ്രതിരോധമാണിത്.

വിസ്തൃതമായൊരു പോൺ നിര പടുത്തുയർത്തുവാൻ വൈറ്റിനെ ആദ്യം അനുവദിക്കുക, എന്നിട്ട് ആ പോൺ നിരക്കുമേൽ സമ്മർദ്ദം ചെലുത്തുക. ഇതാണ്‌ ഈ പ്രതിരോധമുറയുടെ മർമ്മം.

4. Nf3 g6 5. Bc4 Nb6 6. Bb3 Bg7 7. Qe2 Nc6 8. O-O 

6

8. ... O-O 

ഇവിടെ 8. ... Bg4 അത്ര ഗുണം ചെയ്യില്ല.

ഉദാഹരണം: 8... Bg4? 9. Bxf7+! Kxf7 10. Ng5 Kg8 11. Qxg4 വൈറ്റിന്‌ മേൽക്കൈ ലഭിക്കുന്നു.

 9. h3

ഈ നീക്കം ബ്ലാക്കിന്റെ Bg4 കളിക്കുവാനുള്ള സാദ്ധ്യതയെ തടയിടുന്നു.

9. ...  a5 10. a4 dxe5 11. dxe5 Nd4 12. Nxd4 Qxd4 13. Re1 

ആക്രമണത്തിന്റെ കുന്തമുനയായി വർത്തിക്കുന്ന e5ലെ പോണിനെ സംരക്ഷിച്ച് നിലനിർത്തുക എന്നതാണ്‌ ഈ നീക്കത്തിന്റെ ഉദ്ദേശ്യം.

13. ... e6 14.Nd2 Nd5 15. Nf3 Qc5 

7

16. Qe4!

തന്റെ ക്വീനിനെ h4ൽ വെക്കുക, എന്നിട്ട് ബിഷപ്പിനെ h6ൽ കൊണ്ടുവരിക, നൈറ്റിനെ g5ൽ കൊണ്ടുവരിക, കറുപ്പ് രാജാവിനെ സംരക്ഷിക്കുന്ന g7ലെ ബിഷപ്പിനെ നീക്കം ചെയ്യുക - ഇവയെല്ലാമാണ്‌ വൈറ്റ് വിഭാവനം ചെയ്യുന്ന ആപൽക്കര പദ്ധതികൾ.

 16. ... Qb4 17. Bc4Nb6

8

18. b3!

ക്വീനുകളെ പരസ്പരം നീക്കം ചെയ്ത് വൈറ്റിനെ ആക്രമണത്തിന്റെ മൂർച്ച കുറക്കുവാനാണ്‌ ബ്ലാക്ക് ശ്രമിക്കുന്നത്. പക്ഷെ വൈറ്റ് ആകട്ടെ സ്വന്തം പോൺ ഘടന ദുർബലമാക്കിക്കൊണ്ട് ആ ശ്രമത്തെ പരാജയപ്പെടുത്തുന്നു. പോൺ ദൗർബല്യത്തേക്കാളും പ്രധാനം ആക്രമണം തുടരുന്നതാണ്‌ എന്ന് ഷോർട്ട് തിരിച്ചറിയുന്നു.

18. ...Nxc4 19. bxc4 Re8 20. Rd1 Qc5 21. Qh4 b6 22. Be3 Qc6  23. Bh6 Bh8 24. Rd8 Bb7 25. Rad1

വൈറ്റ് ഉയർത്തുന്ന അടുത്ത ഭീഷണി താൻ  Qe7 കളിക്കും എന്നതാണ്‌.

9

25. ... Bg7

ബ്ലാക്ക് 25... Qxa4 കളിച്ചാൽ 26. Qe7 Bc6 27. Ng5!

 26. R8d7 Rf8 27. Bxg7 Kxg7 28. R1d4 Rae8 29. Qf6+ Kg8 

ബ്ലാക്കിന്റെ രാജാവിനു ചുറ്റുമുള്ള കറുപ്പ് കളങ്ങൾ ദുർബലങ്ങളാണ്‌. അവ സൃഷ്ടിക്കുന്ന പഴുതുകളിലൂടെയാണ്‌ ശത്രുവിന്റെ കരുക്കൾ അധിനിവേശം നടത്തുന്നത്.

10

30. h4!

ആക്രമണകാരിയായ നീക്കം. h5 കളിക്കും എന്നതാണ്‌ ഭീഷണി.

 h5ലേക്ക് പോണിനെ തള്ളി മറ്റൊരു ദൗർബല്യം സ്വയം സൃഷ്ടിക്കാൻ ബ്ലാക്ക് നിർബന്ധിതനാകുന്നു.

30. ... h5 

ഷോർട്ട് ഉയർത്തിയ ആക്രമണഭീഷണികൾക്കെതിരെ ടിമ്മൻ പ്രതിരോധം പടുത്തുയർത്തിയിരിക്കുന്നു.

ഈ സമയത്താണ്‌ ഷോർട്ട് തന്റെ ആവനാഴിയിൽ നിന്നും അപ്രതീക്ഷിതവും അതിഗംഭീരവുമായൊരു ആയുധം പുറത്തെടുക്കുന്നത്.

11

31. Kh2 !

കറുപ്പിന്റെ കരുക്കളെയെല്ലാം പ്രതിരോധദൗത്യങ്ങളിൽ കുരുക്കിയിട്ടശേഷം വൈറ്റിന്റെ രാജാവ് തന്റെ മാരകമായ സവാരി ആരഭിക്കുന്നു. നിസ്സഹായരായ കരുക്കൾ നോക്കി നിൽ ക്കെ ഈ രാജാവ് ശത്രുനിഗ്രഹത്തിനായി എതിർപാളയത്തിലേക്ക് കുതിക്കുകയാണ്‌.

31. ... Rc8 32. Kg3Rce8 33. Kf4Bc8 

12

34. Kg5! 1-0

ടിമ്മൻ ഇതോടെ തോൽവി സമ്മതിച്ചു.

ഷോർട്ടിന്റെ രാജാവ് അടുത്ത നീക്കത്തിൽ h6ൽ കയറി ക്വീൻ കൊണ്ട് g7ൽ ചെക്ക്മേറ്റ് നൽ കും

അതിനെ രാജാവിനെ h7ൽ വെച്ചുകൊണ്ട്തടയുവാൻ ശ്രമിച്ചാലോ മേറ്റ് ഇപ്രകാരവും: 34. ... Kh7 35. Rxf7+ Rxf7 36. Qxf7+ Kh8 37. Kh6

കാല്‍പ്പനിക നോവലില്‍ നിന്നൊരു ചെക്ക്‌മേറ്റ് എന്ന കോളത്തില്‍ നല്‍കിയ പ്രശ്‌നോത്തര മല്‍സരത്തിലെ ചെസ്സ് പ്രശ്‌നത്തിന്റെ ശരിയുത്തരം താഴെ നല്‍കുന്നു:

13

പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു:

  1. Nd3!

a) 1. ... Ke4 2. Kc3 Ke3 3. Re5#

b) 1. ... Kc4 2. Ke3 Kc3 3. Rc5#

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: 

ആര്‍.വി. വിവേക് (ഐടി മേഖലയില്‍ ജോലി ചെയ്യുന്നു), ബെംഗളൂരു

 

പ്രശ്നോത്തരമൽസരം - 6

 

14

 

1958ൽ റഷ്യയിൽ നടന്ന ഒരു ചെസ്സ് ടൂർണ്ണമെന്റിലെ ഒരു കളിയിൽ ഈ പൊസിഷൻ പ്രത്യക്ഷപ്പെട്ടു. കറുപ്പ് കരുക്കളെടുത്ത് കളിക്കുന്ന കളിക്കാരൻ ഉടൻ തന്നെ വിജയിക്കാനുള്ള വഴി കണ്ടെത്തി. നിങ്ങളും ആ വിജയമാർഗ്ഗം കണ്ടെത്തുക.

കറുപ്പിന്റെ നീക്കം. കറുപ്പ് വിജയിക്കുന്ന നീക്കങ്ങൾ കണ്ടെത്തുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 10/03/2017 ന് അവസാനിക്കും

ചെസ്സ് കളിക്കൂ​