തൃശ്ശൂർ:  സെന്റ് മേരീസ് കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ടമെന്റിൽ നിറയെ ട്രോഫികളാണ്. കായികവളർച്ചയെ അടയാളപ്പെട്ടുത്തുന്നതാണ് ഓരോന്നും. മികച്ച കായികതാരങ്ങളെ കണ്ടെത്തി പരിശീലനത്തിലൂടെ അവരെ ദേശീയ- അന്തർദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നു ഈ കോളേജ്. സാധാരണ കുടുംബത്തിൽനിന്ന് വരുന്ന വിദ്യാർഥിനികൾക്ക് മികച്ച അടിസ്ഥാനസൗകര്യവും പരിശീലനവും നൽകുന്നുണ്ടിവിടെ.

കേരളത്തിൽനിന്ന് അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്ന 19 പേരെ സംഭാവനചെയ്തത് സെന്റ്‌ മേരീസ് കോളേജാണെന്നതിൽ തൃശ്ശൂരിന് അഭിമാനിക്കാം. ഇപ്പൊഴിതാ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഗ്രിഗേറ്റ് വിമൻസ് ചാമ്പ്യൻഷിപ്പ് വീണ്ടും സെന്റ് മേരീസ് കോളേജ് നേടിയിരിക്കുകയാണ്.

11 വർഷത്തിനുശേഷമാണ് കോളേജ് വീണ്ടും ചാമ്പ്യന്മാരായത്. നാലാം തവണയാണ് നേട്ടം സ്വന്തമാക്കുന്നത്. കായികലോകത്തേക്ക് ദേശീയ- അന്തർദേശീയ താരങ്ങളെ സംഭാവനചെയ്ത കോളേജിന് വീണ്ടുമൊരു പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും. 2012-ലെ ജി.വി. രാജപുരസ്‌കാരജേതാവ് എം.എ. പ്രജുഷ കോളേജിലെ പൂർവവിദ്യാർഥിയാണെന്നത് കോളേജിന്റെ മറ്റൊരു സ്വകാര്യ അഹങ്കാരമാണ്.

വിജയം കൂട്ടായ്മയുടേത്

ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി ഗീത ബെനഡിക്ടിന്റെ കാലത്താണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിമൻസ് ചാമ്പ്യൻഷിപ്പ് അവസാനമായി കോളേജ് സ്വന്തമാക്കിയത്. ഹോസ്റ്റൽ സൗകര്യത്തോടെയുള്ള കോളേജിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി 70 കായികതാരങ്ങളാണ് ഇപ്പോൾ പഠിക്കുന്നത്. ഇതിൽ കൂടുതൽപ്പേർ ബി.എ. ഇക്കണോമിക്‌സ്, ഹിസ്റ്ററി വിദ്യാർഥികളാണ്.

പരിശീലനത്തിനും മത്സരത്തിനും എന്നതുപോലെത്തന്നെ പരീക്ഷകളിലും ഇവർ മുന്നിൽത്തന്നെയുണ്ട്. എൻ.സി.സി. ഓഫീസറായ ലെഫ്‌റ്റ്നന്റ് അനു ഡി. ആലപ്പാട്ട് ആണ് ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ടമെന്റ് മേധാവി. ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടുവർഷം രണ്ടാംസ്ഥാനം നേടിയതാണ് അനു ഡി. ആലപ്പാട്ടിന്റെ ടീം. മികച്ചൊരു ഹാന്റ്‌ബോൾ താരം കൂടിയാണ് ഇവർ. കോളേജ് മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പൂർണ പിന്തുണയിലൂടെയാണ് കുട്ടികൾ മികച്ചവിജയം സ്വന്തമാക്കുന്നതെന്ന് അനു പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മാഗി ജോസ് പൂർണ പിന്തുണയുമായി കൂടെയുണ്ട്.

ഹോക്കി, സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്, ജൂഡോ, യോഗ, ഖൊഖൊ, കബഡി, റസ്ലിങ്, ഖുറാഷ് എന്നീ ഇനങ്ങളിലാണ് സെന്റ് മേരീസ് കോളേജിലെ കായികതാരങ്ങൾ മത്സരിക്കുന്നത്. ഇതിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ച് ഇവർ കളത്തിലിറങ്ങും. അന്തർദേശീയ ചാമ്പ്യന്മാരായ ടി.സി. റിയ (പവർലിഫ്റ്റിങ്- അണ്ടർ 63 കിലോ), എം.എസ്. മുനീറ (വെയ്റ്റ് ലിഫ്റ്റിങ് അണ്ടർ ‍69 കിലോ) എന്നിവർ കോളേജിൽ ഇപ്പോൾ പഠിക്കുന്നുണ്ട്. 2015-ൽ ഹോങ ്കോങ്ങിൽവെച്ച് നടന്ന ഇന്റർനാഷണൽ വെയ്‌റ്റ് ലിഫിറ്റിങ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും വിദ്യാർഥികളായ ടി.സി. റിയ, സുമി ജോർജ്, അഞ്ജു മുരളി എന്നിവർ സ്വന്തമാക്കി. കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും ജപ്പാനിൽ നടന്ന വേൾഡ് ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും എം.എസ്. മുനീറ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഗ്രിഗേറ്റ് വിമൻസ് ചാമ്പ്യൻഷിപ്പിൽ ഹോക്കി, കബഡി, പവർ ലിഫ്റ്റിങ്, ജൂഡോ എന്നീ ഇനങ്ങളിലാണ് കോളേജ് ജേതാക്കളായത്.

മികച്ച പരിശീലനത്തിലൂടെ നേട്ടങ്ങൾ

കോളേജിന്റെ ചെമ്പൂക്കാവിലുള്ള ഗ്രൗണ്ടിലും അക്വാട്ടിക് കോംപ്ലക്‌സിലുമാണ് കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നത്. യു.ജി.സി.യുടെ ഫണ്ട് ഉപയോഗിച്ച് കോളേജിൽതന്നെ ആധുനിക സജ്ജീകരണത്തോടെയുള്ള ജിംനേഷ്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന പരിശീലനം എട്ടരയ്ക്ക് അവസാനിക്കും. വൈകീട്ട് നാലരയ്ക്ക് വീണ്ടും പരിശീലനം ആരംഭിക്കും. രാത്രി ഏഴോടെ അവസാനിക്കും. പരിശീലകരുടെ മികച്ചൊരു ടീം തന്നെ കോളേജിനുണ്ട്. എം.വി. സൈമൺ(ഹോക്കി), ശരത് ചന്ദ്രമോഹനൻ ‍(ജൂഡോ), ചിത്ര മോഹനൻ ‍(വെയ്റ്റ് ലിഫ്‌റ്റിങ്), പി.പി. ഓമന (കബഡി- ഖൊ ഖൊ), ധന്യ (യോഗ), ജില്ലാ സ്‌പോർട് ഓഫീസർ ജനാർദനൻ, ഉണ്ണികൃഷ്ണൻ ‍( സ്വിമ്മിങ്), മെൽവിൻ വിൻസെന്റ് (പവർ ലിഫ്റ്റിങ്), രാജേഷ് (വെയ്റ്റ് ലിഫ്റ്റിങ്) എന്നിവരാണ് താരങ്ങൾക്ക് പരിശീലനം നൽകുന്നത്.

കോളേജിലെ 40 വിദ്യാർഥികൾ ഒരുവർഷം കേരളത്തെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. പൂർവവിദ്യാർഥികളിൽ പലരും റെയിൽവേയിലും സ്‌പോർട്‌സ് അധ്യാപകരായും ജോലി ചെയ്യുന്നു. ഇന്റർനാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ലാതിരുന്ന കായികതാരങ്ങൾക്ക് മൂന്നരലക്ഷം രൂപ പിരിവെടുത്ത് അവരെ മത്സരത്തിൽ പങ്കെടുക്കാനായി കോളേജ് ഹോങ ്കോങ്ങിലേക്ക് അയച്ചിരുന്നു.

കേരളാ സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള 30 കുട്ടികളുടെ ചെലവ് വഹിക്കുന്നത് സർക്കാരാണ്. ബാക്കിയുള്ളവർക്ക് സൗജന്യമായി കോളേജ് ഹോസ്റ്റൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മികച്ച ഭക്ഷണവും അടിസ്ഥാനസൗകര്യവും ഫീസിളവും ഇവർക്ക് നൽകുന്നുണ്ട്.

ഓൾ കേരളാ ഇന്റർ കൊളീജിയറ്റ് ഹോക്കി ടൂർണമെന്റ് എല്ലാവർഷവും കോളേജിൽ സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിദ്യാർഥികളുടെ നേട്ടങ്ങൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. പരിശീലകരെ ആദരിക്കുകയും ചെയ്യും. പുതുതായി സെപക്ട്താക്കറോ ഗെയിം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് അധികൃതർ. ജൂലായ് ആദ്യം നടക്കുന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇവിടെത്തെ ചുണക്കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

Cap1കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഗ്രിഗേറ്റ് വിമൻസ് ചാമ്പ്യൻഷിപ്പ് നേടിയ തൃശ്ശൂർ സെന്റ് മേരീസ് കോളേജ് ടീം പ്രിൻസിപ്പൽ സിസ്റ്റർ മേഗി ജോസിനൊപ്പം

Cap1

സെന്റ് മേരീസ് കോളേജിലെ കായികതാരങ്ങൾ പരിശീലനത്തിൽ