രോഗികള്‍ക്ക് ആശ്വാസമേകാന്‍ 'ആശ്വാസ സ്‌ട്രെച്ചറുമായി' രംഗത്തെത്തിയിരിക്കുകയാണ് ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍. ആംബുലന്‍സില്‍ വൈബ്രേഷന്‍ കുറച്ചു കൊണ്ടുള്ള സ്‌ട്രെച്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് രൂപകല്പന ചെയ്തത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആംബുലന്‍സില്‍ ആട്ടമോ കുലുക്കമോ ഇല്ലാതെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ആശയം.

വരുണ്‍ കൃഷ്ണ, നിഖേഷ്, രാഹുല്‍ദാസ്, നിധിന്‍, മനു എന്നീ മെക്കാനിക്കല്‍ വിദ്യാര്‍ഥികളാണ് അവരുടെ പ്രോജക്റ്റിന്റെ ഭാഗമായി ഇത്തരമൊരു സ്‌ട്രെച്ചര്‍ രൂപപ്പെടുത്തിയത്. ഇതിന്റെ നിര്‍മാണത്തിന് വലിയ തോതിലുള്ള ചെലവുകള്‍ ഒന്നും തന്നെ വരുന്നില്ലെന്നാണ് മെക്കാനിക്കല്‍ ടീം പറയുന്നത്. മെക്കാനിക്കല്‍ ബ്രാഞ്ച് അധ്യാപകര്‍, പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് എന്നിവര്‍ ആവശ്യമായ നിര്‍ദേശവും പ്രോത്സാഹനവും നല്‍കി.