2002 ൽ  കൊല്‍ക്കത്തയിൽ നടന്ന 12 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒരു ഹരിയാനക്കാരൻ ബാലൻ കിരീടമണിഞ്ഞു. അതിനുശേഷം കോഴിക്കോട് നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 13-18 സ്ഥാനങ്ങൾക്കിടയിലും ഗ്രീസില്‍ നടന്ന ലോകചാമ്പ്യൻഷിപ്പിൽ അറുപത്തേഴാമനായും ഇടം നേടി. ഉയരങ്ങളിലേക്കെത്തണമെങ്കിൽ ഉന്നതപരിശീലനത്തിന്‌ അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്ന് മനസ്സിലാക്കി സ്പോൺസർഷിപ്പിന്‌ ശ്രമിച്ചു. ശ്രമങ്ങളെല്ലാം വിഫലമായതോടെ ചെസ്സിൽ നിന്നും വിടപറഞ്ഞ് ക്രിക്കറ്റിലേക്ക് ചെക്കേറി. ആ ബാലനാണ്‌ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകൾ കൊയ്ത്  ഭാരതത്തിന്‌ മൽസരവും 20-20 പരമ്പരയും സമ്മാനിച്ച യുസ്‌വേന്ദ്ര ചാഹല്‍.

ഒരേസമയം ക്രിക്കറ്റിലും ചെസ്സിലും രാഷ്ട്രത്തെ പ്രതിനിധീകരിച്ച ഏക കായികതാരം എന്ന ബഹുമതിയോടെ സ്‌പോര്‍ട്‌സ് പ്രേമികളുടെ ആരാധന പിടിച്ചുപറ്റുക മാത്രമല്ല യുസ്‌വേന്ദ്ര ചാഹല്‍ ചെയ്തത്. 

കായികക്ഷമതയും ചെസ്സും തമ്മിൽ യാതൊരു ബന്ധവുമില്ലാ എന്നും അലസന്മാർക്കും പൊണ്ണത്തടിയന്മാർക്കുമുള്ള ഒരു സമയംകൊല്ലി വിനോദമാണ്‌ ചെസ്സ് എന്ന ഒരു അബദ്ധജടിലമായൊരു ധാരണക്ക് തിരുത്തൽ നൽകുുക കൂടിയായിരുന്നു.

പക്ഷെ ചെസ്സ് ചരിത്രം വസ്തുനിഷ്ടമായി നിരീക്ഷിച്ചിട്ടുള്ള ഏതൊരാൾക്കും ചെസ്സ് കളിക്കാരന്റെ നിർമ്മിതിയിൽ കായികക്ഷമതക്ക് അതീവപ്രാധാന്യമാണുള്ളതെന്ന് നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും.

വാരത്തെ ചെസ്സ് പംക്തിയിൽ ഞാൻ പരിചയപ്പെടുത്തുന്നത് ചാഹലിനു മുന്നേ നടന്ന, അനേകം ബഹുമുഖ ചെസ്സ് പ്രതിഭകളിൽ ഏറ്റവും ഉജ്ജ്വലരായ രണ്ട് കായികതാരങ്ങളെയാണ്‌.

കായികലോകത്തെ ലിയണാർഡോ ഡാവിഞ്ചി

George Thomas
ജോര്‍ജ് തോമസ്

തന്റെ പതിമൂന്നാം വയസ്സിൽ മാത്രം ചെസ്സിലേക്ക് രംഗപ്രവേശം നടത്തിയ ഒരു ബ്രിട്ടീഷ് ബാലൻ രണ്ട് വർഷങ്ങൾക്ക് ശേഷം, അതായത് 1895ൽ ലണ്ടനിൽ നടന്ന ഒരു സിമൾടേനിയസ് ചെസ്സ് പ്രദർശന മൽസരത്തിൽ അന്നത്തെ ലോക ചെസ്സ് ചാമ്പ്യനായ ഇമാനുവൽ ലാസ്ക്കറെ പരാജയപ്പെടുത്തി.

ജോർജ്ജ് തോമസ് എന്ന അസാമാന്യ പ്രതിഭയുടെ കുതിപ്പ്  ഇവിടെ തുടങ്ങുകയായി. ചെസ്സിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഇവയാണ്‌:

 • രണ്ട് തവണ ബ്രിട്ടീഷ് ചെസ്സ് ചാമ്പ്യൻ
 • ഏഴ് തവണ ലോക ചെസ്സ് ഒളിമ്പ്യാഡുകളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു
 • 16 തവണ ലണ്ടൻ ചെസ്സ് കിരീടം ചൂടി

1934-35 ലെ അതിശക്തമായ ഹേസ്റ്റിങ്ങ്സ് അന്തർദേശീയ ചെസ്സ് ടൂർണ്ണമെന്റിൽ ലോക ചെസ്സ് ലോകചാമ്പ്യന്മാരായ കാപ്പബ്ലാങ്കയേയും ബോട്വിനിക്കിനേയും പിന്തള്ളി ഭാവിലോകചാമ്പ്യനായ മാക്സ് ഈവിനോടൊപ്പം ജോർജ് തോമസ് ഒന്നാം സ്ഥാനം പങ്കിട്ടു. ക്യൂബയിൽ നിന്നുള്ള ചെസ്സ് മാന്ത്രികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകചാമ്പ്യൻ കാപ്പബ്ലാങ്ക 4 വർഷങ്ങളിൽ ആദ്യമായി ഒരു ടൂർണ്ണമെന്റിൽ പരാജയത്തിന്റെ രുചി അറിഞ്ഞത് സർ ജോർജ് തോമസിന്റെ കയ്യിൽ നിന്നായിരുന്നു. മാത്രവുമല്ല 6 വർഷങ്ങളിൽ ആദ്യമായി വെള്ളക്കരുക്കളെടുത്തു കളിച്ചു.കൊണ്ട് ഏല്ക്കുന്ന പ്രഥമപ്രഹരവും.

സർ ജോർജ്ജ് തോമസിന്റെ ബഹുമുഖപ്രതിഭ അവിസ്മരണീയമാം വിധം സ്വയം അടയാളപ്പെടുത്തിയിട്ടുള്ളത്  ഷട്ടിൽ ബാഡ്മിന്റന്റെ മേഖലയിലാണ്‌: അനൗദ്യോഗിക ലോക ചാമ്പ്യൻഷിപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഓൾ ഇംഗ്ലണ്ട് ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ സർ ജോർജ് തോമസ് കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ നാളിതുവരെ മറ്റൊരു ഷട്ടിൽ താരത്തിനും കയ്യെത്തിപ്പിടിക്കാനായിട്ടില്ല എന്ന് മാത്രമല്ല അടുത്തകാലൊന്നും അദ്ദേഹത്തിന്റെ റെക്കോഡുകൾ തിരുത്തപ്പെടുമോ എന്നതും സംശയമാണ്‌.

1906 മുതൽ 1928 വരെയുള്ള കാലയളവിൽ 21 ഓൾ ഇംഗ്ലണ്ട് കിരീടങ്ങളാണ്‌ ഈ അത്ഭുതപ്രതിഭാസം തന്റെ ശിരസ്സിലണിഞ്ഞത്. തുടർച്ചയായ 4 സിംഗിള്‍സ് കിരീടങ്ങൾ, 9 ഡബ്ൾസ് കിരീടങ്ങൾ, 8 മിക്സഡ് ഡബ്ൾസ് കിരീടങ്ങൾ എന്നിവയാണ്‌ അദ്ദേഹം സ്വന്തമാക്കിയത്.

 • 1902 മുതൽ 1929 വരെയുള്ള കാലഘട്ടത്തിൽ 29 തവണ അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ഷട്ടിൽ ബാഡ്മിന്റൺ ടീം അംഗമായിരുന്നു.
 • തന്റെ നാല്‍പ്പത്തേഴാം വയസ്സിലാണ്‌ അദേഹം ഏറ്റവും ഒടുവിലായി ഓൾ ഇംഗ്ലണ്ട് ഡബ്ൾസ് കിരീടം കരസ്ഥമാക്കിയത്.
 • 1934ൽ സ്ഥാപിക്കപ്പെട്ട ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ സ്ഥപക പ്രസിഡണ്ട് കൂടിയായിരുന്ന സർ ജോർജ് തോമസ് 21 വർഷങ്ങൾ ആ പദവി വഹിച്ചു.
 • ഇന്ന് ഷട്ടിൽ ബാഡ്മിന്റന്റെ ലോകകപ്പായ തോമസ് കപ്പ് ഈ മഹാന്റെ ആദരണാർത്ഥം ഏർപ്പെടുത്തിയതാണ്‌.

പക്ഷെ ഇവിടേയും അവസനിക്കുന്നില്ല അദ്ദേഹത്തിന്റെ ബഹുമുഖകായികജീവിതം....

അന്തർദേശീയനിലവാരം പുലർത്തിയ ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം. 1919 മുതൽ 1926 വരെ അദ്ദേഹം വിംബ്ൾഡണിലെ മൽസരപ്പോരാളികളിൽ ഒരാളായിരുന്നു. 1922ൽ അദ്ദേഹം വിംബ്ൾഡൺ സിംഗ്ൾസ് ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിലെത്തി.

ഉന്നതനിലവാരം പുലർത്തിയ ഒരു ഹോക്കി കളിക്കാരൻ കൂടിയായിരുന്നു സർ ജോർജ് തോമസ് എന്നറിയുക.

ഗോളടിക്കുന്ന ഗ്രാൻഡ് മാസ്റ്റർ

Simen Agdesteir
സിമന്‍ അജ്‌ഡെസ്റ്റീന്‍

1989ൽ ലോകത്തെ ഏറ്റവും മികച്ച ചെസ്സ് ടൂർണ്ണമെന്റായ ഇന്റർപോളിസ് ചെസ്സ് മൽസരത്തിൽ കാസ്പ്പറോവിനോടും കോർച്ച്നോയിയോടുമൊപ്പം ലോക പതിനാറാം നംബർ താരമായ നോർവേക്കാരൻ ഗ്രാൻഡ് മാസറ്റർ സിമൻ അജ്ഡെസ്റ്റീനും മാറ്റുരച്ചിരുന്നു. ഈ ചെറുപ്പക്കാരൻ അതിനകം 8 അന്തർദേശീയ ഫുട്ബോൾ മൽസരങ്ങളിൽ നോർവേ ദേശീയടീമിൽ സ്ട്രൈക്കറായി ജേഴ്സിയണിഞ്ഞു കഴിഞ്ഞിരുന്നു. അജ്ഡെസ്റ്റീനിന്റെ ചെസ്സിലെ നേട്ടങ്ങളാകട്ടെ അത്ഭുതാവഹങ്ങളായിരുന്നു:

 • പതിനഞ്ചാം വയസ്സിൽ നോർവേ ദേശീയ ചെസ്സ് ചാമ്പ്യൻ
 • പതിനേഴാം വയസ്സിൽ യൂറോപ്പ്യൻ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് റണ്ണർ അപ്പ്
 • പത്തൊമ്പതാം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
 • ഇരുപതാം വയസ്സിൽ ലോകജൂനിയർ ചെസ്സ് കിരീടം പങ്കിട്ടു (വിശ്വനാഥൻ ആനന്ദ് അജ്ഡെസ്റ്റീനും പുറകിലായിരുന്നു)
 • ഇരുപത്തൊന്നാം വയസ്സിൽ നോർവേയുടെ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായി

1991ൽ കാൽമുട്ടിനേറ്റ ഗുരുതരമായ് പരിക്ക് മൂലം ഫുട്ബോൾ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. അതിനാൽ 1994ലെ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുവാനുള്ള അവസരം ഈ മികച്ച സ്ട്രൈക്കർക്ക് നഷ്ടമായി. ഇന്നത്തെ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസന്റെ പരിശീലക്നുമായിരുന്നു അജ്ഡെസ്റ്റീൻ.

“Jack of all trades but the master of none” എന്ന പഴഞ്ചൊല്ലിലെ പതിര്കണ്ടെത്തിയ രണ്ട് സ്വപ്നസമാന പ്രതിഭകളോടുള്ള എന്റെ നിസ്സീമമായ ആരാധന അവർ കളിച്ച ഓരോ കൊച്ചു ചെസ്സ് ഗെയിമുകളുടെ രൂപത്തിൽ ഞാനിവിടെ അടയാളപ്പെടുത്തുന്നു.

ഗെയിം 1

വൈറ്റ്                                                       ബ്ലാക്ക്

സർ ജോർജ് തോമസ്                             വീര മെഞ്ചിക്ക്

പാരിസ് 1929

ലോക വനിതാ ചാമ്പ്യനും ചെസ്സ് ഇതിഹാസവുമായ വീര മെഞ്ചിക്കിനെയാണ്‌ സർ ജോർജ് തോമസ് ഈ ഗെയിമിൽ പരാജയപ്പെടുത്തുന്നത്

1.d4 d5 2.Nf3 Nf6 3.c4 c6 4.e3 e6 5.Bd3 Nbd7 6.0–0 Be7 7.Nbd2 0–0

8.e4 dxe4 9.Nxe4 b6 10.Qe2 Bb7 11.Rd1 Qc7 12.Bg5 c5 13.Rac1 Kh8 14.Bb1 Rad8 15.Nc3 cxd4 16.Nb5 Qb8 17.Nbxd4 h6 18.Bxf6 Nxf6

1

19.Ne5! Qa8?

എതിരാളി 21. Nc6 കളിക്കുമെന്ന ഭീഷണിയെ വീര മെഞ്ചിക്ക് പ്രതിരോധിക്കുന്നു. പക്ഷെ സർ ജോർജ് തോമസിന്റെ അടുത്ത നീക്കം ബ്ലാക്കിനെ തകർത്ത് തരിപ്പണമാക്കുന്നു.

2

20.Nxe6! 1-0

a) 20. ... Bxg2 21. Rxd8

b) 20. ... Rde8 21.Nc7 Qc8 22.Nxe8 Qxe8;

c) 20. ... fxe6 21.Ng6+ Kg8 22.Qxe6+ Rf7 23.Nxe7+ Kf8 24.Ng6+ Kg8 25.Ne5

എല്ലാ പ്രതിരോധങ്ങളും നിഷ്ഫലമെന്ന് തിരിച്ചറിഞ്ഞ ലോക വനിതാ ചാമ്പ്യൻ സ്പോർട്സ്മാൻ സ്പിരിട്ടോടെ പരാജയം സമ്മതിച്ചു.

ഗെയിം 2

വൈറ്റ്                                  ബ്ലാക്ക്

സിമെൻ അജ്ഡെസ്റ്റീൻ      തോമെക് റോജിക്ക്

2004

1.e4 d5 2.exd5 Qxd5 3.Nc3 Qa5 4.d4 c6 5.Bc4 Bf5 6.Bd2 e6 7.Qe2 Nd7

8.0–0–0 Ngf6

3

9.d5! cxd5 10.Nxd5 Qd8 11.Nxf6+ gxf6 12.g4 Bg6

4

13.f4! f5??

[13. ...Qe7 മാത്രമായിരുന്നു ഉടനെ തകർന്നുപോകാതിരിക്കാനുള്ള ബ്ലാക്കിന്റെ ഏക പ്രതിരോധം]

14.Bc3 Rg8 15.Bb5!

5

1–0

അടുത്ത നീക്കത്തിൽ വൈറ്റ് 16. Rxd7 കളിക്കുന്നതോടെ ബ്ലാക്ക് നാമാവശേഷമാകും

(1982 സ്വിറ്റ്സർലാന്റിലെ ലൂസേണിൽ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡിൽ സ്വർണ്ണമെഡൽ നേടി സിമൻ അജ്ഡെസ്റ്റീനുമായി അവസാന റൗണ്ടിൽ കളിക്കുവാനും ഒരു സമനില കരസ്ഥമാക്കുവാനും എനിക്ക് ഭാഗ്യമുണ്ടായി എന്നത് ഞാനിവിടെ സവിനയം കുറിക്കട്ടെ)

മൂന്നാമത്തെ ചെസ്സ് കോളത്തിൽ നല്കിയ പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു:

6

1. Rd3

a). 1. ... Nd2 2. Rxd2 Kh3 3. Rd4 Kh2 4. Rh4#

b). 1. ... Nd2 2. Rxd2 Kh1 3. Rd4 Kh2 4. Rh4#

c). 1. ... Kh1 2. Rh3#

d). 1. ... Na3 2. Rxa3 Kh1 3. Rh3#

e). 1. ... Nc3 2. Rxc3 Kh1 3. Rh3#

66 പേര്‍ ശരിയുത്തരം അയച്ചു

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: തീർത്ഥ കൃഷ്ണ, തൃശൂർ

 

പ്രശ്നോത്തരമൽസരം 4

7

ചിത്രം കാണുക. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ മൂന്നമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 19/02/2017 ന് അവസാനിക്കും

ചെസ്സ് കളിക്കൂ​

 

ചെസ്സ് കോളത്തിന്റെ മുന്‍ലക്കങ്ങള്‍

1. വെറും അഞ്ച്‌ നീക്കങ്ങളിലൊരു കൊടുങ്കാറ്റോ?

2. ചെസ്സിന്റെ ഭാഷ പഠിക്കാം, കളിക്കാം

3. “ഗ്രീക്ക് ഉപഹാരം”