തിജീവനത്തിന്റെ സന്ദേശം ചൊല്ലി ഉണര്‍ന്ന കേരള സര്‍വകലാശാല യുവജനോത്സവ വേദികളില്‍ യുവപ്രതിഭകളുടെ പോരാട്ടവീര്യം. സംഘാടകരുടെയും മത്സരാര്‍ത്ഥികളുടേയും സൗഹൃദക്കൂട്ടങ്ങളുടേയും തിരക്കായതോടെ കാര്യവട്ടം കാമ്പസ് ഉത്സവപ്പറമ്പിന്റെ പ്രതീതിയിലായി. 286 കോളേജുകളില്‍നിന്നായി മൂവായിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരങ്ങള്‍.
 
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കി സംഘടിപ്പിച്ച യുവജനോത്സവത്തില്‍ മത്സരവീര്യത്തിന് കുറവുണ്ടായില്ല. ആദ്യ ദിവസമായ ചൊവ്വാഴ്ച രാത്രി പത്തിന് ആരംഭിച്ച കഥകളി, മോഹിനിയാട്ടം, ഗസല്‍ മത്സരങ്ങള്‍  വൈകിയാണ് അവസാനിച്ചത്. മോഹിനിയാട്ടം മത്സരം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്. 

തുടര്‍ന്ന് രണ്ടാം ദിവസമായ ബുധനാഴ്ച മത്സരങ്ങള്‍ തുടങ്ങാന്‍ വൈകി. തിരുവാതിര, ഭരതനാട്യം, വീണ, മാപ്പിളപ്പാട്ട് മത്സരങ്ങള്‍ക്കായി ഉച്ചയോടെയാണ് വേദികള്‍ ഉണര്‍ന്നത്. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയെങ്കിലും ഇടവേളകളില്ലാതെയാണ് പൂര്‍ത്തിയായത്. യുവജനോത്സവത്തിന്റെ പ്രധാനവേദിയായ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയ (അഭിമന്യു നഗര്‍) ത്തില്‍ തിരുവാതിര മത്സരത്തോടെയാണ് വേദികളില്‍ ആരവമുയര്‍ന്നത്.

തുടര്‍ന്ന് മോണോ ആക്ട്, മിമിക്രി മത്സരങ്ങളും നടന്നു. മത്സരങ്ങളുടെ മികവിലൂടെ പ്രധാനവേദിയില്‍ മുഴുവന്‍ സമയവും ആസ്വാദകരുടെ വലിയ പങ്കാളിത്തമായിരുന്നു.

20190328123315_055A5729-01.jpg

ബയോ ഇന്‍ഫോമാറ്റിക്‌സ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയ(ശ്രീദേവി നഗര്‍)ത്തില്‍ നടന്ന ഭരതനാട്യമായിരുന്നു മറ്റൊരു പ്രധാന മത്സരയിനം. ഇതേ വേദിയില്‍ ഗാനമേള മത്സരങ്ങള്‍ക്ക് ആസ്വാദകരും താളംപിടിച്ചത് മത്സരത്തെ വ്യത്യസ്തമാക്കി. ഫലം പ്രഖ്യാപിച്ച മത്സരങ്ങളില്‍ ഭൂരിഭാഗത്തിലും തലസ്ഥാനത്തെ കോളേജുകളിലെ വിദ്യാര്‍ത്ഥികളായിരുന്നു വിജയികള്‍. വിജയികള്‍ക്കും കോളേജിനും ജയ് വിളികള്‍ മുഴക്കിയാണ് സദസ്സ് ഫലപ്രഖ്യാപനം കേട്ടത്.

ആദ്യ വിജയികള്‍ തിരുവനന്തപുരത്തുകാര്‍

കേരള സര്‍വകലാശാലാ യുവജനോത്സവത്തിലെ ആദ്യ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ മിക്കതും തിരുവനന്തപുരത്തെ കുട്ടികള്‍ നേടി. ഗസലിന്റെ പുരുഷ-വനിതാ വിഭാഗങ്ങളിലെ ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടിയത് തിരുവനന്തപുരത്തെ വിദ്യാര്‍ഥികള്‍തന്നെ.

തിരുവാതിരയിലും തമിഴ് പ്രസംഗമത്സരത്തിലും പെണ്‍കുട്ടികളുടെ കഥകളിയിലും വീണാവാദനത്തിലും ആദ്യ മൂന്നുസ്ഥാനങ്ങളും തിരുവനന്തപുരത്തെ വിദ്യാര്‍ഥികള്‍ നേടി. ചൊവ്വാഴ്ച രാത്രി, ഉദ്ഘാടനച്ചടങ്ങിനുശേഷം മോഹിനിയാട്ടം, കഥകളി, ഗസല്‍ മത്സരങ്ങളാണ് നടന്നത്. കഥകളിയില്‍ ഒന്നാമനായത് ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.എ. ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ഥി എസ്.എസ്.വിഷ്ണുറാമാണ്. മെഡിക്കല്‍ കോളേജിനടുത്താണ് വീട്. മുമ്പ് രണ്ടു കൊല്ലങ്ങളില്‍ സര്‍വകലാശാലാ യുവജനോത്സവത്തില്‍ കേരളനടനത്തിന് മൂന്നാംസ്ഥാനം നേടിയിട്ടുണ്ട്.

WhatsApp_Image_2019-03-28_at_17.24.47.jpg

ബുധനാഴ്ച നടന്ന വീണാവാദനത്തിലെ ഒന്നാംസമ്മാനം വീണാവാദകരുടെ കുടുംബത്തിലേക്കാണ് പോകുന്നത്. ഒന്നാമതെത്തിയ കൃതി എസ്.രാജ് നീറമണ്‍കര എന്‍.എസ്.എസ്. കോളേജിലെ രണ്ടാംവര്‍ഷ ഇംഗ്ലീഷ് സാഹിത്യവിദ്യാര്‍ഥിനിയാണ്. സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വീണാവിഭാഗം പ്രൊഫസര്‍ വി.സൗന്ദരരാജന്റെയും അജിതയുടെയും മകളാണ് കൃതി. വീട്ടമ്മയാണെങ്കിലും അജിത കുട്ടികളെ വീണാവാദനം പഠിപ്പിക്കുന്നുണ്ട്. അച്ഛനും അമ്മയുമാണ് കൃതിയുടെ ഗുരുനാഥര്‍.

Content Highlights: Kerala University YouthFestival 2019