വാഹനമോഷണം തടയാനുള്ള പുതിയ സാങ്കേതിക വിദ്യക്ക് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ രൂപം നല്‍കി. അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് പ്രോജക്ടിന്റെ ഭാഗമായി പുതിയ സംവിധാനം നിര്‍മിച്ചത്.
പുതിയ സാങ്കേതിക വിദ്യക്ക് ഹാന്‍ഡ് ബ്രേക്ക് സെക്യൂരിറ്റി സിസ്റ്റം (എച്ച്.ബി.എസ്.എസ്.) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ വാഹന മോഷണം തടയാന്‍ ധാരാളം സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും ഇതൊന്നും പൂര്‍ണമായി പ്രയോജനം ചെയ്യുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പുതിയ സംവിധാനത്തില്‍ ഹാന്‍ഡ് ബ്രേക്കിന്റെ ലിവര്‍ വലിച്ചിടുമ്പോള്‍ ഡിസ്‌ക് ബ്രേക്കിന്റെ പ്രത്യേകം നിര്‍മ്മിച്ച വിടവില്‍ ലോക്ക് വീഴുന്നു. ഇതോടെ വാഹനത്തിന്റെ ടയര്‍ ഒരു തരത്തിലും ചലിപ്പിക്കാനാകാത്ത സ്ഥിതിയിലാകും.
മാത്രമല്ല ലിവര്‍ അഴിക്കാന്‍ ശ്രമിച്ചാല്‍ അലാറം മുഴങ്ങുകയും ചെയ്യും. ലളിതമായ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളേക്കാള്‍ 70 ശതമാനം വിലക്കുറവും വിശ്വാസ്യതയും ഈ പുതിയ ഉപകരണത്തിനുണ്ടെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. ചെറുകാറുകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ സംവിധാനമെന്നും ഇവര്‍ പറയുന്നു.
അധ്യാപകരായ ഗോകുല്‍ ഗോപന്‍, പ്രവീണ്‍ ദത്തന്‍, വൈശാഖ് ബി.കൃഷ്ണന്‍, പ്രൊഫ.പി.ഹരിദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളായ കിഷോര്‍ പ്രദീപ്, അമല്‍ പ്രസാദ്, ഗോകുല്‍ കെ.ആര്‍., അഖില്‍ എ. എന്നിവരാണ് പുതിയ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്.