കൊടകര: ചെങ്കുത്തായ കുന്നിൻപ്രദേശങ്ങളുടെയും ഏക്കറുകണക്കിനുള്ള സ്ഥലങ്ങളുടെയും സർവേ നടത്തി ഭൂമി അളന്നുതിട്ടപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.

ഇത് സൂക്ഷ്മതയോടെ വളരെയെളുപ്പത്തിൽ തയ്യാറാക്കാനുള്ള ഉപകരണം രൂപകല്പന ചെയ്തിരിക്കുകയാണ് കൊടകര സഹൃദയ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾ. എഫിഷ്യന്റ് ലാൻഡ് സർവേയിങ് സിസ്റ്റത്തിൽ ഒരു റോബോട്ടും ഡ്രോണുമാണ് പ്രധാനഘടകങ്ങൾ. ഡ്രോൺ ഉപയോഗിച്ച് വിസ്തീർണം നിശ്ചയിക്കേണ്ട സ്ഥലത്തിന്റെ ആകാശചിത്രം പകർത്തുകയും റോബോട്ടുപയോഗിച്ച് അതിർത്തികൾ നിർണയിക്കുകയും ചെയ്യുന്നു.

തുടർന്ന് ഇവ രണ്ടിന്റെയും പ്രവർത്തനം ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സമന്വയിപ്പിച്ച് സ്ഥലത്തിന്റെ വിസ്തീർണം നിർണയിക്കുന്നു. സഹൃദയയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളായ അങ്കിത വേണു, എം.ആർ. ആതിര, അതുല്യ കൃഷ്ണൻ, ക്രിസ്ര്‌റൊ ജോർജ്, അരുൺ പി. ജോസഫ് എന്നിവർ പ്രൊഫ. കാരൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.

കൊൽക്കത്ത ഐ.ഐ.എം. ഇന്നോവേഷൻ പാർക്ക് നടത്തിയ പ്രോജക്ട് മത്സരത്തിൽ മികച്ച പ്രോജക്ടുകളിലൊന്നായി ഈ പ്രോജക്ട് തിരഞ്ഞെടുത്തു. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ രണ്ടുലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റും ഈ പ്രോജക്ടിന് ലഭിച്ചു.