ഇത് ഞങ്ങളുടെ സ്വര്‍ഗരാജ്യമാണ്. കാറ്റില്‍ പറത്തിയ അപ്പൂപ്പന്‍ താടിയും, കാലം നെയ്‌തെടുത്ത ഓര്‍മക്കുറിപ്പുകളും നൃത്തമാടിയ കൃഷ്ണഗിരിയെന്ന കുന്നിന്‍പുറം.

കലാലയസൗന്ദര്യം വാക്കുകളിലൂടെ വിശേഷിപ്പിക്കാന്‍ അസാധ്യമാണെങ്കിലും, ഇത് അനുഭവിച്ചറിയണമെങ്കില്‍ ആകാശസീമകളെ ചുംബിച്ചു നില്‍ക്കുന്ന, വശ്യമനോഹാരിതയുടെ പര്യായമായ ഗുരുവായൂരപ്പന്‍ കോളേജിലേക്ക് ഒന്നെത്തി നോക്കണം.

കാറ്റിനെ തലോടുന്ന കൈലാസവും വിദൂരതയിലലയടിക്കുന്ന തിരമാലകളെ നോക്കി അതിനെ പ്രണയിച്ച വൈകുണ്ഠവും ഗുരുവായൂരപ്പന്‍ കോളേജിന്റെ മാത്രം സ്വകാര്യസമ്പത്താണ്.

സൂര്യനസ്തമിക്കും നേരത്ത് കൈലാസത്തിലെ ഒറ്റമരച്ചുവട്ടില്‍ അരങ്ങേറുന്ന പിറന്നാളാഘോഷങ്ങളും. അടുത്ത സൂര്യോദയത്തിനായുള്ള അടങ്ങാത്ത കാത്തിരിപ്പും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

നഗരം മുഴുവന്‍ കാണാവുന്ന മനോഹരദൃശ്യവും, തണുപ്പേകുന്ന നരിമടയുമൊക്കെ തന്നെ കൈലാസത്തിന്റെ മറക്കാനാവാത്ത അനുഭൂതിയാകുമ്പോള്‍, നിലാവുദിച്ച രാത്രിയിലെ കൈലാസദൃശ്യം പറഞ്ഞറിയിക്കുന്നതിനുമപ്പുറമാണ്.

നൊസ്റ്റാള്‍ജിയ എന്നതിനെ ഇത്ര മാത്രം പകര്‍ന്നുതരുന്ന കൈലാസവും വൈകുണ്ഠവുമൊക്കെ തന്നെയാണ് നമ്മുടെ ഗുരുവായൂരപ്പന്‍ കോളേജിന്റെ സൗന്ദര്യത്തെ  എടുത്തുകാട്ടുന്നതും.