സർ മുഹമ്മദ് ഉമ്മർ ഹയാത് ഖാൻ
മുഹമ്മദ് ഉമ്മർ ഹയാത് ഖാൻ

മേജർ ജനറൽ സർ മുഹമ്മദ് ഉമ്മർ ഹയാത് ഖാൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിച്ച യോദ്ധാവും ഭരണാധികാരിയുമായിരുന്നു. അവിഭക്ത പഞ്ചാബിലെ ഏറ്റവും വലിയ ഭൂവുടമകളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്‌ മറ്റ് പല വിനോദങ്ങളോടൊപ്പം ചെസ്സിലും താൽപ്പര്യമുണ്ടായിരുന്നു.

അക്കാലത്ത് പഞ്ചാബിൽ പ്രചാരത്തിലുണ്ടായിരുന്നത് ചതുരംഗമായിരുന്നു. മുസ്ലിം മതപണ്ഠിതനും ചതുരംഗവിദഗ്ദനുമായ തന്റെ പിതാവിൽ നിന്നും ആദ്യ കരുനീക്കങ്ങൾ പഠിച്ച ഒരു യുവാവ് പഞ്ചാബിലെ ഏറ്റവും കരുത്തനായ ചതുരംഗക്കളിക്കാരനായി മാറി. മാലിക്ക് മീർ സുൽത്താൻ ഖാൻ എന്നായിരുന്നു ആ യുവാവിന്റെ പേര്‌. 21കാരനായ സുൽത്താൻ ഖാനെ യൂറോപ്യൻ വിനോദമായ ചെസ്സ് പഠിപ്പിക്കുവാൻ തീരുമാനിച്ച സർ ഉമ്മർ അയാ ളെ തന്റെ സേവകനാക്കി. ചെസ്സ് പൊടുന്നനെ പഠിച്ച സുൽത്താൻ ഖാന്റെ മികവ് കണ്ട് സർ ഉമ്മർ അയാൾക്കായി മാത്രം ഒരു ഓൾ ഇന്ത്യാ ചെസ്സ് മൽസരം സംഘടിപ്പിച്ചു. 1928ൽ നടന്ന ആ മൽസരത്തിൽ 8 കളികൾ വിജയിച്ച് ഒരു കളിയിൽ മാത്രം  സമനില വഴങ്ങി സുൽത്താൻ ഖാൻ ജേതാവായി.

64 കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച നാട്ടുമ്പുറത്തുകാരന്‍

മീർ സുൽത്താൻ ഖാൻ
മീർ സുൽത്താൻ ഖാൻ

ഇംഗ്ലണ്ടിലും സ്വന്തമായൊരു വസതിയുണ്ടായിരുന്ന സർ ഉമ്മർ അടുത്ത വർഷം സുൽത്താൻ ഖാനു വേണ്ടി ലണ്ടനിൽ ഒരു പരിശീലനമൽസരം സംഘടിപ്പിച്ചു. പരിചയസമ്പന്നരായ പാശ്ചാത്യചെസ്സ്താരങ്ങളോടേറ്റുമുട്ടിയ സുൽത്താൻ ഖാൻ ദയനീയമായി പരാജയപ്പെട്ട് അവസാനസ്ഥാനക്കാരനായി. എന്നിട്ടും തന്റെ സേവകന്റെ പ്രതിഭയിൽ വിശ്വാസം കൈവിടാതെ സർ ഉമ്മർ സുൽത്താൻ ഖാന്‌ കൂടുതൽ ചെസ്സ് പരിശീലനം ലഭിക്കുവാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുത്തു. ചെസ്സ് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് അതേ വർഷം നടന്ന അതിശക്തമായ ബ്രിട്ടീഷ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അജ്ഞാതനും ഏതാണ്ട് നിരക്ഷരനുമായ സുൽത്താൻ ഖാൻ കിരീടം ചൂടി. അധികം താമസിയാതെ അയാൾ തന്റെ യജമാനനോടൊപ്പം ഭാരതത്തിലേക്ക് മടങ്ങി.

1930ൽ വീണ്ടും യജമാനനോടൊപ്പം യൂറോപ്പിൽ തിരിച്ചെത്തിയ സുൽത്താൻ ഖാൻ ഇതിഹാസതുല്യമായൊരു ജൈത്രയാത്രയാണ്‌ നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച നിരവധി ചെസ്സ് ചാമ്പ്യന്മാരെ അടിയറവ് പറയിക്കുകയും സമനിലയിൽ തളക്കുകയും ചെയ്ത ഈ മൗലികപ്രതിഭാശാലി അന്തർദേശീയ ചെസ്സ് ടൂർണ്ണമെന്റുകളിൽ അഭിമാനകരങ്ങളായ സ്ഥാനങ്ങൾ കരസ്ഥമാക്കി. അതിഗംഭീരമായൊരു ഗെയിമിൽ മുൻ ലോകചാമ്പ്യൻ കാപ്പബ്ലാങ്കയെ പരാജയപ്പെടുത്തിയ സുൽത്താൻ ഖാൻ  ലോകചാമ്പ്യൻ ആലഖൈൻ, ഭാവിലോകചാമ്പ്യൻ മാക്സ് ഈവ് എന്നിവരോട് സമനിലപാലിച്ചു.

വീണ്ടും രണ്ട് തവണ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ഈ യുവാവ് 3 ലോക ചെസ്സ് ഒളിമ്പ്യാഡുകളിൽ ബ്രിട്ടനുവേണ്ടി ഒന്നാം ബോർഡിൽ കളിച്ചുകൊണ്ട് മികവുറ്റ പ്രദർശനം കാഴ്ചവെച്ചു. സമകാലിക ലോകചെസ്സിലെ മഹാരഥന്മാരായ ടാർട്ടക്കോവർ, ഫ്രാങ്ക് മാർഷൽ, സാലോ ഫ്ലോർ, യേറ്റ്സ് തുടങ്ങിയ പല മാസ്റ്റർമാരും ഖാന്റെ കരുനീക്കങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി. 1933 ഡിസംബർ മാസത്തിൽ യജമാനനോടൊപ്പം ജന്മനാട്ടിലേക്ക് മടങ്ങിയ ഈ അസാമാന്യപ്രതിഭ പിന്നീടൊരിക്കലും അന്തർദേശീയ ചെസ്സിലേക്ക് തിരിച്ചുവന്നില്ല.

വളരെ വൈകി മാത്രം ചെസ്സ് പഠിച്ച സുൽത്താൻ ഖാന്‌ ചെസ്സ് തീയറി പഠിക്കാൻ വേണ്ടത്ര ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം സ്വന്തമായുണ്ടായിരുന്നില്ല. അന്യമായൊരു സംസ്ക്കാരപരിസരത്ത് തന്നോട് കനിവുകാണിക്കാത്തൊരു കാലാവസ്ഥയോടും കൂടി പോരാടിയാണ്‌ ഈ നാട്ടുമ്പുറത്തുകാരൻ 64 കളങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. തണുപ്പ് മൂലം ജലദോഷവും പനിയും മലമ്പനിയും മറ്റ് അസുഖങ്ങളും പിടിപെട്ട സുൽത്താൻ ഖാൻ തണുപ്പിൽ നിന്നും ആശ്വാസം നേടുന്നതിനായി വിരലുകൾക്കും കഴുത്തിനും ചുറ്റും തുണി ചുറ്റിയും തലയിൽ പരമ്പരാഗത തലപ്പാവ് ധരിച്ചുമാണ്‌ ടൂർണ്ണമെന്റുകളിൽ പങ്കെടുത്തത്.

Chess gaint

സർ ഉമ്മർ സമ്മാനിച്ച ഭൂമിയിൽ കൃഷിക്കാരനായി അദ്ദേഹം ശിഷ്ടകാലം കഴിച്ചുകൂട്ടി. തന്റെ മക്കളെ ചെസ്സ് പഠിപ്പിക്കുവാൻ അദ്ദേഹം താൽപ്പര്യപ്പെട്ടില്ല.   ക്ഷയരോഗം ബാധിച്ച് 1966 ഏപ്രിൽ 25ന്‌ തന്റെ അറുപത്തൊന്നാം വയസ്സിൽ പാക്കിസ്ഥാനിലെ സർഗോധയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ അപൂർവ്വപ്രതിഭാശാലി ജീവിതത്തോട് യാത്രപറഞ്ഞു.

“മിഡിൽഗെയിമിൽ ഇദ്ദേഹത്തെ വെല്ലുന്ന കളിക്കാർ അപൂർവ്വം, എൻഡ്ഗെയിമിൽ ലോകത്തെ ഏറ്റവും മികച്ച രണ്ടോ മൂന്നോ കളിക്കാരിൽ ഒരാൾ, ലോകത്തെ ഏറ്റവും മികച്ച പത്ത് ചെസ്സ് കളിക്കാരിൽ ഒരാൾ” 

ഇങ്ങനെയാണ്‌ പ്രശസ്ത ചെസ്സ് ലേഖകരായ ഹൂപ്പറും വൈൽഡും സുൽത്താൻ ഖാന്റെ പ്രതിഭയെ വിലയിരുത്തിയത്. ചെസ്സിലെ അനശ്വര ഇതിഹാസപുരുഷനായ കാപ്പബ്ലാങ്ക അപൂർവ്വം ചിലരെ മാത്രമേ ‘ജീനിയസ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളു. അതിലൊന്ന് സുൽത്താൻ ഖാനായിരുന്നു.

ലോക ചെസ്സ് ഫേഡറേഷൻ പല പഴയകാല ചെസ്സ് പ്രതിഭകളേയും മരണശേഷം ഗ്രാൻഡ് മാസ്റ്റർ, ഇന്റർ നാഷണൽ മാസ്റ്റർ എന്നീ പട്ടങ്ങൾ നൽകി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സുൽത്താൻ ഖാൻ എന്ന അസാമാന്യപ്രതിഭശാലിക്ക് അർഹിക്കുന്ന അംഗീകാരം നൽകുവാനോ നേടിക്കൊടുക്കുവാനോ നമ്മുടെ രാഷ്ട്രം ഇന്നേവരെ ശ്രമിച്ചിട്ടില്ല എന്നതാണ്‌ ദുഖസത്യം.

രാജ്ഞിയെയും ചര്‍ച്ചിലിനെയും കളി പഠിപ്പിച്ച ഫാത്തിമ

വിരലിലെണ്ണാവുന്ന ചെസ്സ്പ്രേമികൾ മീർ സുൽത്താൻ ഖാനെക്കുറിച്ച് കേട്ടിരിക്കാം. പക്ഷെ ചരിത്രത്തിന്റെ  ഇരുണ്ട ഏടുകളിൽ ഇന്നും വെളിച്ചം കാണാതെ കിടക്കുന്നൊരു പേരുണ്ട് - ഫാത്തിമ.

ഫാത്തിമ
ഫാത്തിമ

സർ ഉമ്മറിന്റെ ലണ്ടനിലെ വസതിയിലെ സേവകയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയായിരുന്നു ഫാത്തിമ. 1932ലെ ബ്രിട്ടീഷ് ചെസ്സ് മാഗസിനിന്റെ പേജ് 381ൽ ഫാത്തിമയുടെ പേര്‌ പരാമർശിക്കപ്പെടുന്നു. സർ ഉമ്മറിന്റെ വസതിയിൽ സുൽത്താൻ ഖാന്റെ പക്കൽ നിന്നും മറ്റ് സേവകരുടെ പക്കൽനിന്നും പരിശീലനം നേടി വന്ന ഫാത്തിമ എന്ന പെൺകുട്ടി ജനശ്രദ്ധ പിടിച്ചുപറ്റി എന്നും തന്റെ ജീവിതതിൽ കളിച്ച ആദ്യ ടൂർണ്ണമെന്റിൽ തന്നെ ആ പെൺകുട്ടി  ചെസ്സ് ആസ്വാദകരിൽ മതിപ്പുളവാക്കി എന്നും മാഗസിൻ പറയുന്നു. 1932ലെ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ ആദ്യവരവിൽത്തന്നെ ആറാംസ്ഥാനം ഫാത്തിമ കരസ്ഥമാക്കി.

1933ലെ ബ്രിട്ടീഷ് ചെസ്സ് മാഗസിന്റെ പേജ് 375 കുറേക്കൂടി ആവേശകരമായ കഥ പറയുന്നു. 4 മുൻ ബ്രിട്ടീഷ് വനിതാ ചാമ്പ്യന്മാരും നിരവധി പരിചയസമ്പന്നരായ വനിതാതാരങ്ങളും പങ്കെടുത്ത ടൂർണ്ണമെന്റിൽ ഫാത്തിമ എല്ലാവരേക്കാളും പ്രാഗത്ഭ്യം തെളിയിച്ചു.  10 കളികളിൽ 9 കളികൾ വിജയിക്കുകയും ഒരു കളി സമനില പാലിക്കുകയും ചെയ്തുകൊണ്ട് ഫാത്തിമ ഒരു സർവ്വകാല റെക്കോർഡ് സ്ഥാപിച്ചു.

ഫാത്തിമ 1
ഫാത്തിമ

പാശ്ചാത്യചെസ്സ് ലോകത്തെ അമ്പരപ്പിച്ച ഫാത്തിമയുടെ അവസാനത്തെ ചെസ്സ് മൽസരമായിരുന്നു ഇത്. പിന്നീട് ഫാത്തിമയെ ലോകം കാണുന്നത് 57 വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ടി വിയുടെ ചാനൽ 4ലെ ഒരു ഇന്റർവ്യൂവിലാണ്‌. ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസറ്റൺ ചർച്ചിൽ, ബ്രിട്ടീഷ് രാജ്ഞി മേരി എന്നിവരെ ചെസ്സ്ബോർഡിനുമുന്നിൽ അഭിമുഖീകരിച്ച അനുഭവകഥകൾ അവർ പങ്കുവെക്കുന്നു.

ചെസ്സ്കളിയിൽ ദുർബ്ബലനായ ചർച്ചിലിനോട് ചെസ്സ് കളിക്കുവാൻ ഫാത്തിമക്ക് താല്പ്പര്യമുണ്ടായിരുന്നില്ല.എങ്കിലും അദ്ദേഹത്തെ സന്തോഷിപ്പിക്കുവാനായി അദ്ദേഹത്തോട് ചെസ്സ് കളിക്കുവാൻ തയ്യാറായി. ഫാത്തിമ ചർച്ചിലിനോട് പറഞ്ഞു

വിൻസറ്റൺ ചർച്ചിൽ
സർ വിൻസറ്റൺ ചർച്ചിൽ

“ഞാൻ അങ്ങയോട് തോറ്റ് തരാം”. ചർച്ചിൽ പ്രതികരിച്ചു. “അത് വേണ്ട. സാധിക്കാവുന്നതിൽ ഏറ്റവും നല്ല കരുനീക്കങ്ങൾ നടത്തൂ”. ഗ്രാമീണമായ നിഷ്ക്കളങ്കതയോടെ ഫാത്തിമ ഉടൻ മറുപടി നല്കി, “അങ്ങിനെയെങ്കിൽ ഒരുപക്ഷെ വെറും രണ്ടോ മൂന്നോ നീക്കങ്ങൾ കൊണ്ട് ഞാൻ വിജയിക്കും”

മറ്റൊരവസരത്തിൽ രാജ്ഞിയെ ചെസ്സ് പഠിപ്പിക്കാനായി ഫാത്തിമ കൊട്ടാരത്തിലെത്തി. രാജ്ഞിയോടവർ പറഞ്ഞു

മേരി രാജ്ഞി
 മേരി രാജ്ഞി

“ ചെസ്സ് പെട്ടെന്ന് പഠിക്കാനാവില്ല. ഇതൊരു നീണ്ട പ്രക്രിയയാണ്‌”. അങ്ങിനെയെങ്കിൽ ചെസ്സിന്റെ ബാലപാഠങ്ങൾ തനിക്ക് പറഞ്ഞുതരുവാൻ രാജ്ഞി ആവശ്യപ്പെട്ടു. ഫാത്തിമ ചെസ്സിലെ കാലാളുകളേയും രാജാവിനേയും രാജ്ഞിയേയുമൊക്കെ വിശദീകരിക്കാൻ തുടങ്ങി. രാജ്ഞി പറഞ്ഞു “അയ്യോ ഇത് ഭയങ്കര പാടാണല്ലോ. ഇതെനിക്ക് വഴങ്ങില്ല. ഇപ്പോൾ തന്നെ തലവേദനിക്കുന്നു”. ക്ഷമ കൈവിടാതെ   ഫാത്തിമ രാജ്ഞിയോട് അപ്പോൾ പറഞ്ഞത്രെ “സാരമില്ല, നമുക്ക് സാവകാശം ചെസ്സ് പഠിക്കാം, ബുദ്ധിമുട്ടാണെങ്കിലും. അങ്ങനെ പഠിച്ച് എന്നെപ്പോലെ നല്ല കളിക്കാരി ആയിമാറുന്നുണ്ട് എന്നു തോന്നിയാൽ അപ്പോൾ . .  . ”ഫാത്തിമ മുഴുമിപ്പിക്കുന്നതിനുമുൻപ് രാജ്ഞി ഇടപെട്ട് പറഞ്ഞു “അതൊരിക്കലും ഉണ്ടാവില്ല ! ”.

 

ബ്രിട്ടീഷ് ചെസ്സ് മാഗസിനിൽ ഫാത്തിമയുടെ മികച്ച എൻഡ്ഗെയിം പാടവത്തിന്റെ ദൃഷ്ടാന്തമായി നൽകിയ ഒരു കളിയുടെ എതാനും നീക്കങ്ങൾ മാത്രമാണ്‌ ആ പെൺകുട്ടിയുടെ ചെസ്സ് പ്രതിഭയുടെ അടയാളമായി ആകെ അവശേഷിക്കുന്നത്. ആ പൊസിഷനും നീക്കങ്ങളും താഴെ നൽകുന്നു:

ഗെയിം 1

വൈറ്റ്   - ഫാത്തിമ    

ബ്ലാക്ക്    - മിസ്സിസ്. സ്റ്റീവൻസൻ

ബ്രിട്ടീഷ് വനിതാ ചാമ്പ്യൻഷിപ്പ് 1933

1

30...Rg8 31 Rxg8 Qxg8 32 Qd4 Qd8 33 Qd6+ Qxd6 34 exd6+ Kd7 35 Bc4 b5 36 Bb3 Ke8 37 Kd2 Kf7 38 Kc3 Kf6 39 Kd4 Bd7 40 Bd1 Be8 41 h4 Bf7

2

42 d7 Ke7 43 Ke5 Kxd7 44 Kf6 Be8 45 Bb3 Kc7 46 Bxe6 1-0

ഒരു സഹൃദയനായ യജമാനന്റെ സേവകരായിവന്ന് തങ്ങളുടെ അസാമാന്യപ്രതിഭയുടെ മുദ്രകൾ പതിപ്പിച്ച് ഹ്രസ്വകാലം മാത്രം കളിക്കളത്തിൽ നിലകൊണ്ട് വിസ്മൃതിയിലേക്കാണ്ടുപോയ സുൽത്താൻ ഖാനേയും ഫാത്തിമയേയും ‘ഭാരതത്തിന്റെ ആദ്യ ഗ്രാൻഡ്മാസ്റ്റർ“, ”ഭാരതത്തിന്റെ ആദ്യ വുമൺ ഗ്രാൻഡ്മാസ്റ്റർ“ എന്നിങ്ങനെ നാം നമ്മുടെ ഹൃദയത്തിൽ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

മുൻ ലോക ചെസ്സ് ചാമ്പ്യൻ കാപ്പബ്ലാങ്ക
മുൻ ലോക ചെസ്സ് ചാമ്പ്യൻ കാപ്പബ്ലാങ്ക

ഗെയിം  2                                                                                                    

വൈറ്റ്    - മീർ സുൽത്താൻ ഖാൻ               

 ബ്ലാക്ക്   - ജോസ് റൗൾ കാപ്പബ്ലാങ്ക

ഹേസ്റ്റിങ്ങ്സ് ടൂർണ്ണമെന്റ് 1930

1.Nf3 Nf6 2.d4 b6 3.c4 Bb7 4.Nc3 e6 5.a3 d5 6.cxd5 exd5 7.Bg5 Be7 8.e3 0–0 9.Bd3 Ne4 10.Bf4 Nd7 11.Qc2 f5 12.Nb5 Bd6 13.Nxd6 cxd6 14.h4 Rc8 15.Qb3 Qe7 16.Nd2 Ndf6 17.Nxe4 fxe4 18.Be2 Rc6 19.g4 Rfc8 20.g5 Ne8 21.Bg4 Rc1+ 22.Kd2 R8c2+ 23.Qxc2 Rxc2+ 24.Kxc2 Qc7+ 25.Kd2 Qc4 26.Be2 Qb3 27.Rab1 Kf7 28.Rhc1 Ke7 29.Rc3 Qa4 30.b4 Qd7 31.Rbc1 a6 32.Rg1 Qh3 33.Rgc1 Qd7 34.h5 Kd8 35.R1c2 Qh3 36.Kc1 Qh4 37.Kb2 Qh3 38.Rc1 Qh4 39.R3c2 Qh3 40.a4 Qh4 41.Ka3 Qh3 42.Bg3 Qf5 43.Bh4 g6 44.h6 Qd7 45.b5 a5 46.Bg3 Qf547.Bf4 Qh3 48.Kb2 Qg2 49.Kb1 Qh3 50.Ka1 Qg2 51.Kb2 Qh3 52.Rg1Bc8 53.Rc6 Qh4 54.Rgc1 Bg4 55.Bf1 Qh5 56.Re1 Qh1 57.Rec1 Qh558.Kc3 Qh4 59.Bg3 Qxg5 60.Kd2 Qh5 61.Rxb6 Ke7 62.Rb7+ Ke663.b6 Nf6 64.Bb5 Qh3 65.Rb8 1–0

ചെസ്സ് ചാമ്പ്യൻ വേരാ മെഞ്ചിക്ക്
​മുൻ ലോക വനിതാ ചെസ്സ് ചാമ്പ്യൻ വേരാ മെഞ്ചിക്ക്

ഗെയിം 3

വൈറ്റ്     - മീർ സുൽത്താൻ ഖാൻ  

ബ്ലാക്ക്     - വേരാ മെഞ്ചിക്ക്

സ്കാർബറോ ടൂർണ്ണമെന്റ് 1930

1.e4 c6 2.d4 d5 3.exd5 cxd5 4.Bd3 Nc6 5.c3 Qc7 6.Ne2 e6 7.Bf4 Bd6 8.Bg3 Nf6 9.Nd2 0–0 10.f4 Nh5 11.0–0 f5 12.Rc1 Nxg3 13.hxg3 Qf7 14.Nf3 Be7 15.Qc2 h6 16.g4 fxg4 17.Ne5 Nxe5 18.fxe5 Qe8 19.Bg6 Qd8 20.Rxf8+ Bxf8 21.Rf1 Be7 22.Bh7+ Kh8 23.Nf4 g5 24.Ng6+ Kg7 25.Nxe7 1–0

ഗെയിം 4

വൈറ്റ്                                    ബ്ലാക്ക്

മീർ സുൽത്താൻ ഖാൻ              ബാർഡ ഒലാഫ്

ഹാംബർഗ് ടൂർണ്ണമെന്റ് 1930

1.e4 e6 2.d4 d5 3.exd5 exd5 4.Bd3 Bd6 5.Ne2 Nf6 6.Bf4 0–0 7.0–0 Re8 8.Nbc3 c6 9.Bxd6 Qxd6 10.Ng3 Kh8 11.Qd2 Be6 12.Nce2 Nbd7 13.Rae1 Nf8 14.Nf4 Bd7 15.Nfh5 Bg4 16.Qg5 Bxh5 17.Nf5 Ne6 18.Rxe6 Qf8 19.Rxf6 Bg6 20.Rd6 h6 21.Qg3 Bxf5 22.Bxf5 Re7 23.Bd3 Rae8 24.h4 Re6 25.Rxe6 Rxe6 26.c3 Qe8 27.h5 1–0

ഗെയിം 5

വൈറ്റ്                                    ബ്ലാക്ക്

മീർ സുൽത്താൻ ഖാൻ              ആർ. പി. മിഷൽ

ഹേസ്റ്റിങ്ങ്സ് ടൂർണ്ണമെന്റ് 1930

1.d4 Nf6 2.c4 e6 3.Nc3 Bb4 4.e3 0–0 5.Bd3 c5 6.Nge2 Nc6 7.0–0 d5 8.a3 Bxc3 9.bxc3 b6 10.cxd5 exd5 11.Ng3 c4 12.Bc2 Re8 13.f3 b5 14.e4 Qb6 15.Kh1 g6 16.Bg5 Ne7 17.Qd2 Bb7 18.Qf4 Nd7 19.e5 Rac8 20.Qh4 Nc6 21.f4 Nxd4 22.cxd4 Qxd4 23.Nf5 gxf5 24.Bxf5 Nf8 25.Bf6 1–0

ഹ്രസ്വം സുന്ദരം എന്ന ചെസ്സ് കോളത്തിലെ പ്രശ്‌നോത്തര മല്‍സരത്തിന്റെ ഉത്തരം കാഴെ കൊടുക്കുന്നു

3

പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നൽകുന്നു.

1.Qb7!

a). 1. ... Kxf5 2. Qb1#

b) 1. ... Kf7 2. Nf4#

c) 1. ... Nc8/c6/d5/xf5/g8 2. Qh7#

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: കെ.അരുണ്‍, തൃശൂര്‍

പ്രശ്നോത്തരമൽസരം 13

4

ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ നാലാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 25/06/2017 ന്‌​ അവസാനിക്കും

ചെസ്സ് കളിക്കൂ​

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍