തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ മലയാളം മാസ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് അന്തര്‍കലാലയ കലോത്സവം 'മാമാങ്കം' നടത്തി. അഞ്ച് ദിവസം നീണ്ടു നിന്ന മേളയില്‍ കലാമൂല്യമുള്ള നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. 

ഡിബേറ്റ്, മധുസൂദനന്‍ നായര്‍ കവിതാപാരായണ മത്സരം, ക്വിസ് മത്സരം, പുസ്തകപ്രദര്‍ശനം, മീറ്റ് ദ എഡിറ്റര്‍, യുവ കഥാകാരന്മാരുമായി മുഖാമുഖം 'കഥയരങ്ങ്' തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.  ഉദ്ഘാടന ദിവസം ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു. 

വി. മധുസൂദനന്‍ നായര്‍ അന്തര്‍കലാലയ കവിതാപാരായണത്തില്‍ മലയിന്‍കീഴ് മാധവകവി സ്മാരക ഗവണ്‍മെന്റ് കോളേജിലെ എ. കൃഷ്ണപ്രിയ ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനത്തിന് യൂണിവേഴ്സിറ്റി കോളേജിലെ നന്ദുപ്രഭാകരന്‍ അര്‍ഹനായി. 

ആലപ്പുഴ എസ്.ഡി. കോളേജിലെ എം.എല്‍. ചഞ്ജുവിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. വിജയികള്‍ക്ക് നാടക പ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ അലന്‍സിയര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

പ്രിന്‍സിപ്പല്‍ ഫാ. ഡോ. വി.വൈ. ദാസപ്പന്‍, മലയാളം മാസ് കമ്മ്യുണിക്കേഷന്‍ വകുപ്പ് മേധാവി ഡോ. ടി.കെ. സന്തോഷ്‌കുമാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് അന്‍ഷാദ് ജമാല്‍, മലയാളം സമാജം പ്രസിഡന്റ് ജോബിന്‍ ജി. ജോണ്‍, അധ്യാപികയായ ലിസ്ബ യേശുദാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

ഒന്നാം സമ്മാനം നേടിയ വിദ്യാര്‍ഥിക്ക് 2,000 രൂപയും മധുസൂദനന്‍ നായരുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കി. രണ്ടാം സമ്മാനം 1,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 750 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ആയിരുന്നു. 

2005 മുതല്‍ കോളേജില്‍ വി. മധുസൂദനന്‍ നായര്‍ അന്തര്‍കലാലയ കവിതാപാരായണ മത്സരം നടത്തുന്നുണ്ട്. പൂര്‍വവിദ്യാര്‍ഥി സംഘടനയായ പൂമുഖത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയിരുന്നത്. 

മാമാങ്കത്തിന്‍രെ ഭാഗമായി വിദ്യാര്‍ഥികള്‍ 'നാറാണത്തുഭ്രാന്തന്‍' കവിതയുടെ ദ്യശ്യാവിഷ്‌കാരം അവതരിപ്പിച്ചു. ടിനോയ്, വിനീത്, ആര്‍ഷ എന്നിവരാണ് കവിതയുടെ ദൃശ്യാവിഷ്‌കാരത്തിന് സംവിധാനം നിര്‍വഹിച്ചത്. സജിന്‍ സതീശന്‍ ഭ്രാന്തന്റെ വേഷം രംഗത്ത് അവതരിപ്പിച്ചു.