യുദ്ധത്തിന്റെ ഹ്രസ്വരൂപമാണ് ചെസ്സ്. കുതിരപ്പടയേയും തേർപ്പടയേയും ആനപ്പടയേയും   കാലാൾപ്പടയേയും  കോർത്തിണക്കി സമർത്ഥമായ യുദ്ധതന്ത്രങ്ങൾ മെനഞ്ഞ് പടനീക്കം നടത്തി ശത്രുരാജാവിനെ പടക്കളത്തിൽ അടിയറവ് പറയിക്കുക എന്നതാണ് ചതുരംഗത്തിന്റെ മർമ്മം.

ചെസ്സ് പോരാട്ടങ്ങളിൽ പ്രാരംഭഘട്ടം നിർണ്ണായകമാണ്. അതിവേഗം പാതകൾ വെട്ടിത്തുറന്ന് നമ്മുടെ പടയാളികളേയും പടക്കോപ്പുകളേയും സജീവമായ താവളങ്ങളിൽ വിന്യസിക്കുവാൻ സാധിച്ചാൽ എതിരാളിക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ നമുക്ക് സാധിക്കും.

ആക്രമണശൈലിയിൽ കളിക്കാനിഷ്ടപ്പെടുന്ന ചെസ്സ് കളിക്കാർ ഇതിനായി തങ്ങളുടെ കരുക്കളെ തുടക്കത്തിലേ തന്നെ ബലികഴിക്കുവാൻ ധൈര്യപ്പെടുന്നു. പ്രാരംഭഘട്ടത്തിൽ ആക്രമണത്തിനായി കാലാളുകളേയും ചെറുകരുക്കളേയും ബലിനല്കുന്ന രീതിയെ ‘ഗാംബിറ്റ്’ എന്നാണ് വിശേഷീപ്പിക്കാറ്.

പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌

ഗാംബിറ്റുകളുടെ ലോകത്തിലെ ഏറ്റവും ആവേശകരമായ ഗാംബിറ്റാണ് ‘ഡാനിഷ് ഗാംബിറ്റ്’. വെറും 5 നീക്കങ്ങൾക്കുള്ളിൽ 2 പോണുകളെ ബലിനല്കിക്കൊണ്ട് വെള്ളക്കരുക്കളെടുത്ത് കളിക്കുന്നയാൾ ശത്രുപക്ഷത്തിന് നേരെ ആക്രമണത്തിന്റെയൊരു കൊടുങ്കാറ്റ് തന്നെ അഴിച്ചുവിടുന്നു. പ്രതിരോധത്തിലാകുന്ന കറുപ്പിനാകട്ടെ ചെറിയൊരു പിഴവുപോലും പരാജയത്തിന്റെ മരണമണിയായി മാറും.

ഡാനിഷ് ഗാംബിറ്റിന്റെ ആക്രമണസാദ്ധ്യതകളെ അനാവരണം ചെയ്യുന്നൊരു മനോഹരഗെയിമാണ് നാമിന്ന് കാണാൻ പോകുന്നത്.

    White        Black

1.    e4           e5
2.    d4         exd4
3.    c3         dxc3
4.    Bc4        cxb2
5.    Bxb2


chess 1

 

ഇതാണ് ഡാനിഷ് ഗാംബിറ്റിന്റെ തുടക്കം. പുല്ലു പോലെ വൈറ്റ് കളിക്കാരൻ തന്റെ 2 കാലാളുകളെ ബലിനല്കിയിരിക്കുന്നു.

6.    ...        Qg5?

 

ബ്ലാക്കിന് ആദ്യത്തെ അബദ്ധം പിണയുന്നു. ചെസ്സിന്റെ പ്രാരംഭഘട്ടത്തിൽ ക്വീനിനെ പുറത്തിറക്കുന്നത് നല്ലതല്ല. ആ ക്വീൻ ശത്രുകരുക്കളാൽ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.

7.    Nf3!

 

മികച്ചനീക്കം!  തന്റെ കുതിരയെ പുറത്ത്കൊണ്ടുവന്നുകൊണ്ട് വൈറ്റ് ആക്രമണത്തിന് മൂർച്ചകൂട്ടുന്നു. ഇതിനായി മൂന്നാമതൊരു കാലാളിനെ ബലിനല്കാൻ അയാൾ തയ്യറാവുന്നു.

8.    ...         Qxg2

9.    Rg1    Qh3

 

താഴെ നല്കിയിരിക്കുന്ന പൊസിഷൻ നോക്കൂ

chess 2
 
വൈറ്റിന് 3 പോണുകൾ കുറവാണെന്നത് ശരി തന്നെ. പക്ഷെ അയാളുടെ റൂക്കും ബിഷപ്പുകളും കുതിരയുമെല്ലാം പുറത്തിറങ്ങി ആക്രമണത്തിന് തയ്യാറായി നില്ക്കുന്നു. ബ്ലാക്കാകട്ടെ കരുക്കളെയൊന്നും പുറത്തിറക്കാതെ തന്റെ ക്വീനിനെ മാത്രം പുറത്തിറക്കി പ്രതിരോധത്തിലാണ്. വളരെ പ്രകടമായ മേല്ക്കോയ്മ വൈറ്റ് നേടിയെടുത്തിരിക്കുന്നു.

ഓർമ്മിക്കുക. വളരെ പ്രകടമായ ആധിപത്യം ഒരാൾക്ക് കൈവന്നാൽ ആ പൊസിഷനിൽ ഒരു വിജയമാർഗ്ഗം ഒളിഞ്ഞിരിപ്പുണ്ടാവും. തീർച്ച! നന്നായി ചിന്തിയ്കൂ. ആ വിജയമാർഗ്ഗം കണ്ടുപിടിയ്കൂ.

10.    Bxf7 ചെക്ക്! Kd8

 

ബ്ലാകിന് എതിരാളിയുടെ ബിഷപ്പിനെ വെട്ടാനാകില്ല. 10. ...  Kxf7 വെട്ടിയാൽ 11. Ng5 ചെക്ക്! എന്ന നീക്കം നടത്തി വൈറ്റ് ബ്ലാക്കിന്റെ ക്വീനിനെ സ്വന്തമാക്കും

11.    Rxg7!    Ne7

 

പാവം ബ്ലാക്ക്. റൂക്കിനെ ബിഷപ്പുകൊണ്ട് വെട്ടിയെടുത്താൽ അയാൾക്ക് അടുത്ത നീക്കത്തിൽ സ്വന്തം റൂക്ക് നഷ്ടമാകും.മൊത്തം കണക്കെടുത്താൽ ബ്ലാക്കിന് വൈറ്റിനേക്കാൾ ഒരു ബിഷപ്പ് കുറവായിരിക്കും എന്നു മാത്രമല്ല രാജാവിന് കാസ് ലിങ്ങ് നടത്തുവാൻ സാധിക്കാത്ത അവസ്ഥ മൂലവും തന്റെ മറ്റ് കരുക്കൾ പുറത്തിറങ്ങാത്തതിനാലും അയാളുടെ കഥ വേഗം  തന്നെ അവസാനിക്കുകയും ചെയ്യും

12.    Rg3!

 

ബ്ലാക്കിന്റെ ശവമഞ്ചത്തിലെ അവസാനത്തെ ആണി!

ബ്ലാക്കിന്റെ ക്വീനിനെ വൈറ്റ് റൂക്ക് ആക്രമിക്കുന്നു. ക്വീൻ മാറ്റിയാൽ ബ്ലാക്കിന് റൂക്ക് നഷ്ടമാകും. രക്ഷാമാർഗ്ഗമൊന്നുമില്ലെന്നു മനസ്സിലാക്കിയ ബ്ലാക്ക് ഉടൻ പരാജയം സമ്മതിച്ചു.

1-0

ചെസ്സ് പ്രശ്നോത്തര മൽസരം - 1

chess 3

154 വർഷങ്ങൾക്ക് മുൻപ് യൂറോപ്പിൽ കളിക്കപ്പെട്ട ഒരു ഗെയിം ഈ പൊസിഷനിൽ വന്നെത്തി അടുത്ത നീക്കം നടത്തേണ്ടത്  വൈറ്റ് കളിക്കാരനാണ്. അദ്ദേഹം വെറും 2 നീക്കങ്ങൾ കൊണ്ട് എതിരാളിക്ക് ചെക്ക്മേറ്റ് നല്കി. ആ 2 നീക്കങ്ങൾ കൊണ്ടുള്ള ചെക്ക്മേറ്റ് നിങ്ങൾക്ക് കണ്ടുപിടിക്കാനാകുമോ?

(നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും.)

ചെസ്സ് കളിക്കൂ​