കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) ഒരു മാസമകലെ എത്തി നില്‍ക്കുമ്പോള്‍ അതേ മാതൃകയില്‍ ഒരു മിനി ചലച്ചിത്രമേള ഒരുക്കുകയാണ് ചെമ്പഴന്തി എസ്.എന്‍. കോളേജ് വിദ്യാര്‍ഥികള്‍. 

വെള്ളി, ശനി ദിവസങ്ങളില്‍ കോളേജിലെ മൂന്നു വേദികളിലായാണ് ഇംപീരിയല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് എസ്.എന്‍. കോളേജ് (ഐ.എഫ്.എഫ്.ഒ.എസ്.) എന്ന പേരില്‍ മേള അരങ്ങേറുന്നത്. ശ്രദ്ധേയമായ 12 ലോകസിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 

ഐ.എഫ്.എഫ്.കെ. മാതൃകയില്‍ വിവിധ ഹാളുകളില്‍ ഒരേ സമയം വ്യത്യസ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് പാസിനൊപ്പം നല്‍കുന്ന ഷെഡ്യൂള്‍ പ്രകാരം ഇഷ്ടമുള്ള സിനിമകള്‍ തിരഞ്ഞെടുത്തു കാണാം. 

വലിയ ചലച്ചിത്ര മേളകളിലേതിനു സമാനമായി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പായി സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചും രണ്ടു ഭാഷകളില്‍ ലഘുവിവരണം നടത്തും. പ്രദര്‍ശനത്തിനു ശേഷം അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. 

മേളയുടെ ഭാഗമായി ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം എന്ന വിഷയത്തില്‍ ഫോട്ടോ എക്‌സിബിഷനും കോളേജില്‍ നടക്കുന്നുണ്ട്. രണ്ടു ദിവസങ്ങളില്‍ സജീവമായി ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തിക്കും. കോളേജിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികളാണ് മേളയുടെ സംഘാടകര്‍. 

കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെ. കണ്ട പ്രചോദനത്തിലാണ് മേളയുടെ ഒരു മിനി പതിപ്പ് കോളേജില്‍ നടത്തണം എന്ന ആശയം വിദ്യാര്‍ഥികളില്‍ ഉണ്ടായത്. കോളേജിലെ സെമിനാര്‍ ഹാള്‍, വലിയ രണ്ടു ക്ലാസ് മുറികള്‍ എന്നിവയാണ് സിനിമാ തീയേറ്ററിന്റെ മാതൃകയില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്. 

ഇംഗ്ലീഷ് പി.ജി. വിദ്യാര്‍ഥികള്‍ക്ക് സിലബസിലെ ഒരു പേപ്പര്‍ സിനിമാ പഠനമാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഒട്ടേറെ ലോകസിനിമകളെ അടുത്തറിയാന്‍ സാധിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഇംഗ്ലീഷ് വിഭാഗം മേധാവി മനു രമാകാന്ത് അഭിപ്രായപ്പെടുന്നു. 

ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, റിയര്‍ വിന്‍ഡോ, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഒലിവര്‍ ട്വിസ്റ്റ്, ടെലിവിഷന്‍, ടര്‍ട്ടല്‍സ് കാന്‍ ഫ്‌ളൈ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. വരും വര്‍ഷങ്ങളില്‍ പുറത്തു നിന്നുള്ള സിനിമാ ആസ്വാദകരെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ദിവസങ്ങളിലായി മേള വിപുലപ്പെടുത്താന്‍ സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. 

കൂടാതെ വിവിധ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള സൃഷ്ടികള്‍ തിരഞ്ഞെടുത്ത് ഹ്രസ്വചലച്ചിത്രമേള നടത്താനും ആലോചനയുണ്ട്. ഇംഗ്ലീഷ് അധ്യാപിക നയന കോനോത്തും വിദ്യാര്‍ഥികളില്‍ നിന്ന് നിതിന്‍ ബി.സി.യുമാണ് മേളയുടെ കോ- ഓര്‍ഡിനേറ്റര്‍മാര്‍.