രു വലിയ കാര്യത്തിനായുള്ള ചെറിയ തുടക്കം, അതാണ് നവംബര്‍ 27-ാം  തീയതി കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ നടന്നത്. ഡിയര്‍ സിന്ദ്ഗി കാണാന്‍ വന്നവര്‍ക്കെല്ലാം ജീവിതത്തില്‍ പാഠമാക്കേണ്ട വലിയൊരു ചിന്തയ്ക്കാണ് അന്ന് കുറച്ചു വിദ്യാര്‍ഥികള്‍ തുടക്കമിട്ടു കൊടുത്തത്. 

സിനിമ തുടങ്ങുന്നതിന് മുമ്പായി തന്നെ സീറ്റുകളിലെല്ലാം കാണികള്‍ നിരന്നതോടെ അവര്‍ പണി തുടങ്ങി. കാണികള്‍ക്ക് ചെറിയ കുപ്പികളിലെ വെള്ളം വിതരണം ചെയ്തു തീര്‍ത്ത് വിദ്യാര്‍ഥികള്‍ സ്ഥലം വിട്ടു. കാണികളെല്ലാവരും ഹാപ്പി. ഓസിന് ഒരു കുപ്പി വെള്ളം കിട്ടിയല്ലോ. എന്നാപ്പിന്നെ കുടിച്ചേക്കാം എന്നു വിചാരിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. 

എത്ര ശ്രമിച്ചിട്ടും കുപ്പിയുടെ അടപ്പു തുറക്കാന്‍ കഴിയുന്നില്ല. അതോടെ കാണികള്‍ അസ്വസ്ഥരായി. ചിലര്‍ക്കു ചമ്മല്‍, മറ്റു ചിലര്‍ക്ക് ആ പോട്ടെ എന്ന നിസ്സംഗഭാവം, ഭൂരിഭാഗം വരുന്ന ബാക്കി വിഭാഗത്തിന്  ദേഷ്യം വന്നു തുടങ്ങി. കാണികള്‍ അക്ഷമരായി. 

ഇനിയെന്ത് എന്ന് നമ്മള്‍ ചിന്തിച്ചു തുടങ്ങുന്നിടത്ത് കഥയിലെ ട്വിസ്റ്റ് സംഭവിക്കുന്നു. തീയേറ്ററിന്റെ സ്‌ക്രീനില്‍ കാണികള്‍ക്കായുള്ള ആദ്യത്തെ ചോദ്യം തെളിയുന്നു, "കുപ്പി തുറക്കാന്‍ കഴിയാത്തതിന്റെ ദേഷ്യത്തിലാണോ നിങ്ങള്‍. save water campaign at crown theatre calicut by FIMS studentsഅങ്ങനെയാണെങ്കില്‍ ഈ മനുഷ്യരുടെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ..." പിന്നീട് സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങള്‍ ഏതൊരാളുടേയും കണ്ണു നിറയിക്കുന്നവയാണ്. അക്ഷമ വിട്ട് കാണികള്‍ മുന്നില്‍ കാണുന്ന ദൃശ്യങ്ങള്‍ തരിച്ചിരുന്നു കണ്ടു. 

നിറകണ്ണുകളോടെയുള്ള കാണികളുടെ നിറഞ്ഞ കൈയടിയോടെ ആ കുഞ്ഞ് വീഡിയോ തീരുമ്പോള്‍ അതു കണ്ടിരുന്ന ഓരോരുത്തരുടേയും ഉള്ളില്‍ ഒരു ദൃഢനിശ്ചയം രൂപപ്പെട്ടിരിക്കും 'ഞാന്‍ ഒരു തുള്ളി വെള്ളം പോലും പാഴാക്കില്ലാ' എന്ന്. 

വെള്ളത്തിന്റെ അപര്യാപ്തതയെ കുറിച്ചും വെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകയെക്കുറിച്ചുമുള്ള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി ഫാറൂഖ് കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായിരുന്നു ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.