മീഞ്ചന്ത: കളത്തില്‍, പാഞ്ഞുവരുന്ന പന്തുകള്‍ക്കുനേരെ ബാറ്റുവീശി സിക്സര്‍ പായിക്കുന്ന പെണ്‍കുട്ടികള്‍.കളത്തിനുപുറത്ത്, നാലുവശങ്ങളിലും ആര്‍പ്പുവിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിക്കുന്ന ആണ്‍-പെണ്‍  സംഘങ്ങള്‍. 
കേരളത്തിലെ കോളേജ് കാമ്പസുകളുടെ ചരിത്രത്തില്‍ത്തന്നെ  ഇതാദ്യമായിട്ടായിരിക്കും കോളേജ് കായികമേളയുടെ ഒരുദിനം വനിതാ ക്രിക്കറ്റ് മേളയ്ക്കായി നീക്കിവയ്ക്കുന്നത്. മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 11  ഡിപ്പാര്‍ട്മെന്റുകളെ പ്രതിനിധീകരിച്ച് 11 വനിതാടീമുകള്‍ ഏറ്റുമുട്ടി. മൊത്തം 55 പെണ്‍കുട്ടികള്‍ കളത്തിലിറങ്ങി. 

എണ്‍പതുശതമാനത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജ്, വിമന്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ആവേശത്തോടെയാണ് വരവേറ്റത്. തീപാറുന്ന ഫൈനലില്‍ ഇക്കണോമിക്‌സ് വകുപ്പിനെ തോല്‍പ്പിച്ച് ഫിസിക്‌സ് വകുപ്പ് കപ്പില്‍ മുത്തമിട്ടു. വലിയ ക്രിക്കറ്റ് കളിക്കാരല്ലാത്തവര്‍പോലും കളത്തില്‍ തന്നാലാവുംവിധം ബാറ്റുവീശി ടീമിനെ സഹായിച്ചു. 

'നല്ലമാറ്റങ്ങള്‍, അത് നിശ്ശബ്ദമാവാത്ത കലാലയങ്ങളില്‍നിന്നുതന്നെയാവണം. അതിന് തുടക്കംകുറിക്കാന്‍ സാധിക്കുന്നിടത്തുതന്നെയാണ് വിജയം' -കോളേജ് യൂണിയന്‍ ജനറല്‍ ക്യാപ്റ്റന്‍ അമല്‍ സാരംഗ് അഭിപ്രായപ്പെട്ടു. 
നാളത്തെ സമൂഹമായി മാറാനൊരുങ്ങുന്ന ഇന്നത്തെ കലാലയങ്ങളെ, ലിംഗവേര്‍തിരിവില്ലാത്ത ആകാശത്തിനുകീഴെ അണിനിരത്തുക വഴി സമത്വസുന്ദരമായൊരു ഭാവിയാണ് വിഭാവനം ചെയ്യേണ്ടതെന്ന ആശയം ഇതിലൂടെ വിളംബരം ചെയ്യപ്പെടുന്നു.