ഇരുപത്തഞ്ച്‌ വർഷമായി തൃശ്ശൂർ കോ-ഓപ്പറേറ്റീവ്‌ കോളേജിൽ പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്‌ നേച്ചർ ഇന്റിമേറ്റ്‌ ഫ്രണ്ട്‌സ്‌ അസോസിയേഷൻ അഥവാ ‘നിഫ’. വെറും വാക്കുകളിലൂടെയുള്ള പ്രകൃതിസംരക്ഷണമല്ല നിഫ ചെയ്യുന്നത്‌. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയും അത്‌ സംരക്ഷിച്ചുപോരുകയും ചെയ്യുന്നതിലൂടെയും നിഫ വ്യത്യസ്തമാകുന്നു.

ഓരോ വർഷവും ജൂൺ അഞ്ചിന്‌ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയും ‘വൃക്ഷമിത്ര’ പദ്ധതിയിലൂടെ അവയുടെ സംരക്ഷണം നടത്തിപ്പോരുകയും ചെയ്യുന്നു. വൃക്ഷമിത്രയിലൂടെ ഞങ്ങളുടെ കോളേജിലെ നിഫ പ്രവർത്തകർ നട്ട മരങ്ങൾ തൃശ്ശൂർ നഗരിയിൽ വിവിധ ഇടങ്ങളിലായി വേരൂന്നി പടർന്നുപന്തലിച്ച്‌ നിൽക്കുന്നു.

പ്രകൃതിസംരക്ഷണത്തിനു മാത്രമല്ല, പ്രകൃതിയെ അടുത്തറിയാനും ചേർത്തുപിടിക്കാനും ഞങ്ങൾക്ക്‌ സാധിക്കുന്നു, നിഫയുടെ ക്യാമ്പുകളിലൂടെ.

കേരള സർക്കാരിന്റെ ഹരിതോത്സവത്തിന്റെ ഭാഗമായി 5000 വൃക്ഷത്തൈകൾ ജില്ലയിൽ നട്ടുപിടിപ്പിക്കാൻ നിഫയ്ക്കായി. ഏറ്റവും നല്ല പരിസ്ഥിതി സംഘടനയ്ക്കുള്ള വനംവകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം 2005-ൽ സംഘടനയെ തേടിയെത്തി. കുതിരാൻ, പീച്ചി കാടുകളിൽ കേരള വനംവകുപ്പ്‌ കാട്ടുതീ തടയുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ഫയർബെൽറ്റ്‌ ഉദ്യമത്തിൽ നിഫയും അഞ്ചുവർഷമായി പങ്കാളിയാണ്‌.

കഴിഞ്ഞ അധ്യയനവർഷം പീച്ചി മേഖലയിലായിരുന്നു ഏകദിനക്യാമ്പ്‌. അഞ്ചു കിലോമീറ്റർ വനത്തിലൂടെ നടന്ന അവരുടെ മുഖത്ത്‌ ക്ഷീണം കാണാനേ കഴിഞ്ഞില്ല. മറിച്ച്‌ പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ കണ്ട്‌ അദ്‌ഭുതമാർന്ന മുഖങ്ങളായിരുന്നു. നിഫ പ്രവർത്തകർ നടത്തുന്ന ഒരു പരിപാടിയാണ്‌ മഴനടത്തം. മഴക്കാടുകളിലൂടെ വനംവകുപ്പുമായി ചേർന്ന്‌ നടത്തിയ മഴനടത്തത്തിലൂടെ ഒട്ടേറെ പുതിയ അനുഭവങ്ങൾ കിട്ടി.

ഇതുകൂടാതെ വന്യജീവി ഫോട്ടോഗ്രഫി പ്രദർശനവും നിഫ സംഘടിപ്പിക്കാറുണ്ട്‌. രണ്ടു ദിവസങ്ങളിലായി നടത്തുന്ന ഈ പ്രദർശനത്തിൽ പ്രകൃതിയോടിണങ്ങിനിൽക്കുന്ന ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്‌. കോളേജിലെ വളർന്നുവരുന്ന ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കുക വഴി അവർക്ക്‌ ഒരു വേദിയൊരുക്കുകയും ചെയ്യുന്നു.

ഭൂമിക്ക്‌ എല്ലാരീതിയിലും സംരക്ഷണം എന്നത്‌ ഉറപ്പുവരുത്തുകയാണ്‌ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണപ്രവർത്തനങ്ങളിലൂടെ നിഫ ചെയ്യുന്നത്‌. ഇത്തരം പ്രവർത്തനങ്ങളിലേക്ക്‌ വിദ്യാർഥികൾ ഇറങ്ങുന്നത്‌ നിർബന്ധപൂർവമല്ല, മറിച്ച്‌ സ്വമേധയാ ആണ്‌. ഒന്നും തിരികെ പ്രതീക്ഷിക്കാതെ വരുംതലമുറയ്ക്ക്‌ ശുദ്ധവായുവും മണ്ണും ജലവുമെല്ലാം സംരക്ഷിക്കാൻ ഇറങ്ങുകയാണ്‌ ഞങ്ങൾ.