ഒരു ദിവസം വൃക്ഷത്തൈ നട്ട് പിരിയാനുള്ളതല്ല പരിസ്ഥിതിദിനം. നല്ല ഭാവിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള ദിവസമായാണ് അതിനെ കാണേണ്ടത്. ഇതാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന്റെ പോളിസി.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രണ്ടു വ്യത്യസ്ത പ്രവർത്തനങ്ങൾക്കാണ് കാമ്പസിൽ തുടക്കം കുറിച്ചത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ സസ്യശാസ്ത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയാണ് അതിലൊന്ന്.

പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഇനി സെന്റ് ജോസഫ്‌സിൽ വേണ്ട എന്ന തീരുമാനമാണ് അവരെടുത്തത്. അതിനായി പ്ലാസ്റ്റിക് ബോട്ടിലുകൾക്കു പകരം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുന്ന പദ്ധതിക്ക്‌ തുടക്കമിട്ടു. ഇവിടെ അധ്യാപക-അനധ്യാപകരും വിദ്യാർഥികളും ഇനിമുതൽ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കില്ല. സ്റ്റെയിൻലെസ് സ്റ്റീൽ ബോട്ടിലുകൾ മൊത്തമായി വാങ്ങി പകുതി വിലയ്ക്ക്‌ കാമ്പസിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.

കൂടാതെ ചണം കൊണ്ടുള്ള ബാഗുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്കിനു ബദലായി ഇനി ചണബാഗുകൾ ഉപയോഗിക്കാനാണ് തീരുമാനം. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ഡോ.ടി.വി. ബിനുവിനാണ് പദ്ധതിയുടെ ചുമതല.

പഴയ പേപ്പറുകൾ നല്ല പേപ്പറുകളാക്കി മാറ്റി സാമൂഹിക പ്രതിബദ്ധത തെളിയിക്കുകയാണ് സെന്റ് ജോസഫ്‌സിലെ എൻ.എസ്.എസ്. യൂണിറ്റുകളും ചരിത്ര-രസതന്ത്ര വിഭാഗങ്ങളും. ലവ് ഡെയ്ൽ ഫൗണ്ടേഷനുമായി ചേർന്ന് ‘സേവ് എ പേപ്പർ ഫോർ കിഡ്‌സ്’ എന്ന പദ്ധതിയാണ് ഇവർ ആവിഷ്‌കരിച്ചിരിക്കുന്നത്. കാമ്പസിൽ പേപ്പറുകൾ വലിച്ചെറിയാതെ അവ ഫലപ്രദമായി ഉപയോഗിക്കുകയാണിവിടെ.

കാമ്പസിൽ പ്രത്യേകം സ്ഥാപിച്ച പേപ്പർ വേസ്റ്റ്ബിന്നിൽ മാത്രമേ ഇനി ഉപയോഗശൂന്യമായ പേപ്പറുകൾ നിക്ഷേപിക്കൂ. ലവ് ഡെയ്ൽ ഫൗണ്ടേഷൻ പ്രതിനിധികളെത്തി ഇവിടെനിന്നും പേപ്പറുകൾ ശേഖരിക്കും. പഴയ പത്രങ്ങളും ഇതോടൊപ്പം നൽകും. ശേഖരിച്ച പേപ്പറുകൾ ഫൗണ്ടേഷൻ നോട്ട്ബുക്ക് നിർമാണ കേന്ദ്രത്തിലെത്തിക്കുകയും അവിടന്ന് തിരികെ നോട്ട്ബുക്കുകൾ നൽകുകയും ചെയ്യും. ഇങ്ങനെ കിട്ടുന്ന ബുക്കുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി നൽകും.

എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ സി.എ. ബീനയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ.സിസ്റ്റർ ആശ, സിസ്റ്റർ ബ്ലെസി, എൻ.എസ്.എസ്. മുൻ കോ-ഓർഡിനേറ്റർ അഞ്ജു ആന്റണി, പരിസ്ഥിതി ക്ലബ്ബ് അംഗം ഗംഗ ഗോപി, ലവ് ഡെയ്ൽ ഫൗണ്ടേഷൻ സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ കെ. പ്രീജോ തുടങ്ങിയവർ പങ്കെടുത്തു.