കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കലോത്സവമായ ' ലോങ് മാര്‍ച്ചില്‍ ' പങ്കെടുത്തതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് എം.എ. മലയാളം വിദ്യാര്‍ഥിയായ വിഷ്ണു കാണൂര്‍. പ്രാദേശിക കേന്ദ്രങ്ങളിലും കാലടി മുഖ്യകേന്ദ്രത്തിലുമുള്ള വിദ്യാര്‍ഥികളാണ് മൂന്നു ദിവസങ്ങളായി കാലടിയില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്തത് വിജയക്കൊടി കൈയിലേന്തി ഓവറോള്‍ കിരീടവും നേടിയേ തിരിച്ചു വരൂ എന്ന പ്രതിജ്ഞ മനസ്സിലുറപ്പിച്ചൊന്നുമല്ല  കാലടി സംസ്‌കൃത സര്‍വകലാശാലയുടെ തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം വിദ്യാര്‍ഥികള്‍ 'ലോങ് മാര്‍ച്ചി'ലേക്ക് കുതിച്ചത്. ഞങ്ങളെ സംബന്ധിച്ച് പരിമിതികള്‍ക്കുള്ളില്‍നിന്ന് പരമാവധി കലാപ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുകയായിരുന്നു അവിടെ. എല്ലാത്തിലുമുപരി സഹപാഠികളോടൊത്ത് മൂന്നു ദിനരാത്രങ്ങളിലൂടെ അവിസ്മരണീയമായ അനുഭവങ്ങളെയും ജീവിതത്താളുകളില്‍ എഴുതിച്ചേര്‍ക്കണമായിരുന്നു.

സംഗീത-നൃത്ത-അഭിനയകല പഠനവിഷയമായുള്ള മുഖ്യകേന്ദ്രത്തോടും നമ്മുടേതിനേക്കാള്‍ എത്രയോ നിലവാരമുള്ള മറ്റ് കേന്ദ്രങ്ങളോടും ഏറ്റുമുട്ടാനാണ് ഇത്തരം കലാവിഷയങ്ങളില്‍ ആധികാരിക ജ്ഞാനമില്ലാതിരുന്ന തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം ഇറങ്ങിയത്.
സംസ്‌കൃത നാടകം, മൈം, തിരുവാതിര, പ്രശ്നോത്തരി തുടങ്ങിയ ഗ്രൂപ്പിനങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം കൊടുത്ത് അഭ്യസിച്ചു പോന്നത്. വ്യക്തി ഇനങ്ങളിലും മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും പ്രാധാന്യം കൊടുത്തിരുന്ന സംസ്‌കൃത നാടകത്തെ ഇക്കുറിയും പുതുമയോടെ വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിച്ചു.

യുവ നാടകപ്രവര്‍ത്തകന്‍ നിബിന്‍ ഉണ്ണിയുടെ സംവിധാനത്തില്‍ സംസ്‌കൃത നാടകമായ 'കംസവധ'മാണ് അവതരിപ്പിച്ചത്. സംസ്‌കൃത നാടകവുമായി മുന്‍പരിചയം ഇല്ലാതിരുന്നവര്‍ ചുരുക്കം ദിവസങ്ങളിലാണ് നാടകവുമായി ഇണങ്ങി ചേര്‍ന്നത്. സമകാലിക പ്രസക്തിയുള്ള ശക്തമായ വിഷയങ്ങളെ അവലംബിച്ച മൈമും ക്ലാസിക്കല്‍ ഭാവുകത്വത്തെ നവീനമായി ആവിഷ്‌കരിച്ച കംസവധവും അരങ്ങിലെ ജനപ്രിയ ഘടകങ്ങളായി മാറി. അധ്യാപക-അനധ്യാപകരായ ഡോ. കെ. ആര്‍. ടോണി, ഡോ. പി.എം. മഞ്ജു, പി.എസ്. രാഗി, ബൈജു ചുമ്മാര്‍ ചൂണ്ടല്‍ എന്നിവരും ലോങ്മാര്‍ച്ചിനു പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. വിദ്യാര്‍ഥിനി കെ.എസ്. ശ്രുതി സാങ്കേതികസഹായം നല്‍കി.