തിരുവനന്തപുരം: കേരള സര്‍വകലാശാലാ യുവജനോത്സവത്തില്‍ ഇത്തവണയും അമ്പിളി അരവിന്ദ് ട്രോഫി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് നിലനിര്‍ത്തി. 155 പോയിന്റ് നേടിയാണ് തുടര്‍ച്ചയായി നാലാം തവണയും ഇവാനിയോസ് കിരീടമണിയുന്നത്. 30 പോയിന്റുമായി മാര്‍ ഇവാനിയോസിലെ കൃഷ്ണാ അജിത്താണ് കലാതിലകം.
 
ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എസ്.എസ്.വിഷ്ണുറാം 26 പോയിന്റുകളോടെ കലാപ്രതിഭയായി. 3

142 പോയിന്റ് നേടി യൂണിവേഴ്‌സിറ്റി കോളേജ് രണ്ടാമതും 140 പോയിന്റുകളോടെ തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജ് മൂന്നാം സ്ഥാനവും ആതിഥേയരായ കാര്യവട്ടം കാമ്പസ് 85 പോയിന്റോടെ നാലാം സ്ഥാനവും നേടി. 

image
കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ കലാതിലകമായി തിരഞ്ഞെടുത്ത കൃഷ്ണ അജിത്ത് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഉപഹാരം സ്വീകരിക്കുന്നു 
ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍ 

പോയിന്റ് നിലയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ കോളേജുകള്‍ മാത്രമാണ് ഉള്ളതെന്നതും ഇത്തവണത്തെ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ശ്രദ്ധേയമായി.

സംഗീത മത്സരങ്ങളില്‍ 62 പോയിന്റുമായി സ്വാതിതിരുനാള്‍ സംഗീത കോളേജും നൃത്ത മത്സരങ്ങളില്‍ 52 പോയിന്റുമായി തിരുവനന്തപുരം ഗവ.വിമെന്‍സ് കോളേജും ജേതാക്കളായി. യൂണിവേഴ്‌സിറ്റി കോളേജ് 74 പോയിന്റോടെ സാഹിത്യ മത്സരങ്ങളിലും 36 പോയിന്റുകളോടെ അഭിനയ മത്സരങ്ങളിലും ഒന്നാമതെത്തി. ലളിതകലകളില്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് 18 പോയിന്റുകളോടെ മുന്നിലെത്തി. മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ വരെ നീണ്ടു.

image
കേരള  സര്‍വ്വകലാശാല കലോത്സവത്തില്‍ രണ്ടാം  സ്ഥാനം നേടിയ യൂണിവേഴ്സിറ്റി കോളേജ്  തിരുവനന്തപുരം,  മന്ത്രി കടകപള്ളി സുരേന്ദ്രന്റെ കൈയില്‍  നിന്ന്  ഉപഹാരം  സ്വീകരിക്കുന്നു  
ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍

കലോത്സവത്തില്‍ 280 കോളേജുകളില്‍ നിന്നായി 3500 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപനച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയതയോടു വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം യുവതലമുറയുടെ മനസ്സില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശ്യാമിലി ശശികുമാര്‍ അധ്യക്ഷയായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് ചാന്‍സലര്‍ പ്രൊഫ.വി.പി. മഹാദേവന്‍ പിള്ള, പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. പി.പി.അജയകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ലെനിന്‍ ലാല്‍, ഹരികൃഷ്ണന്‍, കലോത്സവ ജനറല്‍ കണ്‍വീനര്‍ റിയാസ് വഹാബ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജെ.ജെ.അഭിജിത്ത്, സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Kerala University Youth Festival 2019 Mar Ivanios College Champions