ട്ടിസം ബാധിച്ച കുട്ടികളുടെ ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ അവരെ സമൂഹത്തില്‍ പലപ്പോഴും ഒറ്റപ്പെടുത്താറുണ്ട്. അവരുടെ സംസാരം മാതാപിതാക്കള്‍ക്കും പരിശീലകനുമല്ലാതെ മൂന്നാമതൊരാള്‍ക്ക്  മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.

ഇതിനൊരു പ്രതിവിധിയാണ് കൊടകര സഹൃദയ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 'സ്മാര്‍ട്ട്  എയ്ഡ് ഫോര്‍ ഓട്ടിസ്റ്റിക് കെയര്‍'.

ഓട്ടിസം ബാധിതരുടെ അവ്യക്തമായ ശബ്ദങ്ങള്‍ വ്യക്തമായ ശബ്ദങ്ങളാക്കാനും  ഓട്ടിസം കുട്ടികളുടെ പരിശീലനത്തിനായുള്ള  അന്തരാഷ്ട്ര പരിശീലനരീതിയായ പിക്ച്ചര്‍ എക്സ്ചേഞ്ച് ബേസ്ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിലെ ന്യൂനതകള്‍ പരിഹരിക്കാനും ഈ കണ്ടുപിടിത്തം സഹായിക്കും.

autism 2

മൈക്രോഫോണ്‍, എല്‍.ഇ.ഡി. ഡിസ്പ്ലേ, ബ്ലൂ ടൂത്ത് മൊഡ്യൂള്‍, ഓര്‍ഡിനോ ബോര്‍ഡ്, ടെക്സ്റ്റ്-ടു-സ്പീച്ച് കണ്‍വേര്‍ട്ടര്‍, വോയ്സ് റെക്കൊഗ്നിഷന്‍ മൊഡ്യൂള്‍, എന്നിവയാണ്  'സ്മാര്‍ട്ട് എയ്ഡ് ഫോര്‍ ഓട്ടിസ്റ്റിക് കെയറിന്റെ' പ്രധാനപ്പെട്ട ഭാഗങ്ങള്‍.

ഓട്ടിസം കുട്ടികള്‍ പുറപ്പെടുവിക്കുന്ന അവ്യക്തമായ ശബ്ദങ്ങള്‍ ഒരു ഓര്‍ഡിനോ ബോര്‍ഡിന്റെ സഹായത്തോടുകൂടി  സ്വീകരിച്ച്  മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്യും. പിന്നീട് ഈ ശബ്ദം വ്യക്തമായ ശബ്ദവുമായി താരതമ്യം ചെയ്യുന്നു.

കുട്ടികള്‍ സംസാരിക്കുമ്പോള്‍ ഈ വ്യക്തമായ ശബ്ദം സ്പീക്കര്‍വഴി പുറപ്പെടുവിക്കുന്നു. ഇതേസമയംതന്നെ സന്ദേശം ബ്ലൂ ടൂത്ത് മൊഡ്യൂള്‍ വഴി  മൊബൈലിലേക്ക് നല്കാനും സാധിക്കും.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചിട്ടുള്ള, ഓട്ടിസം കുട്ടികളുടെ പരിശീലനരീതിയായ പിക്ച്ചര്‍ എക്സ്ചേഞ്ച് ബേസ്ഡ്  കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ചാര്‍ട്ടുകളുടെ  സഹായത്തോടെ ക്ലാസ്സുമുറികളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയാണ്. എന്നാല്‍ ഇവയ്ക്കുപകരം മൊബൈല്‍ ഫോണിലെ ടച്ച് സ്‌ക്രീനിന്റെ സഹായത്തോടെ വളരെ എളുപ്പമുള്ള  രീതിയിലാക്കി മാറ്റുന്നു. 

ടാബ്ലറ്റിന്റെ മാത്രം  വലിപ്പമുള്ള ഈ ഉപകരണം വളരെ  എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ സാധിക്കും.  വിവിധ ഓട്ടിസം പരിശീലനകേന്ദ്രങ്ങളില്‍പ്പോയി പഠനങ്ങള്‍ നടത്തിയശേഷമാണ് ഇവര്‍ പ്രോജക്ട്  തയ്യാറാക്കിയത്. 

തിരുവനന്തപുരം മരിയന്‍ കോളേജില്‍ നടന്ന ദേശീയ പ്രോജക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനമായി എഴുപത്തയ്യായിരം രൂപ, കേരള സംസ്ഥാന സയന്‍സ് ആന്‍ഡ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഗ്രാന്റ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഈ പ്രോജക്ടിന് ലഭിച്ചിട്ടുണ്ട്.  

സഹൃദയയിലെ അവസാനവര്‍ഷ ബയോമെഡിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ അശ്വതി കെ. ബാബു, ടി.കെ. ശില്പ, എസ്.ആര്‍. ശ്രീലക്ഷ്മി, മോണിക്ക എം. ജോസ്, വി.ആര്‍. ശ്രീരാഗ് എന്നിവര്‍ അദ്ധ്യാപകരായ പ്രൊഫ. കിരണ്‍ ഫിലിപ്പ് ഐസക്ക്, ബെസ്സി ടൈറ്റസ് എന്നിവരുടെ  സഹായത്തോടെയാണ്  ഈ പ്രോജക്ട്  തയ്യാറാക്കിയത്.