കഞ്ഞിയും ചമ്മന്തിയും, ബീഫ് വരട്ടിയത്, കപ്പയും മത്തിയും, കോഴി ചുട്ടത്, പോര്‍ക്ക് പെരളന്‍, സുലൈമാനി ഇത് കോഴിക്കോടന്‍ ഹോട്ടലിലെ രുചിയേറും വിഭവങ്ങളുടെ പേരല്ല. വിശപ്പ് പ്രമേയമാക്കിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇറക്കിയ കോളേജ് മാഗസിന്റെ ഉള്ളടമക്കാണ്. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ് വിദ്യാര്‍ഥികളാണ് മാംസബുക്ക് എന്നപേരിലുള്ള മാഗസിനുമായി രംഗത്തെത്തിയിരിക്കുന്നത്.

നമ്മള്‍ എന്ത് കഴിക്കണം എന്ന് മറ്റുള്ളവര്‍ ചിന്തിക്കുമ്പോള്‍ അതിനെതിരേയുള്ള കലഹം ഏറ്റവും ആദ്യം ഉയര്‍ന്ന് വരേണ്ടത് കോളേജുകളില്‍ നിന്നാകണമെന്ന് മാഗസിന്‍ സമൂഹത്തോട് ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് 148 പേജുള്ള കോളേജ് മാഗസിനിന്റെ ഭൂരിഭാഗം അധ്യായവും ഭക്ഷണത്തെ കുറിച്ചും, രുചിഭേദത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത്. 

Magazine 2

വിശപ്പ് സഹിക്കാനാവെ ആത്മഹത്യ ചെയ്ത ഇന്ത്യയിലെ കര്‍ഷകര്‍ക്കും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊന്ന സഹോദരങ്ങള്‍ക്കുമാണ് മാഗസിന്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോളേജ് മാഗസിനുകള്‍ ഓരോ അധ്യായനവര്‍ഷവും പുതുമയുള്ളതാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കാറുണ്ടെങ്കിലും നീലകണ്ഠ സംസ്‌കൃത കോളേജില്‍ അടുത്ത കാലത്തായി ഇറങ്ങിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാഗസിനായിരുന്നു മാംസബുക്കെന്ന് മാഗസിന്‍ സ്റ്റുഡന്റ് എഡിറ്റര്‍ കെ. മഹേഷ് പറഞ്ഞു. 

ഭക്ഷണം രുചി മാത്രമല്ല സ്വാതന്ത്രം കൂടിയാണെന്ന് ഉറക്കെ വിളിച്ച് പറയാനുള്ള ശ്രമമാണ് മാഗസിന്‍ നടത്തുന്നത്. മാത്രമല്ല അടുക്കളയില്‍ വേവുന്ന ഇറച്ചിയുടെ മണം എന്തെന്ന് പരതുന്നുവരുടെ ലോകത്ത് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്തിന് വേണ്ടി കലഹിക്കുകയുമാണ് എഴുത്തുകളിലൂടെ മാഗസിന്‍ ചെയ്യുന്നത്. 

Mag

ബീഫ് നിരോധനം, ഗോമാതാ വാദം, ദളിത് ആക്രമണം, ആധാറിന്റെ നിര്‍ബന്ധത തുടങ്ങി വിവിധ വിഷയങ്ങളാണ് മാഗസിന്‍ കൈകാര്യം ചെയ്യുന്നതെങ്കിലും ഭക്ഷണവും മലയാളിയുടെ ഭക്ഷണ സ്‌നേഹവും തന്നെയാണ് മാഗസിന്റെ പ്രധാന ചര്‍ച്ചാ വിഷയം. മലയാളിക്ക് ഒരിക്കലും മറക്കാനവാത്ത ചില രുചിക്കൂട്ടുകളുടെ റസിപ്പിയും മാഗസിന്‍ പങ്ക് വെക്കുന്നുണ്ട്. മഹേഷ് കെ ആണ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍, സി. ആലിക്കുട്ടി സ്റ്റാഫ് എഡിറ്ററും, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പി.എന്‍ അനിതകുമാരി ചീഫ് എഡിറ്ററുമാണ്.
 

മാഗസിന്റെ പുര്‍ണ രൂപം വായിക്കാം