കാമ്പസുകളിലെ നന്മകള്‍ അവസാനിക്കുന്നില്ല. വിവിധ രൂപങ്ങളിലൂടെയും ഭാവങ്ങളിലൂടെയും അതിങ്ങനെ പൂത്തുലയും. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വീണ്ടുമൊരു നന്മമരമായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കയാണ്, 'വണ്‍ഡേ വണ്‍ റുപ്പി' പദ്ധതിയിലൂടെ. സഹപാഠിക്ക് ശക്തിയുള്ളൊരു കൈത്താങ്ങായി, കാമ്പസിലെ 'വണ്‍ഡേ വണ്‍ റുപ്പി' വേറിട്ട പദ്ധതിയായി മാതൃകയാവുന്നു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന ഉദ്യമമാണിത്. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലെയും ക്ലാസുകളില്‍ യൂണിയന്‍തന്നെ സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ ഓരോ വിദ്യാര്‍ഥിയും ദിവസവും ഒരു രൂപ എന്ന നിരക്കില്‍  നിക്ഷേപിക്കും. ഇങ്ങനെ ശേഖരിക്കുന്ന പണം മാസാവസാനം അര്‍ഹരായ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്ന പദ്ധതിയാണിത്. 

പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ആദ്യതുക കോളേജ് ഡേയില്‍ പ്രിന്‍സിപ്പല്‍ ഡോ. ശിവരാമകൃഷ്ണന്‍ ഏറ്റുവാങ്ങി. കറകളഞ്ഞ സൗഹൃദത്തിനും നിറംമങ്ങാത്ത നന്മയ്ക്കും സമൂഹത്തില്‍ ഇന്നും വംശനാശം വന്നില്ലെന്നതിന്റെ ഉദാഹരണമാവുകയാണ് ഓരോ നാണയത്തുട്ടും.