''കേരളത്തിന്റെ സ്വന്തം കനയ്യ കുമാര്‍'', കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിലെ അവസാനവര്‍ഷ ബി.ബി.എ.എല്‍എല്‍.ബി. വിദ്യാര്‍ഥി മനു അര്‍ജുനെ അങ്ങനെ വിളിച്ചത് സാക്ഷാല്‍ ശശി തരൂരാണ്. ഡിസംബര്‍ 21-ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടന്ന 'ഭാരത് ബചാവോ' പരിപാടിയില്‍ വെച്ചായിരുന്നു ആ വിളി.

 ശശി തരൂര്‍ മുഖ്യാതിഥി ആയ പരിപാടിയില്‍ മലയാളത്തിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി മുദ്രാവാക്യങ്ങള്‍ വിളിച്ചു പരിചയിച്ച മനുവിനെ സ്റ്റേജിലേക്ക് വിളിക്കുകയായിരുന്നു. ''ഹം ലേക്കേ രഹേന്‍ഗേ'' ജനം ഏറ്റുവിളിച്ചു ''ആസാദി...'' മുദ്രാവാക്യം വിളിയോട് കൂടെച്ചേര്‍ന്ന് വിളിച്ചത് മാത്രമല്ല പ്രഭാഷണത്തിനിടയില്‍ മനുവിനെ അഭിനന്ദിക്കുകയും ചെയ്തു ശശി തരൂര്‍. സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെയാണ് തരൂര്‍ മനു അര്‍ജുനെ പ്രശംസിച്ച് പോസ്റ്റിട്ടത്. കെ.എസ്.യു. ജില്ലാ സെക്രട്ടറി കൂടിയാണ് ഈ ചെറുപ്പക്കാരന്‍.

ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട മനു അര്‍ജുന്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണുള്ളത്. സ്വപ്രയത്‌നത്താല്‍ തന്റെ പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോവുകയാണ് മനു. ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞു ആലുവായില്‍ ഒന്നരവര്‍ഷത്തോളം എഫ്.എസ്.എല്‍. എന്ന കോള്‍ സെന്ററില്‍ ജോലി ചെയ്തു. രാഷ്ട്രീയത്തിലായാലും പഠനത്തിലായാലും മനു ശ്രദ്ധനേടുകയാണ്. കുറ്റ്യാടിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയിലും മനുവാണ് ആയിരങ്ങള്‍ക്ക് ആസാദി മുദ്രാവാക്യം വിളിച്ചുകൊടുത്തത്.