വീട്ടുകാരറിയാതെ സംഗീതം പഠിച്ച കഥകളുണ്ടാകും പഴയതലമുറ സംഗീതജ്ഞര്‍ക്ക്. ഏതാണ്ടൊരു ഇരുപത് വര്‍ഷം മുമ്പുവരെ ഹാര്‍മോണിയമോ വയലിനോ തുടങ്ങിയ സംഗീതോപകരണങ്ങളോ പാട്ടോ പഠിക്കുന്ന കാര്യം പറഞ്ഞാല്‍ 'പോയി നാലക്ഷരം പഠിക്കാദ്യം' എന്നായിരുന്നു കാരണവന്മാരുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇക്കാലത്ത് സ്ഥിതി അതല്ല. മക്കള്‍ സംഗീതം പഠിക്കാന്‍ വീട്ടുകാര്‍ക്കുതന്നെയാണ് ഏറെ താത്പര്യം. 

ടി.വി. ചാനലുകളിലൂടെ ജനങ്ങള്‍ ഏറ്റെടുത്ത റിയാലിറ്റി ഷോകളും പോപ്പ് ബാന്‍ഡുകളുമാണ് ഒരു പരിധിവരെ ഈ മാറ്റത്തിന്റെ സൃഷ്ടി. പഠനത്തോടൊപ്പം തന്നെ പ്രാധാന്യം ലഭിച്ചുകഴിഞ്ഞു സംഗീതപഠനത്തിനും. ഈ മാറ്റത്തിന്റെ ചുവടുപിടിച്ച് സംഗീതോപകരണങ്ങളുടെ വിപണി താളമിടുകയാണ്. 

കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമാണ് കേരളത്തില്‍ സംഗീതോപകരണ വിപണിയില്‍ മുന്നില്‍. കൊച്ചിയില്‍ മാത്രം മാസംതോറും 50 ലക്ഷം മുതല്‍ ഒരുകോടി രൂപയ്ക്ക് മേല്‍ സംഗീതോപകരണങ്ങള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്ക്. പ്രാദേശികമായി ഉദിച്ചുയര്‍ന്ന 'ദേശി പോപ്' ബാന്‍ഡുകളുടെ വരവോടെ പുത്തന്‍ ട്രെന്‍ഡുകളും സംഗീതോപകരണങ്ങളില്‍ വന്നുകഴിഞ്ഞു.

നാസിക് ദോല്‍ മുതല്‍ കജോണ്‍ ബോക്‌സ് വരെ
kajon boxകൊച്ചിയിലുള്ള സംഗീതോപകരണ വില്പനശാലയിലെത്തിയ ഒരു സംഗീത സംവിധായകന്‍ ചോദിച്ചതു കേട്ട് കടയിലുണ്ടായിരുന്നവര്‍ അത്ഭുതപ്പെട്ടു: ''കസൂ ഇന്‍സ്ട്രുമെന്റുണ്ടോ'' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇത്തരത്തില്‍ പുത്തന്‍ സംഗീതോപകരണങ്ങള്‍ ഇപ്പോള്‍ താരമാവുകയാണ്. കസൂ, കജോണ്‍ ഡ്രം, ജംപേ, കീറ്റാര്‍ (ആക്‌സ്‌സിന്ത്), നാസിക് ദോല്‍ തുടങ്ങി ഒരു പിടി ന്യൂജന്‍ സംഗീതോപകരണങ്ങളാണ് പുതിയ താരോദയങ്ങള്‍. 

പണ്ടത്തെ ബാന്‍ഡുമേളത്തിനുമേല്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ നാസിക് ദോല്‍ ഡ്രമ്മുകള്‍ മേല്‍ക്കോയ്മ നേടിയിട്ട് അധികനാളായിട്ടില്ല. ചില സ്ഥലങ്ങളില്‍ ശിങ്കാരിമേളക്കാര്‍ വരെ നാസിക് ദോലിലേക്ക് ചുവടു മാറിയിട്ടുമുണ്ട്. 1,900 രൂപ മുതല്‍ 2,500 രൂപ വരെയാണ് വിവിധ വലിപ്പത്തിലുള്ള നാസിക് ദോലുകളുടെ വില. ഓരോ മാസവും അമ്പതിലേറെ നാസിക് ദോലുകളുടെ വില്പന കൊച്ചിയില്‍ നടക്കുന്നുണ്ട്. പക്ഷേ, ബാന്‍ഡുമേളത്തിന്റേയോ ശിങ്കാരി മേളത്തിന്റേയോ ഒന്നും ആസ്വാദ്യത ഇതിനില്ലെങ്കിലും ആര്‍ക്കും ചെറിയ പരിശീലനത്തോടെ ഇത് അവതരിപ്പിക്കാമെന്നത് യുവത പെട്ടെന്ന് ഏറ്റെടുക്കാന്‍ കാരണമാകുകയായിരുന്നു. 
വിസില്‍ പോലുള്ള ചെറിയൊരു ഉപകരണമാണ് ഇപ്പോള്‍ വിപണിയിലെത്തിയിട്ടുള്ള 'കസൂ'. ചൈനയില്‍ നിന്നാണ് വരവ്. മൂളിപ്പാട്ട് പാടുമ്പോള്‍ ചുണ്ടില്‍ ഇത് ഘടിപ്പിച്ചാല്‍ ആ പാട്ടുകള്‍ മറ്റൊരു ശബ്ദമായി പുറത്തേക്കെത്തുമെന്നതാണ് പ്രത്യേകത. നൂറ് രൂപ തൊട്ടാണ് ഇതിന്റെ വില. 

ട്രിപ്പിള്‍ ഡ്രമ്മിനെയും മറ്റും പിന്നോട്ടാക്കി ഇപ്പോള്‍ താരമായിരിക്കുന്നതാണ് കജോണ്‍ ഡ്രം ബോക്‌സ്. ഒരു സ്റ്റൂളിലിരുന്ന് താഴെ താളം പിടിക്കാന്‍ സാധിക്കുന്നതു പോലുള്ള ഉപകരണമാണിത്. ശിവമണിയുടെ വരവോടെയാണ് ഇതിന് പ്രചാരമേറിയത്. 

ജംപേ ഡ്രമ്മും ഇതോടൊപ്പമുണ്ട്. പിയാനിസ്റ്റ് സ്റ്റീഫന്‍ ദേവസ്സിയിലൂടെ കേരളത്തില്‍ തരംഗമായി തീര്‍ന്ന ഗീറ്റാര്‍ പോലെ, തോളില്‍ തൂക്കി വശത്തേക്കിട്ട് വായിക്കാവുന്ന കീറ്റാര്‍ അഥവാ ആക്‌സ്‌സിന്ത് പിയാനോയ്ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. 

ചെറിയ വിലയില്‍ ഫ്ലൂട്ടുകള്‍; വിലയേറി ജാസുകള്‍
flouteഒരുകാലത്ത് കൊച്ചിയില്‍ തന്നെ നിര്‍മിച്ച ഗിറ്റാറുകള്‍ക്ക് ഏറെ സ്വീകാര്യത ഉണ്ടായിരുന്നു. ചൈനയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും നല്ല ഫിനിഷിങ്ങും ശബ്ദമേന്മയുമുള്ള ഉപകരണങ്ങള്‍ വന്നതോടെ ഇതില്‍ മാറ്റമുണ്ടായി. 1,500 രൂപയാണ് മാനുവല്‍ ഗിറ്റാറുകളുടെ വില. വിദേശ ഗിറ്റാറുകള്‍ക്ക് 2,500ന് മുകളിലേക്കും വിലയുണ്ട്. അക്കോസ്റ്റിക് ഗിറ്റാറുകള്‍ക്ക് 1,450 രൂപ മുതല്‍ 35,000 രൂപ വരെയാണ് വില. ഇലക്ട്രിക് ഗിറ്റാറുകള്‍ക്ക് 6,000 മുതല്‍ ഒരുലക്ഷത്തിന് മുകളില്‍ വരെയെത്തും വില.
വയലിനുകളുടെ വില 1,980 രൂപ മുതലാണ്. ഇന്ത്യന്‍ വയലിനുകള്‍ക്ക് 3,000 രൂപ വരെയും. പ്ലൈവുഡിലും യഥാര്‍ത്ഥ മരത്തടിയിലുമുള്ള വിദേശ വയലിനുകള്‍ക്ക് 3,500 മുതല്‍ 50,000 രൂപ വരെയും വിലയുണ്ട്. മേന്മയേറിയ ജര്‍മന്‍ വയലിനുകള്‍ക്ക് ഒരു ലക്ഷത്തിന് മേല്‍ വിലയാകും. 

കൂട്ടത്തില്‍ വില കൂടുതലുള്ളത് ഡ്രം ഇനങ്ങള്‍ക്കാണ്. സാധാരണ ജാസ് ഡ്രമ്മുകള്‍ക്ക് 16,000 മുതല്‍ 1.5 ലക്ഷം രൂപ വരേയും. ഇലക്‌ട്രോണിക് ഡ്രമ്മുകള്‍ക്ക് 50,000 രൂപ മുതല്‍ 12 ലക്ഷം വരെയുമുണ്ട് വില. വീണയ്ക്ക് 14,00035,000 ആണ് വില. തബലയ്ക്ക് 6,000 രൂപ വരെയും. മൃദംഗത്തിന് 9,000 രൂപയും വിലയുണ്ട്.

120 മുതല്‍ 1,600 രൂപ വരെ മാത്രം വില വരുന്ന ഫ്ലൂട്ടാണ് കൂട്ടത്തില്‍ വിലക്കുറവുള്ളത്. സിത്താറുകള്‍ക്ക് 7,500 മുതല്‍ 30,000 രൂപ വരെയും കീ ബോര്‍ഡുകള്‍ക്ക് 6,000 മുതല്‍ 4 ലക്ഷം രൂപ വരേയും വില വരും. 
കോര്‍ഗ്, റോളണ്ട്, യമഹ, റോളണ്ട് എന്നീ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് വില വളരെ കൂടുതലാണ്. കാസിയോ കീ ബോര്‍ഡുകള്‍ക്ക് 60,000 രൂപ വരെയാണ് വില. കീറ്റാര്‍ പിയാനോകള്‍ക്ക് 75,000 രൂപയോളവുമുണ്ട്. കസൂവിന് നൂറ് രൂപയും കജോണ്‍ ബോക്‌സിന് 3,000 മുതല്‍ 4,500 രൂപ വരേയും വിലയാകും. 

ചൈനയില്‍ നിന്നുള്ള ജിന്‍ബാവോ ബ്രാന്‍ഡ് സംഗീതോപകരണങ്ങള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. വീണ, ഹാര്‍മോണിയം തുടങ്ങിയ ഉപകരണങ്ങളുടെ വില്പന പൊതുവെ കുറവാണെന്നാണ് വിപണിയിലെ വര്‍ത്തമാനങ്ങള്‍. 

കലാഭവന്‍ മുതല്‍ ക്രോസ്‌റോഡ്‌സ് വരെ
jazഒരുകാലത്ത് സംഗീതമെന്നാല്‍ 'കലാഭവന്‍' ആയിരുന്നു കൊച്ചിക്ക്. മൈലുകള്‍ താണ്ടി സംഗീതം പഠിക്കാന്‍ നിരവധിപേരാണ് കലാഭവനില്‍ എത്തിയിരുന്നത്. പാട്ടും ഉപകരണ സംഗീതവും പഠിക്കുന്നതിനുള്ള ഏക ഇടമായിരുന്നു നാളുകള്‍ക്ക് മുമ്പുവരെ കലാഭവന്‍. തുടര്‍ന്ന് 'കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍' (സി.എ.സി.), 'നാഷണല്‍ അക്കാദമി ഓഫ് മ്യൂസിക്' തുടങ്ങി അമ്പതിലേറെ സംഗീതപഠന കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. അതിപ്പോള്‍ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫിന്റെ 'ക്രോസ്‌റോഡ്‌സ് അക്കാദമി' എന്ന മ്യൂസിക് പ്രീ സ്‌കൂളിലെത്തി നില്‍ക്കുകയാണ്. മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്കായാണ് ഇവിടെ സംഗീതവും സംഗീതോപകരണ പഠനവും. 

സംഗീതോപകരണ വില്പനയില്‍ 1932 മുതലുള്ള 'മാനുവല്‍ ഇന്‍ഡസ്ട്രീസ്' ആണ് കേരളത്തില്‍ തന്നെയാദ്യം. ഇവിടെ നിന്നാണ് കേരളത്തിന്റെ സ്വന്തം 'മാനുവല്‍ ഗിറ്റാറുകള്‍' പ്രശസ്തിയാര്‍ജിച്ചതെന്ന് മാനുവല്‍ ഇന്‍ഡസ്ട്രീസ് ഉടമ വിനു ആന്റണി പറയുന്നു. തുടര്‍ന്ന് 'ബേസില്‍ ഇന്‍ഡസ്ട്രീ'സും 'സംഗീതമഹലു'മടക്കം നിരവധി സംഗീതോപകരണ വില്പന കേന്ദ്രങ്ങളും കൊച്ചിയില്‍ മുളച്ചു. ജില്ലയിലാകമാനം നൂറോളം സംഗീതോപകരണ വില്പന കേന്ദ്രങ്ങളുണ്ടിപ്പോള്‍. കൊച്ചി നഗരത്തില്‍ മാത്രം പത്തിലധികം സംഗീത ഉപകരണ വില്പന കേന്ദ്രങ്ങളുമുണ്ട്.