ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂര്‍ കേരളവര്‍മ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുന്നതില്‍ അധികൃതര്‍ക്ക് വിമുഖതയെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍. വൈകിട്ട് ആറരക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്നും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ യോഗം, പ്രകടനം, പ്രചാരണം, തുടങ്ങിയവയിലൊന്നും പങ്കെടുക്കരുതെന്നതടക്കം നിരവധി നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെതിരെയാണ് രണ്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹോസ്റ്റല്‍ സമയം ഏകപക്ഷീയമായി 7.30 ആക്കി നിശ്ചയിച്ചതല്ലാതെ മറ്റൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടേതിനു തുല്യമായ അവകാശത്തിന് അര്‍ഹരാണെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി  നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത പി.ടി.എ യോഗത്തില്‍ വന്ന ചര്‍ച്ചകള്‍ വിദ്യാര്‍ഥികളെ രോഷാകുലരാക്കിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുവരുന്ന കുട്ടികള്‍ക്ക് കോടതിയില്‍ പോകാന്‍ പണം എവിടുന്നാണെന്ന് പറഞ്ഞു തുടങ്ങിയ ചര്‍ച്ച പരാതിക്കാരെ ഏതോ റാക്കറ്റിലെ കണ്ണിയാണെന്ന് മുദ്ര കുത്തുകയും ചെയ്തു.  വാര്‍ഡന്‍ സമയോചിതമായി ഇടപെട്ടതിനേത്തുടര്‍ന്ന് മറ്റൊരു കുട്ടിയെ ഇത്തരം റാക്കറ്റില്‍ നിന്ന് രക്ഷിച്ചതായും അധികൃതര്‍ അവകാശപ്പെട്ടു.

ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറേണ്ട സമയം 7.30 ആയി പുനഃക്രമീകരിക്കുകയായിരുന്നു പ്രിന്‍സിപ്പാള്‍.  പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരേ വിദ്യാര്‍ഥിനികളുടെ അഭിപ്രായം  കൂടി പരിഗണിച്ചതിന് ശേഷം പ്രിന്‍സിപ്പലിന് തീരുമാനമെടുക്കാമെന്ന കോടതി വിധിയെ കാറ്റില്‍പ്പറത്തിയാണ് നടപടി. 

ഹൈക്കോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പിലാക്കാത്തതോടെ  വ്യാഴാഴ്ച രാത്രി പെണ്‍കുട്ടികള്‍ സമര നടപടികളുമായി മുന്നോട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് 8.30 വരെ ഹോസ്റ്റല്‍ സമയം അനുവദിച്ചതായും രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ ഈ വിവരം അറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്ക് എഴുതി നല്‍കി. 

ശ്രീ കേരളവര്‍മ കോളേജ് ലേഡീസ് ഹോസ്റ്റലിന്റെ സമയക്രമം സംബന്ധിച്ച് കോടതിവിധിയുടേയും കുട്ടികള്‍ മുന്നോട്ടുവെച്ച ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഗണ്യമായ നിലയില്‍ സമയം പുനഃക്രമീകരിക്കാമെന്ന് ഉറപ്പ് തരുന്നു. രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ ഈ വിവരം അറിയിക്കുന്നതാണ്. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സമയം 8.30 ആണ്. തിങ്കളാഴ്ച മുതല്‍ മാറ്റിയ സമയക്രമം നടപ്പില്‍ വരുന്നതാണ്. 

image

എന്നാല്‍ രക്ഷകര്‍ത്താക്കളുടെ യോഗത്തിന്‌ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളൂ എന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയിരുന്നു.  ഞായറാഴ്ച നടന്ന രക്ഷകര്‍തൃയോഗത്തില്‍ 
സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളേയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പെണ്‍കുട്ടികള്‍ക്കുമെതിരേ  പ്രിന്‍സിപ്പലും വാര്‍ഡനും മോശം പരാമര്‍ശം നടത്തിയതായാണ് സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ഥിനി ആരോപിക്കുന്നത്. 

സാമ്പത്തികമായി ഭദ്രതയില്ലാത്ത കുടുംബത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിക്ക് കോടതിയില്‍ കേസ് കൊടുക്കാനും മറ്റുമായി എവിടുന്നാണ് പണം ലഭിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ ഏതോ റാക്കറ്റുമായി ബന്ധമുള്ളവരാണ്. ഹോസ്റ്റലിലെ മറ്റൊരു പെണ്‍കുട്ടി ഈ റാക്കറ്റില്‍ കുടുങ്ങുന്നതില്‍ നിന്ന് ഹോസ്റ്റല്‍ വാര്‍ഡല്‍ സമയോചിതമായി നടത്തിയ ഇടപെടലിലൂടെയാണ് രക്ഷിക്കാനായത്.- ഇതൊക്കെയായിരുന്നു രക്ഷകര്‍ത്താക്കളെ വിളിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കമ്മിറ്റിയില്‍ പറഞ്ഞത്. 

എന്നാല്‍ ഈ പെണ്‍കുട്ടികളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും കമ്മിറ്റിയില്‍ പറയാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ ഫോട്ടോ എടുക്കുകയും പ്രിന്‍സിപ്പലടക്കം അവരെ ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറേണ്ട സമയം മാറ്റിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ കുട്ടികള്‍ എന്ന നിലയില്‍ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിലാണ് പുതിയ സമക്രമം. കുട്ടികളുമായി കഴിഞ്ഞദിവസങ്ങളിലൊക്കെ സംസാരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുട്ടികളുടെ സമരത്തെ തുടര്‍ന്ന് ഒരു സമയം നിശ്ചയിച്ചു നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കളുടെ കമ്മിറ്റിക്ക് ശേഷം പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ഒരു തീരുമാനമെടുത്ത് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. പുനഃക്രമീകരിക്കുന്ന സമയത്തെക്കുറിച്ച് രക്ഷകര്‍ത്താക്കളെ അറിയിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.കൃഷ്ണകുമാരി മാതൃഭൂമി.കോമിനോട് പ്രതികരിച്ചു. 

എന്നാല്‍ വിദ്യാര്‍ഥിനികളുടെ ആരോപണത്തെക്കുറിച്ചോ രക്ഷകര്‍ത്താക്കളുമായി നടത്തിയ മീറ്റിങിനെക്കുറിച്ചോ പ്രിന്‍സിപ്പല്‍ പ്രതികരിക്കാന്‍ തയാറായില്ല.

രഹസ്യസ്വഭാവമുള്ള മീറ്റിങ്ങായിരുന്നു ഞായറാഴ്ച നടത്തിയത്. രക്ഷകര്‍ത്താക്കള്‍ മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ഥിനികളോ പ്രതിനിധികളെയോ ആരേയും യോഗത്തില്‍ പങ്കെടുക്കാന്‍  അനുവദിച്ചിരുന്നില്ല. കുട്ടികളുമായി സംസാരിച്ചതിന് ശേഷമാണ് സമയക്രമീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് പറയുമ്പോഴും യാതൊരു വിധത്തിലുമുള്ള ചര്‍ച്ചകള്‍ക്കും വിദ്യാര്‍ഥിനികളെ സമീപിച്ചിട്ടില്ലായെന്നാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത പെണ്‍കുട്ടി വ്യക്തമാക്കുന്നത്.

കോളേജും മാനേജ്‌മെന്റെും കോടതിവിധി കാറ്റില്‍പ്പറത്തി പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥിനികള്‍.

 

ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരേ രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി പ്രസ്താവം നടത്തിയത്. കുട്ടികളുടെ കൂടി അഭിപ്രായം അനുസരിച്ച് പ്രിന്‍സിപ്പലിന് ഹോസ്റ്റലിന്റെ സമയം പുനഃക്രമീകരിക്കണമെന്നായിരുന്നു കോടതി വിധി. 

കോളേജിലും ഹോസ്റ്റലിലും ഇന്നുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കളുടെ കമ്മിറ്റിക്കിടെ പറഞ്ഞത്. കേസ് കൊടുക്കാന്‍ കോളേജിലെ കുറച്ച് അധ്യാപകരാണ് പണം നല്‍കി സഹായിച്ചത്. 2000 രൂപയാണ് കേസ് ഫയല്‍ ചെയ്യുന്നതിനായി ഞങ്ങള്‍ക്ക് ചെലവായത്.- വിദ്യാര്‍ഥിനികള്‍ പറയുന്നു.

Content Highlights: KeralaVarma College Strike For Ladies Hostel Curfew