തേഞ്ഞിപ്പലം: ബോട്ടണി ഗവേഷകര്‍ക്ക് നല്ല പാഠം നല്‍കാന്‍ ഒരു സമ്പൂര്‍ണ ബ്ലോഗുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈബ്രേറിയന്‍ ഡോ.പി.എം പ്രകാശന്‍. ബോട്ടണി പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയെന്ന നിലയില്‍ തുടങ്ങിയ ബോട്ടാണിക്കല്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം  http://prakash-botany.blogspot.in/  (ബോട്ട്ലിസ്) എന്ന ബ്ലോഗ് ഇപ്പോള്‍ യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ളവരടക്കം മുപ്പത്തയ്യായിരത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ സഹായമേകുന്ന  ബോട്ട്ലിസ് എന്ന ബ്ലോഗില്‍ സന്ദര്‍ശകര്‍ ഏറെയുള്ളത് റഷ്യയില്‍ നിന്നാണ്.
 

Boatlis
ഡോ. പി.എം. പ്രകാശന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉപഹാരം നല്‍കുന്നു

ഈ മാസത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുണ്ടായത് റഷ്യയില്‍ നിന്നാണ് 467 പേര്‍. ഇന്ത്യ-149, യുക്രൈന്‍-131, യു.എസ്.എ.-38, കാനഡ-27, ജര്‍മനി-എട്ട്, ബഹറിന്‍-എട്ട്, ബ്രിട്ടന്‍- ഏഴ് എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്ക്.
 
2009 ഓഗസ്റ്റ് 28-നാണ് ബ്ലോഗ് തുടങ്ങിയത്. പകര്‍പ്പെടുക്കുന്നതിനോ വായിക്കുന്നതിനോ പണം ആവശ്യമില്ലാത്ത വിദേശ ഗവേഷണ ജേണലുകള്‍, പ്രബന്ധങ്ങള്‍, ഡെസര്‍ട്ടേഷനുകള്‍, പണ്ഡിതന്മാരുടെ ലേഖനങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കുകയാണ് ലക്ഷ്യം. 

യു.ജി.സി.യുടെ ഇന്‍ഫോനെറ്റ് ഡിജിറ്റല്‍ ലൈബ്രറി കണ്‍സോര്‍ഷ്യം, ഓപ്പണ്‍ ഡോര്‍, സ്വീഡനിലെ ലുണ്ട് സര്‍വകലാശാല തുടങ്ങിയ ഡയറക്ടറി ഓഫ് ഓപ്പണ്‍ ആക്സസ് ജേണല്‍സ്, എം.ഫില്‍., പി.എച്ച്.ഡി. പ്രബന്ധങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും കോപ്പിയടി തടയുന്നതിനുമുള്ള യു.ജി.സിയുടെ ഡിജിറ്റല്‍ കോമണ്‍സ് നെറ്റ്വര്‍ക്സ്, വേള്‍ഡ് ഇ-ബുക്ക് ലൈബ്രറി, ഇന്റര്‍നെറ്റ് ആര്‍ക്കൈവ് തുടങ്ങി അന്‍പതിലധികം വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളും തിരച്ചിലിനുള്ള ഓപ്ഷനും അടങ്ങുന്നതാണ് ബ്ലോഗ്.

വലിയ പ്രചാരമില്ലാതെ തന്നെ ബ്ലോഗിന്റെ സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഡോ. പ്രകാശനെ ആദരിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉപഹാരം നല്‍കി. 
ഇന്ത്യന്‍ ജേണല്‍ ഓഫ് ലൈബ്രറി സയന്‍സ് ആന്‍ഡ് ഐ.ടി.യുടെ ദേശീയ ഉപദേശക സമിതി അംഗമാണ് പ്രകാശന്‍. ഭാര്യ സുമിത കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ്. 

ഉറപ്പേകുന്നത് ആധികാരികത

ഇന്റര്‍നെറ്റിലെ സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ആയിരക്കണക്കിന് ലിങ്കുകള്‍ നല്‍കാറുണ്ട്. അസ്സലിനെ വെല്ലുന്ന വ്യാജ സൈറ്റുകളും തെറ്റായ വിവരങ്ങളുമെല്ലാം ഗവേഷണ പ്രബന്ധങ്ങളെ വികലമാക്കും. എന്നാല്‍ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന ബോട്ട്ലിസ് ആധികാരികത ഉറപ്പു നല്‍കുന്നു. 

മറ്റെവിടെയും ലഭ്യമല്ലാത്ത ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദ-ദൃശ്യ മാതൃകകള്‍ എന്നിവയെല്ലാം വിഷയാടിസ്ഥാനത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. പ്രബന്ധരചന എങ്ങനെയാകണം, പ്ലേജിയറിസം (കോപ്പിയടി) ഉണ്ടോ, സമാന വിഷയത്തില്‍ വേറെ എവിടെയെല്ലാം പ്രബന്ധങ്ങളുണ്ട് തുടങ്ങിയവ പരിശോധിക്കാനും ബ്ലോഗ് ഉപയോഗിക്കാം.