വൈകല്യങ്ങളില്ലാത്തവരോടൊപ്പം മത്സരിച്ചാല്‍ സദസ്സിനു മനസ്സിലാകുമോ എന്ന് ശങ്കിച്ചിരുന്നെങ്കിലും വേദിയില്‍ നിറഞ്ഞ് ജുനൈദ്. ബധിരമൂക വിദ്യാര്‍ഥിയായ മുഹമ്മദ് ജുനൈദിന്റെ മോണോ ആക്ട് ശരിക്കും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ആക്കുളം നിഷില്‍ മൂന്നാംവര്‍ഷ ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ജുനൈദ് കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങള്‍ വിഷയമാക്കിയായിരുന്നു ജുനൈദിന്റെ ഏകാഭിനയം. ഭിന്നശേഷിയായ പെണ്‍കുട്ടിയെ സ്വന്തം പിതാവ് പീഡനത്തിന് വിധേയനാക്കുകയും അതറിഞ്ഞ മാതാവ് മകളെ വിഷം നല്‍കി കൊന്ന് മാതാവും മരിക്കുന്നതാണ് പ്രമേയം.

നിരവധി തവണ കലോത്സവങ്ങള്‍ കാണാന്‍ എത്തിയെങ്കിലും ആദ്യമായാണ് ഒരു ഇനത്തില്‍ പങ്കെടുക്കുന്നത്. ആംഗികമായ ജുനൈദിന്റ പ്രകടനത്തിന് മോണോ ആക്ട് മത്സരത്തിന് മൂന്നാംസ്ഥാനമാണ് കിട്ടിയതെങ്കിലും സംസാരശേഷിയുള്ളവരോട് മത്സരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ജുനൈദ്.

നിഷിലെ അധ്യാപികയായ സില്‍വി മാക്‌സി മേനയും സുഹൃത്തായ അരുണ്‍ സിറിയക്കുമാണ് ജുനൈദിന് പിന്തുണയുമായി കൂടെയുള്ളത്. ഉമര്‍ മൈമുന ദമ്പതികളുടെ ഇളയ മകനാണ് ജുനൈദ്.

Content Highlights: Kerala University Youth Festival 2019 Mono Act