ലോക വനിതാ ചെസ്സ് ചാമ്പ്യനെ നിര്‍ണ്ണയിക്കുവാനുള്ള പോരാട്ടം ഇത്തവണ അരങ്ങേറിയത് രണ്ട് ചൈനീസ് നഗരങ്ങളിലായിരുന്നു . ഒന്നാം പാതി ഷാങ്ഹായിലും രണ്ടാ പാതി ഷോങ് ചിങ്ങിലും . വിശ്വകിരീടത്തിനായി മാറ്റുരച്ചത് രണ്ട് ചൈനീസ് വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍മാരായിരുന്നു. നിലവിലെ ലോകചാമ്പ്യന്‍ താന്‍ ഷോംഗിയും ലോകചാമ്പ്യന് വെല്ലുവിളി ഉയര്‍ത്തി വന്നെത്തിയ ചാലഞ്ചര്‍ ജൂ വെഞ്ചുനും. രണ്ട് പേരും ഒരേ പ്രായക്കാര്‍, ഉറ്റ മിത്രങ്ങള്‍. പക്ഷെ സൗഹൃദം മത്സരവേദിക്ക് പുറത്തു മാത്രം. 64 കളങ്ങള്‍ക്ക് മേല്‍ നടക്കുന്നതോ തീ പാറുന്ന ബൗദ്ധികപോരാട്ടങ്ങളും.

jusit polgar
ജൂഡിത്ത് പോള്‍ഗാര്‍ 

ജയപരാജയങ്ങളും സമനിലകളും നിറഞ്ഞ പോരാട്ടവഴികളിലൂടെ സഞ്ചരിച്ച  മത്സരം ഒടുവില്‍ 10 ഗെയിമുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വിജയി എതിരാളിയെക്കാള്‍ വെറും ഒരു പോയിന്റ് കൂടുതല്‍ കരസ്ഥമാക്കിക്കൊണ്ട് തന്റെ ശിരസ്സില്‍ വിശ്വകിരീടമണിഞ്ഞു. ചാമ്പ്യന് ചാലഞ്ചറുടെ വെല്ലുവിളിയെ മറികടക്കാനായില്ല,.  ജൂവെഞ്ചുന്‍  6 1/2 5 1/2 എന്ന സ്‌കോറിന് താന്‍ ഷോംഗിയെ കീഴ്‌പ്പെടുത്തിക്കൊണ്ട് ആധുനികചൈനക്ക് പുതിയൊരു ലോകചാമ്പ്യനെ സമ്മാനിച്ചു.

ഇരട്ട ലോകകിരീടങ്ങള്‍ 

2017  ഡിസംബറില്‍ റിയാദില്‍ നടന്ന വനിതാ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലും വിജയിയായത് വെഞ്ചുന്‍ ആയിരുന്നു. അങ്ങിനെ ഉജ്ജ്വലമായ ഇരട്ടക്കിരീടനേട്ടത്തിന്റെ ശോഭയിലാണ് വെഞ്ചുന്‍ തിളങ്ങിനില്‍ക്കുന്നത്.

വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ മാത്രമല്ല വെഞ്ചുന്‍. 6 ഗ്രാന്‍ഡ്മാസ്റ്റര്‍ നോമുകള്‍ കരസ്ഥമാക്കിക്കൊണ്ട് ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടവും വെഞ്ചുനിന്റെ തൊപ്പിയില്‍ തൂവലായുണ്ട്. ഒരു ടൂര്‍ണ്ണമെന്റ് ആര്‍ബിറ്റര്‍ ഒപ്പിടാന്‍ മറന്നതിനാല്‍ 2012 ല്‍ ലഭിക്കേണ്ട വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടത്തിനായി ഒരു വര്ഷം കൂടി കാത്തിരിക്കേണ്ടിവന്ന ലജ്ജാകരമായ സ്‌പോര്‍ട്‌സ് ബ്യുറോക്രസിയുടെ ഇര ആയിരുന്നെങ്കിലും ഈ പെണ്‍കുട്ടി തളരാത്ത നിശ്ചയദാര്‍ഢ്യത്തോടെ ചെസ്സ് ലോകത്തിന്റെ കൊടുമുടിയിലേക്ക് നടന്നുകയറി. ജ്യൂ വെഞ്ചുന്റെ ഒരു മികച്ച ജയം താഴെ നല്‍കുന്നു

ഗെയിം 1
ലോക ചാമ്പ്യന്‍ഷിപ്പ് മത്സരം 2018
വൈറ്റ് ജ്യൂവെഞ്ചുന്‍
ബ്ലാക്ക് താന്‍ ഷോംഗി

1.d4 d5, 2. c4 e6, 3.Nf3 Nf6, 4.g3 ഇതാണ് കാറ്റലന്‍ പ്രാരംഭമുറ. 4... dxc4, 5. Bg2 Nc6, 6. O-O Rb8, 7. Nc3 b5, 8. Ne5 സമകാലിക ചെസ്സ് ഓപ്പണിംഗ് തിയറിയിലെ ഏറ്റവും ശക്തമായ തുടര്‍നീക്കങ്ങളാണ് വെഞ്ചുന്‍ തെരഞ്ഞെടുക്കുന്നത്. 8. Nxe5, 9 dxe5 Nd7, 10. Qc2 Bb7, 11. Bxb7 Rxb7,12. Rd1 Be7 ഇതേ പ്രതിയോഗികള്‍ 2013 ല്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് താന്‍ ഷോംഗി തെരഞ്ഞെടുത്തത്.12...Qc8 സങ്കിര്‍ണ്ണമായൊരു പോരാട്ടത്തിനൊടുവില്‍ അന്ന് താന്‍ വിജയിച്ചു

 

chess
ഹൂയിഫാന്‍

13. Qe4 Qc8 14. Qg4  g5?. അത്യന്തം ദുര്‍ബലമായ ഈ നീക്കം ബ്ലാക്കിന്റെ പതനത്തിനു വഴിയൊരുക്കുന്നു. പ്രതിരോധസ്വഭാവമുള്ള  14...bf8 ആള8 അല്ലെങ്കില്‍ 14. ... g6 കളിക്കുക എന്നത് മാത്രമായിരുന്നു ബ്‌ളാക്കിന് മുന്‍പിലുണ്ടായിരുന്ന യുക്തിസഹമായ നീക്കങ്ങള്‍.

15.. Qh5!  Nc516. Bxg5 c61 7. Rd4 Rd7 18. Bxe7 Kxe7 19. Qh4+ Ke8 20. Rad1 വൈറ്റിന്റെ ആക്രമണത്തിൽ ബ്ലാക്ക് തികച്ചും നിസ്സഹായയാണ്

20..Qd8 

(20... Rd5 കളിച്ചാൽ 21. Nxd5 cxd522. Qf6 Rg8 23. Rh4 വൈറ്റ് വിജയിക്കും)

21. Qf4 Rxd4 22. Rxd4 Qb623. Rd6 Rf8 24. Ne4 Nxe425. Qxe4 Qb7 26. Rxc6 Kd727. Qd4+

താൻ ഷോംഗി ഇവിടെ പരാജയം സമ്മതിച്ചു. (27... Kxc6 28. Qd6#)

ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ

ആദ്യത്തെ ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത് 1927ൽ ലണ്ടണിൽ വെച്ചായിരുന്നു.. വനിതാ ചെസ്സ് ചരിത്രത്തിലെ ഇതിഹാസമായ വേര മെഞ്ചിക്ക് പ്രഥമ വനിതാ ലോകചാമ്പ്യനായി. 1927  മുതൽ 1944 വരെ അജയ്യയായി വിശ്വകിരീടമണിഞ്ഞ വേരയുടെ അന്ത്യം വളരെ അപ്രതീക്ഷിതമായിരുന്നു. 1944  ജൂൺ 27ന് ഹിറ്റ്ലറിന്റെ നാസിപ്പട അഴിച്ചുവിട്ട ഭീകര ബോംബാക്രമണത്തിൽ  തന്റെ സഹോദരിയോടും മാതാവിനോടുമൊപ്പം ഈ ചെസ്സ് പ്രതിഭയും അഗ്നിക്കിരയായി. എല്ലാ വർഷവും ലോക ചെസ്സ് ഒളിമ്പ്യാഡിൽ ജേതാക്കളാകുന്നു വനിതാ ടീമിന് ഇവരുടെ സ്മരണാർത്ഥം 'വേര മെഞ്ചിക്ക് കപ്പ് ' സമ്മാനിക്കപ്പെടുന്നു.

menjik
വേര മെന്‍ചിക്ക്

 വേരയുടെ കാലശേഷം പിന്നീടുള്ള 4 ദശാബ്ദങ്ങൾ സമ്പൂർണ്ണ സോവിയറ്റു ആധിപത്യത്തിന്റേതായിരുന്നു. ലുഡ്മില റൂഡിങ്കോ , എലിസവെത്ത ബൈക്കോവ , ഓൾഗ റൂബ്ബ്സ്ത്തോവ , നോന ഗപ്രിന്ദ്ഷാവ് ലി , മായാ ഷിബുര്ദാനിഡ്സ് എന്നിവർ മാറിയും മറിഞ്ഞും സോവിയറ്റു റഷ്യക്ക് വേണ്ടി ലോകകിരീടങ്ങൾ ചൂടി.പക്ഷെ 1991 ൽ ലോക വനിതാ ചെസ്സിൽ ഒരു പുത്തൻ ശക്തി രംഗപ്രവേശം ചെയ്തു - ചൈന. ഫിലിപ്പീൻസിലെ മാനിലയിൽ നടന്ന വിശ്വാകിരീടപോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻ മായാ ഷിബുർദാനിട്സിനെ അട്ടിമറിച്ചുകൊണ്ട് ചൈനയുടെ യുവതാരം സീ  ചുൻ ലോകചെസ്സിലെ രാജ്ഞിയായി.പീന്നീട് വ്യത്യസ്ത രാഷ്ട്രങ്ങളിൽ നിന്നും വിശ്വജേതാക്കൾ ഉണ്ടായെങ്കിലും ചൈന ലോകചെസ്സിലെ ഭയപ്പെടേണ്ട വൻശക്തികളിലൊന്നായി മാറി .

ലോകം കണ്ട ഏറ്റവും കരുത്തയായ ചെസ്സ് കളിക്കാരി ആര്?

ലോകം കണ്ട ഏറ്റവും കരുത്തയായ ചെസ്സ് കളിക്കാരി ആര് എന്ന ചോദ്യത്തിനുത്തരം തേടുക കൗതുകകരമാണ്.

വനിതാ ചെസ്സ് മത്സരങ്ങളിൽ ഒരിക്കലും പങ്കെടുക്കാതെ പുരുഷന്മാർ കളിക്കുന്ന ലോകത്തെ ഏറ്റവും കരുത്തുറ്റ ടൂർണമെന്റുകളിൽ മാത്രം പങ്കെടുത്ത് ലോകത്തെ ഏറ്റവും മികച്ച ചെസ്സ് താരമാകാൻ ശ്രമിച്ച തന്റേടിയായാ ജൂഡിത്ത് പോൾഗാർ ചരിത്രത്തെ തിരുത്തിക്കുറിച്ച അസാമാന്യ ചെസ്സ് പ്രതിഭയാണ്. റേറ്റിങ്ങിൽ 2700 എന്ന ലക്ഷ്മണരേഖ കടക്കുകയും ലോക എട്ടാം നംബർ താരം  എന്ന ബഹുമതിക്കർഹയാകുകയും 11  ലോകചാമ്പ്യൻമാരെ  വീഴ്‌ത്തുകയും ചെയ്തിട്ടുള്ള ജൂഡിത്ത് ആരാധനയോടെ ഉച്ചരിക്കപ്പെടേണ്ട നാമമാണ് എന്നതിൽ രണ്ടഭിപ്രായമില്ല.

തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ലോകചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടുക, പതിമൂന്നാം വയസ്സിൽ വനിതാ ഗ്രാൻഡ് മാസ്റ്റർ ആകുക, പതിനാലാം വയസ്സിൽ പുരുഷ ഗ്രാൻഡ്മാസ്റ്റർ ആകുക, പതിനാറാം വയസ്സിൽ ലോക വനിതാ ചാമ്പ്യൻ ആകുക - ഈ ചൈനീസ് അത്ഭുതത്തിൻറെ പേരാണ്  ഹൂയിഫാന്‍ പിന്നീടീ പെൺകുട്ടി താൻ കളിച്ച ലോകചാമ്പ്യൻഷിപ്പുകളിലെല്ലാം എതിരാളികളെ തകർത്തുകൊണ്ട് ലോകകിരീടങ്ങൾ ചൂടിക്കൊണ്ടിരുന്നു. ഹൂ യിഫാൻ കളിക്കാതെ മാറിനിന്ന വർഷങ്ങൾ മറ്റുളള താരങ്ങൾക്ക് വീണുകിട്ടിയ ഭാഗ്യക്കുറികളായിരുന്നു.ഇവരിലാരാണ് മികച്ച പ്രതിഭ എന്ന ചോദ്യം ചെസ്സ് ആസ്വാദകരെ വട്ടം കറക്കും എന്നതിൽ തർക്കമില്ല. ജൂഡിത്ത് പോൾഗാർ, ഹൂ യിഫാൻ  എന്നിവരുടെ ഓരോ കണ്ണഞ്ചിപ്പിക്കുന്ന കൊച്ചുഗെയിമുകളും ഇതോടൊപ്പം നൽകുന്നു

ഗെയിം 2

വൈറ്റ് (ജൂഡിത്ത് പോൾഗാർ (2635)   

ബ്ലാക്ക് (അലക്സി ഷിറോവ് (2695)

ആംസ്റ്റർഡാം 1995

1.e4 g6 2.d4 Bg7 3.Nc3 c6 4.Bc4 d6 5.Qf3 e6 6.Nge2 b5  7.Bb3 a5?!

തൻറെ കരുക്കളെ പുറത്തുകൊണ്ടുവരുന്നതിൽ ഷിറോവ് അലംഭാവം കാണിക്കുന്നു.

8.a3 Ba6 9.d5! cxd5 10.exd5 e5 11.Ne4 Qc7 12.c4! bxc4

ഒന്നാംതരം പോൺ ബലിയിലൂടെ എതിരാളിയുടെ പൊസിഷൻ തുറന്ന് ജൂഡിത്ത് ആക്രമണമാരംഭിച്ചിരിക്കുന്നു.

13.Ba4+ Nd7 14.N2c3 Ke7?

പരിഭ്രാന്തനായ ഷിറോവ് മറ്റൊരു ദുർബലനീക്കം നടത്തുന്നു

chess15.Nxd6!! അതിഗംഭീരം!

15. ... Qxd6

[15...Kxd6? കളിച്ചാലും രക്ഷയില്ല 16.Ne4+ Kxd5 (16...Ke7 17.d6+) 17.Qxf7+ Kxe4 18.Bc2+ Kd4 19.Be3#; 15...f5 16.Ndb5+–]

16.Ne4 Qxd5

[16...Qb6 കളിക്കുകയാണെങ്കിൽ 17.d6+ Kf8 18.Bxd7±]

17.Bg5+ Ndf6

[മറ്റ് വഴികളൊന്നും തന്നെയില്ല 17...f6 18.Rd1 Qxd1+ 19.Qxd1+–]

18.Rd1 Qb7

[മറ്റ് സാദ്ധ്യതകൾ ഇങ്ങനെ 18...Qe6 19.Rd7+ Qxd7 (19...Kf8 20.Nxf6+–) 20.Bxd7 ]

19.Rd7+ Qxd7 20.Bxd7 h6? [20...Bb7]

21.Qd1!  1-0

[ഇതോടെ ഷിറോവ് തൻറെ ചെറുത്തുനിൽപ് അവസാനിപ്പിച്ചു തുടർന്നു കളിച്ചിരുന്നെങ്കിൽ ദുരന്തനാടകത്തിൻറെ അന്ത്യരംഗം ഇപ്രകാരമായേനെ .

21.Qd1 hxg5 22.Qd6+ Kd8 23.Bb5+ Kc8 24.Qc6+ Kb8 25.Qb6+ Bb7 (25...Kc8 26.Nd6#) 26.Nd6 Ra7 27.Qd8+ Bc8 28.Qxc8#]

ഗെയിം 3

വൈറ്റ് (ഹൂ യിഫാൻ)

ബ്ലാക്ക് (നാനാ ജാഗ്‌നിദസ്) 

റഷ്യ2014

1.e4 c5 2. Nf3 e6 3. d4 cxd4 4. Nxd4 a6 5. c4 Nf6 6. Nc3 Qc7 7. Be2 b6

8. O-O Bb7 9. Qd3 Nc6 10. Nxc6 dxc6 11. f4 Bc5+ 12. Kh1 O-O 13. e5 Rad8 14. Qh3 Nd7 15. Ne4 Be7 16. Bd3 g6 17. b3 c5 18. Bb2 Bxe4 19. Bxe4 b5

chess 220. f5! exf5 21. Rxf5!!  Qb6 22. Qh6 gxf5 23. e6 Nf6 24. Qg5+ 1-0

 

 

 

 

 

 

പ്രശ്നോത്തരമൽസരം 17

chess3

ആദ്യനീക്കം വൈറ്റിന്റേതാണ്‌.
ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം.
ശരിയുത്തരം കണ്ടുപിടിച്ചയക്കുക.(നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും. അവസാന തീയതി ജൂണ്‍ 11)

 

 

ചെസ്സ് കളിക്കൂ​ 

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍