മഴപെയ്ത് റോഡ് തോടായതോടെ അഖില്‍ ഒരു ഗിറ്റാറും പിടിച്ച് 'തോടിന്' നടുവില്‍നിന്ന് പാടി 'റോഡോ...ഇത് തോടോ...! ' ഈയിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ മ്യൂസിക് വീഡിയോയാണ് റോഡ് സോങ്. നടുവൊടിക്കുന്ന കുഴികള്‍ ശരിയാക്കാത്ത  അധികൃതര്‍ക്കുനേരെയുള്ള പ്രതിഷേധമായ പാട്ട് കേരളം മുഴുവന്‍ ഏറ്റെടുത്തു.

കാലടി ശ്രീശങ്കരാചാര്യ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന അഖില്‍ രാമചന്ദ്രനാണ് റോഡ് സോങ്ങിന്റെ പിന്നില്‍. വരികള്‍ എഴുതിയതും പാടിയതും സംവിധാനവും അഖില്‍തന്നെ. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് റോഡുതകര്‍ന്ന് നാട്ടുകാരുടെ നടുവൊടിഞ്ഞപ്പോഴാണ് ഏതെങ്കിലും െചയ്യണമെന്ന് ചിന്തിച്ചത്. അങ്ങനെയിരിക്കെയാണ് ഒരുദിവസം സിനിമ കണ്ടുമടങ്ങുമ്പോള്‍ അഖിലിന്റെ ബൈക്ക് കുഴിയില്‍ച്ചാടി മൊബൈല്‍ വീണത്. ഇതോടെ 'റോഡ് സോങ്' പിറന്നു. റോഡിലെ കുഴികള്‍  അടയ്ക്കാത്ത അധികൃതരെയും തിരഞ്ഞെടുപ്പ് വരുമ്പോള്‍മാത്രം ജനങ്ങളെ സേവിക്കാന്‍ ഇറങ്ങുന്ന രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുള്ളതാണ് പാട്ട്. അഖിലും സുഹൃത്തുകളും ചേര്‍ന്ന് റോഡിലെ കുഴികളില്‍  മണ്ണിടുന്നതിലൂടെ പാട്ട് അവസാനിക്കുന്നു. ഫെയ്‌സ്ബുക്കിലും   യൂട്യൂബിലും പോസ്റ്റുചെയ്ത റോഡ്‌സോങ് ഒരുമാസംകൊണ്ട് ഏഴുലക്ഷംേപരാണ് കണ്ടത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ 'വോയ്‌സ് ഓഫ് വോയ്‌സ്ലെസ്' എന്ന മ്യൂസിക് വീഡിയോയുടെ പണിപ്പുരയിലാണ് അഖിലും സുഹൃത്ത് വേടനും. കോളേജിലുണ്ടായിരുന്ന ഷോര്‍ട്ട് മാംഗോട്രീ മ്യൂസിക് ബാന്‍ഡിലെ അംഗംകൂടിയായിരുന്നു അഖില്‍. യൂട്യൂബിലൂടെയാണ് ഗിറ്റാര്‍ പഠിച്ചത്. സംഗീതംകൊണ്ട് സമൂഹത്തില്‍ എന്തെങ്കിലും മാറ്റംസൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അഖില്‍. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ്. 

Content Highlights: Akhil Ramachandran's Road Song