മുത്തശ്ശിമാവിന്റെ ചുവട്ടിലോട്ടെത്തി ചുറ്റുമൊന്ന് കണ്ണോടിച്ചാൽമതി ആർട്‌സിന്റെ ഹൃദയതാളം അറിയാൻ. ഇപ്പോൾ നിങ്ങൾക്കുതോന്നും പറഞ്ഞുവരുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ മാവിനെപ്പറ്റിയാണോയെന്ന്. അല്ലേയല്ല. ഇത് ആർട്‌സിന്റെ മുത്തശ്ശിമാവാണ്. ഇന്നും മധുരമുള്ള മാമ്പഴം കൈനിറയെനൽകുന്ന ആർട്‌സിന്റെ സ്വന്തം മുത്തശ്ശി മാവ്.

1960 മുതൽ ആർട്‌സിനെ സംബന്ധിക്കുന്ന എന്തിലും മുത്തശ്ശിമാവിന്റെ പങ്ക് ചെറുതല്ല. കോളേജിന്റെ മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്നതുകൊണ്ട് വിദ്യാർഥികളുടെ പതിവിടങ്ങളെല്ലാംതന്നെ മുത്തശ്ശിമാവിന് പ്രസക്തി നൽകുന്നുണ്ട്. മാവിൻ ചുവട്ടിൽ നിന്നൊന്ന് ചുറ്റും നോക്കിയാൽ....എന്റെ സാറേ...ചുറ്റുമുള്ള ആർട്‌സ് കോളേജ് കണ്ട് കണ്ണ് തള്ളിപ്പോകും. ലൈബ്രറി, യൂണിയൻ ഓഫീസ്, ഓപ്പൺ എയർ ഓഡിറ്റോറിയം അങ്ങനെയെന്തും ഏതും മുത്തശ്ശിമാവിന്റെ കണ്ണെത്തുന്ന ദൂരത്തിലാണ്. ആർട്‌സിന്റെ ആഘോഷങ്ങളും കഥയും കവിതയും  ചർച്ചകളും രാഷ്ട്രീയവുമൊക്കെ മുത്തശ്ശിമാവിനറിയാം.

മുത്തശ്ശിമാവും അതിനെ ചുറ്റിപ്പറ്റിനിൽക്കുന്ന ചമതയും പാതിരാപൂവും കാഞ്ഞിരമരച്ചുവടുമെല്ലാം അറിയാതെ ആർട്‌സിന് മാത്രമായൊരു രഹസ്യമില്ല. ഇത് ഞാൻ പറയുന്നതല്ല കേട്ടോ..യൂണിവേഴ്‌സിറ്റി ആർട്‌സ് കോളേജിലെ വിദ്യാർഥികൾ ഒന്നടങ്കം ഈ പക്ഷക്കാരാണ്. അത്രത്തോളം ആർട്‌സിലെ വിദ്യാർഥി ജീവിതവുമായി ഇഴചേർന്ന് കിടക്കുകയാണ് മുത്തശ്ശിമാവിന്റെ ചുവടും അതിന്റെ പരിസരവും.

മൂന്നുവർഷം മുൻപുവരെ മുത്തശ്ശിമാവിന്റെ ചുവട്ടിൽ അതിനുകൂട്ടായി ഒരു ചുമടുതാങ്ങിയും ഉണ്ടായിരുന്നു. എന്നാൽ, കലാലയത്തെ മോടിപിടിപ്പിക്കുന്നതിന്റെഭാഗമായി ചുമടുതാങ്ങി നീക്കംചെയ്ത് പകരം ഒരു സംരക്ഷണഭിത്തി കെട്ടി. പക്ഷേ, മുത്തശ്ശിമാവിന്റെ മുന്നിലെ വിദ്യാർഥികളുടെ ഒത്തുചേരലുകളും സംവാദങ്ങളും അവസാനിക്കുന്നില്ല. ഇനിയും അതിങ്ങനെ തലയെടുപ്പോടെ നിൽക്കും. ആർട്‌സിന്റെ പടികടന്ന് ഇവിടേക്കെത്തുന്നവർക്ക് കലാലയ ജീവിതത്തിന്റെ ചൂടും ചൂരും പകർന്നു നൽകാൻ.

(ആർട്‌സ് കോളേജ് രണ്ടാംവർഷ ഇക്കണോമിക്‌സ് ബിരുദവിദ്യാർഥി ഉണ്ണിക്കൃഷ്ണൻ വേണുഗോപാൽ തയ്യാറാക്കിയ കുറിപ്പിൽനിന്ന്‌)