കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ഡി സോണ്‍ കലോത്സവം ശ്രദ്ധേയമാകുന്നു. കുട്ടനെല്ലൂര്‍ ഗവ. കോളേജിലെ ഡി-സോണ്‍ കലോത്സവനഗരിയിയിലെ വാര്‍ത്തകളും വിശേഷങ്ങളും ഇപ്പോള്‍ ലോകമെങ്ങും എത്തിക്കൊണ്ടിരിക്കുകയാണ്. ഒപ്പം കലോത്സവ നഗരിയെ ഉണര്‍ത്തുന്ന ഭക്ഷണശാലയും പൊടിപൊടിക്കുകയാണ്. 

കുട്ടനെല്ലൂര്‍ ഗവ. കോളേജിലെ ഡി-സോണ്‍ കലോത്സവനഗരിയിയില്‍ നിന്ന് ദിവസവും രാത്രി ഇറങ്ങുന്ന ഒരു ചെറിയ വാര്‍ത്താ ഷെഡ്യൂളുണ്ട്. അതതു ദിവസത്തെ മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഫലങ്ങളും ഏറ്റവും ഒടുവിലെ പോയിന്റ് നിലയും നിലവില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന കോളേജിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍. 

image

യു ട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ് ബുക്കിലുമാണിത് പോസ്റ്റ് ചെയ്യുന്നത്. ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം ഇത് വാട്സാപ്പിലും പ്രചരിച്ചുതുടങ്ങും. കലോത്സവത്തിന്റെ ചുമതലയുള്ള മീഡിയ കമ്മിറ്റിയാണ് ഇത് നിര്‍വഹിക്കുന്നത്. സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയ രണ്ടാം ദിവസം തന്നെ ന്യൂസ് ബുള്ളറ്റിന്‍ ആരംഭിച്ചിരുന്നു. 

കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി കെ. മനീഷയാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കി വാര്‍ത്ത വായിക്കുന്നത്. മീഡിയ കണ്‍വീനര്‍ ഷിബിനുള്‍പ്പെടെയുള്ള ടീമാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

ഹരമായി രുചിവൈവിധ്യവും

ഡി - സോണ്‍ കലോത്സവ നഗരിയില്‍ ഭക്ഷണപ്രിയന്‍മാര്‍ക്ക് നല്ല കോളാണ്. അതിരാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ ഭക്ഷണശാലയില്‍ തിരക്കോടു തിരക്കു തന്നെ. ചുക്കുകാപ്പി മുതല്‍ ചിക്കന്‍ ബിരിയാണിയടക്കം ഏതു വിഭവവും ഇവിടെ റെഡിയാണ്. ആര്‍ക്കും സൗജന്യമില്ല. എല്ലാത്തിനും മുമ്പ് കൂപ്പണ്‍ എടുത്തേ അകത്ത് കയറാനാവു.  വെജും നോണ്‍ വെജും അടക്കം വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ മെനുവിലുണ്ട്. കോളേജിലെ ചില പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇതിന്റെ നടത്തിപ്പ്. 

image

ഉച്ചഭക്ഷണമൊഴിച്ച് എല്ലാം ഇവിടെത്തന്നെ പാചകം ചെയ്യുന്നതാണ്. ഉച്ചയൂണിനാണ് ഏറ്റവും തിരക്ക്. ഏറ്റവും കൂടുതല്‍  ചെലവാകുന്നത് കുപ്പിവെള്ളമാണ്. ഇളവുകളൊന്നും വിദ്യാര്‍ഥികള്‍ക്കില്ല.  യുവാക്കളുടെ നേതൃത്വത്തില്‍ ഏകദേശം അമ്പതോളം പേരാണ് ഭക്ഷണശാല നിയന്ത്രിക്കുന്നത്.