തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ച് അവസാനവര്‍ഷ വിദ്യാര്‍ഥികളായ ശ്യാം പ്രദീപ്, കെ.എസ്. ശീതള്‍, വി.പി. സത്യജിത്ത്, വി.എസ്. ശീതള്‍, രൂപേഷ് രവീന്ദ്രന്‍ എന്നിവരാണ് ഇ.എം.ഐ. ബോക്‌സ് എന്ന പുതിയ ആശയവുമായി മുന്നോട്ടുവരുന്നത്. വൈദ്യുതിയപകടങ്ങളുടെ പ്രധാന കാരണമായ സുരക്ഷാനടപടികളിലുള്ള അനാസ്ഥയ്ക്ക് പ്രതിവിധിയാണ് ഇ.എം.ഐ.ബോക്‌സിലൂടെ തേടുന്നത്.
 
പ്രൊഫ. ജയസൂര്യന്‍ മേല്‍നോട്ടം വഹിച്ച പ്രോജക്ടില്‍ ഒരു മൊബൈല്‍ ആപ്പും ഐ.ഒ.ടി.  ഉപകരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു. എയര്‍ ബ്രേക്കര്‍ സ്വിച്ചിന്റെ ശരിയായ അവസ്ഥയറിയാന്‍ ജി.പി.എസ്. സംവിധാനവും അപകടകരമായ നിമിഷങ്ങള്‍ അറിയുന്നതിനും സ്വയം സുരക്ഷാനടപടികളെടുക്കുന്നതിനും വോള്‍ട്ടേജ് ഡിറ്റക്ടറുമാണ് ഇതിലുള്ളത്. വൈദ്യുതി ജോലികളിലെ എല്ലാഘട്ടങ്ങളും ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തുന്നു. 
 ഇ.എം.ഐ. ബോക്‌സ് മൊബൈല്‍ ആപ്പിലൂടെ മെയിന്റനന്‍സ് പെര്‍മിറ്റ് എടുക്കും. സബ്‌സ്റ്റേഷനുമായുള്ള ആശയവിനിമയങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകളും ഇതുമൂലം ഇല്ലാതാകുന്നു.
 
ഒരു ഇലക്ട്രിക്ക് മെയിന്റനന്‍സ് വര്‍ക്കിനെ സംബന്ധിച്ച എല്ലാവിവരങ്ങളും ഇതോടെ ലഭിക്കും. വെബ് ക്യാമറയും മൈക്രോഫോണും കൂടുതല്‍ മെച്ചമായ ആശയവിനിമയത്തിന് ഉപയോഗിക്കാവുന്നതാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ബ്ലാക്ക് ബോക്‌സ് മാതൃകയില്‍ നിര്‍മിച്ച പ്രോജക്ട്, അപകടങ്ങളുടെ ശരിയായ കാരണങ്ങള്‍ കണ്ടെത്താനും മറ്റു അന്വേഷണയാവശ്യങ്ങള്‍ക്കും ഉപകാരപ്പെടുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.