തുരംഗം ചെസ്സ് ആയതോടെ  കരുക്കൾക്കും കരുനീക്കങ്ങൾക്കും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. പൗരസ്ത്യ യുദ്ധതന്ത്രത്തിന്റെ സ്ഥാനം പാശ്ചാത്യ യുദ്ധതന്ത്രങ്ങൾ കവർന്നെടുത്തു. സങ്കല്‍പങ്ങള്‍ക്കും പദങ്ങൾക്കും രൂപാന്തരം സംഭവിച്ചു.

ചതുരംഗം നാല്‌ സേനാവ്യൂഹങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള പോരാട്ടമുറയായിരുന്നു. തേർപ്പട, കുതിരപ്പട, ആനപ്പട, കാലാൾപ്പട. മന്ത്രിയുടെ സ്ഥാനത്ത് രാജ്ഞിയും തേരിന്റെ സ്ഥാനത്ത് കോട്ടകളും കുതിരകളുടെ സ്ഥാനത്ത് അശ്വയോദ്ധാക്കളും(Knights) ആനകളുടെ സ്ഥാനത്ത് ബിഷപ്പുകളും വന്നെത്തി. പാവം കാലാൾപ്പടയാളി മാത്രം മാറാതെ നിലനിന്നു.

മതപുരോഹിതന്റെ തൊപ്പിയും ധരിച്ചുനിൽക്കുന്ന ചെസ്സിലെ ബിഷപ്പ് പോരാട്ടങ്ങളിൽ മദ്ധ്യഘട്ടത്തിലും അന്ത്യഘട്ടത്തിലും പലപ്പോഴും നിർണ്ണായക പങ്കാണ്‌ വഹിക്കാറ്‌. അവയുടെ ചലനാത്മകതയെ അടിസ്ഥാനപ്പെടുത്തി ബിഷപ്പുകളെ രണ്ടായി തരം തിരിക്കുന്നു - നല്ലതും ചീത്തയും.

എൻഡ് ഗെയിമിൽ നമ്മുടെ ബിഷപ്പ് ഏത് നിറത്തിലുള്ള കളങ്ങളിൽ കൂടെ സഞ്ചരിക്കുന്നുവോ അതേ നിറത്തിലുള്ള കളങ്ങളിൽ നമ്മുടെ കാലാളുകളെ വെക്കാതിരിക്കുക എന്നതാണ്‌ പ്രധാനപ്പെട്ട ബിഷപ്പ് & പോൺ എൻഡ്ഗെയിം തത്ത്വം.

പല കളിക്കാരും നേരെ മറിച്ചാണ്‌ ധരിച്ചുവച്ചിരിക്കുന്നത്. സ്വന്തം പോണുകളെ ബിഷപ്പ് സഞ്ചരിക്കുന്ന അതേ നിറമുള്ള കളങ്ങളിൽ വെച്ചുകഴിഞ്ഞാൽ അവയെ സംരക്ഷിക്കുന്നത് എളുപ്പമാണല്ലോ എന്നവർ ചിന്തിക്കുന്നു. പക്ഷെ യഥാർത്ഥത്തിൽ അത്തരം പോണുകൾ സ്വന്തം ബിഷപ്പുകളുടെ ചലനശേഷിയെ പരിമിതപ്പെടുത്തുകയാണ്‌ ചെയ്യുന്നത്.

മുൻ ലോക ചാമ്പ്യൻ വ്ളദിമിർ ക്രാംനിക്ക് മികച്ച എൻഡ് ഗെയിം വിദഗ്ധനാണ്. യുവാവായിരിക്കെ അദ്ദേഹം 1990ൽ കളിച്ച ഒരു പഠനാർഹമായ എൻഡ്ഗെയിം ആണ്‌ ഇവിടെ വിശകലനത്തിന്‌ വിധേയമാക്കുന്നത്. ഹോളണ്ടിൽ നിന്നുമുള്ള കരുത്തനായ വാൻ ലോക്ക് വെലിയാണ്‌ ക്രാംനിക്കിന്റെ പ്രതിയോഗി.

വൈറ്റ്                                                            ബ്ലാക്ക്

വാൻ ലോക്ക് വെലി           വ്ളാദിമിർ ക്രാംനിക്ക്

21 വയസ്സിനു താഴെയുള്ളവരുടെ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് 1990

1.d4 e6 2.c4 f5

ശത്രുവിന്റെ രാജപക്ഷത്തെ ആക്രമിക്കാൻ ലക്ഷ്യമിടുന്ന സജീവമായൊരു പ്രതിരോധമുറയാണ്‌ ഡച്ച് പ്രതിരോധം

3.g3  

ബ്ലാക്കിന്റെ രാജപക്ഷ ആക്രമണം നിർവ്വീര്യമാക്കാൻ ഏറ്റവും ഫലപ്രദമായ രീതി ഇതുതന്നെയാണ്‌ - g3 കളിച്ച് ബിഷപ്പിനെ g2ൽ വിന്യസിക്കുന്ന രീതി.

3. ... Nf6 4.Bg2 c6 5.Nf3 d5 6.0–0 Bd6 7.b3 Qe7 8.Bb2 b6 9.Ne5 Bb7 10.Nd2 0–0 11.Ndf3 Nbd7 12.Qc2 Rac8 13.cxd5 cxd5 14.Qd3 Ne4 15.Nxd7 Qxd7 16.Ne5 Qe7 17.f3 Nf6 18.Rac1 Nd7 19.Rxc8 Rxc8 20.Nxd7 Qxd7 21.e4 dxe4 22.fxe4 Bxe4 23.Bxe4 fxe4 24.Qxe4 Be7 25.Re1 Bf6 26.Re2 Qd5 27.Qxd5 exd5 28.Kf2 Kf7 29.Ke3 h5 30.h3 b5 31.Kd3 b4 32.Re1 Rc6 33.a3 bxa3 34.Bxa3 Ra6 35.Bb2 Kg6 36.Bc3 Ra3 37.Ra1 Rxa1 38.Bxa1

1

ഓപ്പണിങ്ങിന്റേയും മിഡിൽ ഗെയിമിന്റേയും സങ്കീർണ്ണതകളെയെല്ലാം മറികടന്ന് കളി ശാന്തലളിതമായൊരു എൻഡ് ഗെയിമിലേക്ക് പ്രവേശിച്ചിരിക്കുന്നു.

നാം കാണുന്ന ഈ പൊസിഷനിൽ ബ്ലാക്കെടുത്ത് കളിച്ച് വിജയിക്കുവാൻ അറിയുന്ന ഒരാളെ മാത്രമേ നമുക്ക് നല്ല ചെസ്സ് കളിക്കാരൻ/ കളിക്കാരി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുവാൻ കഴിയൂ

വൈറ്റിന്റേയും ബ്ലാക്കിന്റേയും 2 പോണുകൾ അവരുടെ ബിഷപ്പുകൾ സഞ്ചരിക്കുന്ന കറുപ്പ് കളങ്ങളിലാണ്‌ നിലകൊള്ളുന്നത് എന്നത് ശ്രദ്ധിക്കുക.

d4 ലെ പോൺ വൈറ്റിന്റെ ബിഷപ്പിന്റെ നിക്കങ്ങളെ പരിമിതപ്പെടുത്തുന്നു. മാത്രവുമല്ല ആ പോണിനെ സംരക്ഷിക്കാനായി ബിഷപ്പിനോ രാജാവിനോ നിലകൊള്ളേണ്ടിവരുന്നു എന്ന മറ്റൊരു പരിമിതി കൂടി വൈറ്റിനുണ്ട്.

ക്രാംനിക്കിന്റെ അടുത്ത പദ്ധതി എതിരാളിയുടെ മറ്റൊരു പോണിനെ കൂടി സ്ഥിരമായി ഒരു കറുപ്പ് കളത്തിൽ തളച്ചിടുക എന്നതാണ്‌

38. ... Kf5 39.Ke3 g5! 40.Kf3

ഈ സന്ദർഭത്തിൽ തന്റെ ബിഷപ്പിനെ c3ലൂടെ പുറത്ത്കൊണ്ട് വന്ന് സജീവമാക്കനുള്ള ബ്ലാക്കിന്റെ ശ്രമവും വിജയിക്കില്ല.

40. Bc3 g4 41. h4 Bd8 42. Be1 Bc7 -+

2

40. ... g4+!

മുന്നോട്ട് ചലിക്കാൻ പറ്റാത്ത d4ലെ പോൺ കറുപ്പ് കളത്തിലാണ്‌ എന്നതാണ്‌ വൈറ്റിന്റെ ദൗർബല്യം. പക്ഷെ പലപ്പോഴും ചെസ്സിൽ ഒരു ദൗർബല്യം മാത്രം പരാജയകാരണമാകുന്നില്ല. അതിനാൽ രണ്ടാമതൊരു ദൗർബല്യം കൂടി ശത്രുപാളയത്തിൽ സൃഷ്ടിക്കുക എന്നത് വിജയക്കാനുള്ള ഒരു നിർണ്ണായക ചുവടുവെപ്പാണ്‌.

വാൻ ലോക്ക് വെലിയുടെ പോണിനെ സ്ഥിരമായി g3 എന്ന കറുപ്പ് കളത്തിൽ ആണിയടിച്ചുറപ്പിച്ചുകൊണ്ട് ക്രാംനിക്ക് രണ്ടാം ദർബല്യത്തെ സൃഷ്ടിക്കുന്നു.

ഇതിന്‌ പകരം ബ്ലാക്ക് മറ്റേതെങ്കിലും നീക്കം നടത്തുകയാണെങ്കിൽ വൈറ്റ് 41 g4! കളിച്ച് തന്റെ പോണിനെ വെളുപ്പ് കളത്തിൽ സ്ഥാപിക്കും. അതോടെ കളി സമനിലയിലാവുകയും ചെയ്യും.

 41.hxg4+ hxg4+ 42.Ke3 Be7! 43.Bc3 Bd6 44.Be1

സാദ്ധ്യമായ ഏറ്റവും മികച്ച പ്രതിരോധം വാൻ ലോക്ക് വെലി പടുത്തുയർത്തിയിരിക്കുന്നു. തന്റെ ദൗർബല്യങ്ങൾക്കെല്ലാം അദ്ദേഹം സംരക്ഷണം നല്കിയിരിക്കുന്നു.

ബ്ലാക്കിന്‌ വിജയിക്കാനാകുമോ?

3

44. ... Ke6 !

ഇതാണ്‌ ജയത്തിലേക്ക്ക്കുള്ള മാർഗ്ഗം.

ഓപ്പണിങ്ങ് ഘട്ടത്തിലും മിഡിൽ ഗെയിം ഘട്ടത്തിലും ദുർബലനായ രാജാവ് എൻഡ്ഗെയിം ഘട്ടത്തിൽ അതിശക്തനായി മാറുന്നു.

ഗംഭീരമായൊരു യാത്രയുടെ ആദ്യത്തെ കാൽവെയ്പ്പാണീ കരുനീക്കം. g3 നെ ലക്ഷ്യമിട്ടാണ്‌ മഹാരാജാവിന്റെ പദയാത്ര.

45.Kd3

ഇതല്ലാതെ മറ്റ് പോം വഴികൾ വൈറ്റിനുണ്ടോ എന്നും നമുക്കൊന്ന് പരിശോധിക്കാം:

  1. 7.Kf2 Kd7 8.Bd2 Kc6 9.Bf4 Be7 10.Be5 Kb5 11.Ke3 Kb4 12.Kf4 Kxb3 13.Kxg4 a5–+;
  2. 7.b4 a6! 8.Kd3 Kd7 9.Kc3 Kc6 10.Kc2 Kb5 11.Kb3 Bc7 12.Bf2 Bb8 13.Be1 Bd6–+

ഇവ രണ്ടും വൈറ്റിനെ പരാജയത്തിലേക്ക് തന്നെയാണ്‌ നയിക്കുന്നത്

45. ... Kd7 46.Ke2 Kc6 47.Kd3 Kb5 48.Kc2

4

48. ... a5!

സുപ്രധാനമായ മറ്റൊരു ആശയം - വൈറ്റിന്റെ b3ലെ പോൺ നിക്കം ചെയ്യപ്പെട്ടാലേ ബ്ലാക്കിന്‌ c4 എന്ന കളം പ്രാപ്യമാകൂ.

49.Kd3 a4!  50.bxa4+

പോണിനെ വെട്ടാതിരുന്നാലും വൈറ്റ് പരാജയപ്പെടും

12.Kc2 a3 13.Kb1 Bb4 14.Bf2 Bd2 15.Ka1 Kb4 16.Ka2 Kc3 17.Kxa3 Kd3 18.b4 Ke2 19.Bg1 Kf1–+

50. ... Kxa4 51.Bf2

ഇതിനു പകരം വൈറ്റ് 51. Kc2 കളിച്ചാൽ അതിനെതിരെ ബ്ലാക്ക് വിജയം വരിക്കുന്ന രീതി അറിഞ്ഞിരിക്കേണ്ടതാണ്‌: 13.Kc2 Ka3! 14.Bf2 Kb4 15.Kd3 Kb3-+

51. .. Kb3! 52.Be1 Kb2! 53.Bf2 Kc1!

5

54.Be3+

മറ്റൊരു സാദ്ധ്യത ഇങ്ങനെ: 16.Ke2 Kc2 17.Be1 Bc7 18.Bf2 Ba5 19.Be3 Bc3 20.Bf2 Bd2 21.Bg1 Kc3–+

54. ... Kd1

6

55.Bf2

17. Bf4നെതിരെ ബ്ലാക്ക് ജയം നേടുന്ന രീതിയും പഠനാർഹം തന്നെ:

17. Bf4 Bb4 18.Bd2 Be7 19.Bf4 (19.Ba5 Bd6–+) 19...Ke1 20.Ke3 Bb4! 21.Be5 Bd2+ 22.Kd3 Bg5–+

 55. ... Ba3!

ശത്രുപാളയത്തിലേക്ക് ബിഷപ്പും നുഴഞ്ഞുകയറുന്നു.

 56.Ke3 Bc1+ 57.Kd3

7

57. ... Bd2!

ഇതോടെ വൈറ്റ് “സുഗ്സ്വാങ്ങ്”  (നല്ല നീക്കങ്ങളൊന്നുമില്ലാത്ത അവസ്ഥ) എന്ന സ്ഥിതിവിശേഷത്തിലകപ്പെടുന്നു.

 58.Be3 Be1 59.Bf4 Bf2! 60.Be5 Ke1 61.Kc3 Ke2 62.Kb4 Kf3 63.Kc5

8

63. ... Ke4! 0–1

വൈറ്റിനു ഏതെങ്കിലും ഒരു പോൺ നഷ്ടമാകും. സാവകാശം ബ്ലാക്ക് വിജയം നേടുകയും ചെയ്യും. അതിനാൽ വൈറ്റ് തോൽവി സമ്മതിച്ചു.

എൻഡ്ഗെയിമുകൾ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഈ ഗെയിം വിരൽ ചൂണ്ടുന്നത്. ഓപ്പണിങ്ങും മിഡിൽ ഗെയിമും മാത്രം അറിഞ്ഞതുകൊണ്ട് ആരും നല്ല കളിക്കാരാകുന്നില്ല. പൊതുവേ ഒരേ നിലവാരമുള്ള കളിക്കാർ തമ്മിൽ കളിക്കുമ്പോൾ 60 ശതമാനത്തിലധികം കളികളും എൻഡ്ഗെയിമിലാണ്‌ പര്യവസാനിക്കുക.

ആദ്യം എൻഡ്ഗെയിം, പിന്നീട് മിഡിൽ ഗെയിം ഒടുവിൽ മാത്രം ഓപ്പണിങ്ങ് - ഇതാണ്‌ അഭിലഷണീയമായ ചെസ്സ് പഠനക്രമം

കിരീടം ചൂടാതെ പോയ രാജാവ് എന്ന കോളത്തില്‍ നല്‍കിയ പ്രശ്‌നോത്തര മല്‍സരത്തിലെ ചെസ്സ് പ്രശ്‌നത്തിന്റെ ശരിയുത്തരം താഴെ നല്‍കുന്നു:

9

പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു:

  1. Ra3!
    1. 1. ... f2 2. Rhxb3 Kxh2 3. Rh3#
    2. 1. ... Nxe5 (Nd4) 2. Be4  N ഏതെങ്കിലും കളത്തിലേക്ക്നീക്കുന്നു
      1. Bxf3 #

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി:​ സച്ചിന്‍ ബാബു, പ്ലസ് ടു വിദ്യാര്‍ഥി

പ്രശ്നോത്തരമൽസരം - 8

‘ചെസ്സ് പ്രശ്നങ്ങളുടെ രാജകുമാരൻ’ സാം ലോയ്ഡ് രചിച്ച ചെസ്സ് പ്രശ്നം.

10

ആദ്യനീക്കം വൈറ്റിന്റേതാണ്‌.

ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ മൂന്നാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും)  മത്സരം 27/03/2017 ന് അവസാനിക്കും.

ചെസ്സ് കളിക്കൂ​

 

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍