കാറോട്ടമത്സരത്തിന് സ്വന്തമായി കാര്‍ നിര്‍മിച്ച് രംഗത്തിറങ്ങുകയാണ് പത്തനംതിട്ട അടൂര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍. നാലാം വര്‍ഷ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് മത്സര ഓട്ടത്തിനുള്ള കാറുകള്‍ നിര്‍മിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ സ്റ്റുഡന്റ്സ് ഫോര്‍മുല മത്സരമായ ബുദ്ധ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ നടക്കുന്ന സുപ്രാ റേസിലാണ് ഇവര്‍ സ്വന്തം കാര്‍ ഇറക്കുക. അടൂര്‍ എന്‍ജിനീയറിങ് കോളേജിലെ ദ്രുത ടീമാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. 

കേരളത്തില്‍ നിന്ന് മൂന്ന് എന്‍ജിനീയറിങ് കോളേജുകളാണ് റേസില്‍ പങ്കെടുക്കുന്നത്. 2012 ലാണ് കോളേജില്‍ നിന്ന് ആദ്യമായി കാര്‍ നിര്‍മിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നത്. സി.ബി.ആര്‍. 600 എന്‍ജിനാണ് കാറിന് ഘടിപ്പിച്ചിരിക്കുന്നത്. 

ഇതിനൊപ്പം കോളേജിലെ തന്നെ ടീം അസ്ത്രയും റേസ് കാര്‍ നിര്‍മിച്ചിട്ടുണ്ട്. ഓഫ് റോഡ് മത്സരത്തിന് അസ്ത്രയും ഓണ്‍ റോഡ് മത്സരത്തിനായി ടീം ദ്രുതയും തയ്യാറാകുകയാണ്. ക്യാപ്റ്റന്‍ മെബിന്‍ ഫിലിപ്പും മാനേജര്‍ വിപിന്‍ രാജുവുമാണ് നേതൃത്വം നല്‍കുന്നത്.