പെയിന്റിങ്ങുകളും ഫോട്ടോഗ്രാഫിയും കാർട്ടൂണുകളും ക്ലേ മോഡലുകളും സ്റ്റിൽ മോഡലുകളും വീഡിയോകളും ലിറ്ററേച്ചർ ഫ്രെയിമുകളുമൊക്കെ നിറഞ്ഞ ഒരു ലോകം.  മഹാരാജാസ് കോളേജ് കാമ്പസിനെ തന്നെ ഒരു കാൻവാസാക്കി മാറ്റിയ ആ മനോഹര ഫ്രെയിമിന്റെ പേര്...മഹാരാജാസ് ബിനാലെ. കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമ്പസിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും കൈകോർത്തൊരുക്കിയ ഒരു കലാ വിസ്മയം. കൊച്ചി-മുസിരിസ് ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കൂടിയായതോടെ മഹാരാജാസിലെ വിദ്യാർഥികൾ ഒരുക്കിയ ബിനാലേയ്ക്ക് കലാപ്രതിഭകളുടെ അനുഗ്രഹസ്പർശവുമായി. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തുന്ന ബിനാലെ കാണാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയാണ് വിദ്യാർഥികൾ കലയുടെ കവാടങ്ങൾ തുറന്നിട്ടിരിക്കുന്നത്. 

കലയുടെ വിസ്മയലോകം

ബിനാലെയുടെ ഒരു കലാലയ രൂപത്തിന് തുടക്കം കുറിക്കുമ്പോൾ രണ്ടാം വർഷ എം.എ. ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥി ദീപ്തിയുടെയും കൂട്ടുകാരുടെയും കൈയിൽ ഒന്നുമുണ്ടായിരുന്നില്ല. മനസ്സിൽ നിറഞ്ഞു തുളുമ്പിയ ആശയങ്ങൾ മാത്രം കൈമുതലായ ആ കൂട്ടുകാർ പക്ഷേ സ്വപ്നങ്ങളെ കൈവിടാൻ തയ്യാറായിരുന്നില്ല. ‘കൊച്ചി മുസിരിസ് ബിനാലെ കണ്ടതിന്റെ ഊർജം തന്നെയായിരുന്നു ഞങ്ങളുടെ സ്വപ്നങ്ങളുടെ അടിസ്ഥാനം. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ബിനാലെ എന്ന സ്വപ്നവുമായി ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടിയത്. കേട്ടപ്പോൾ എല്ലാവർക്കും വലിയ ആവേശവും ഉത്സാഹവുമായി. പക്ഷേ എങ്ങനെ ബിനാലെ ഒരുക്കുമെന്നതിൽ ഞങ്ങൾക്ക് വലിയ ടെൻഷനുണ്ടായിരുന്നു. ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റിലെ ഞങ്ങളുടെ അധ്യാപകനായ ഡോ. പാർത്ഥസാരഥിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ കിട്ടിയ പിന്തുണയാണ് സത്യത്തിൽ ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്. പ്രിൻസിപ്പൽ കൃഷ്ണകുമാറും അധ്യാപകരായ ജോസഫും മധു വാസുദേവനും ഡോ. ഷജില ബീവിയുമൊക്കെ എന്തിനും ഞങ്ങളുടെ കൂടെ നിന്നതോടെ എല്ലാവർക്കും ആവേശമായി. ഡിസംബർ 12നാണ് ബിനാലെയുടെ ലോഗോ പ്രകാശനം ചെയ്തത്. ഒരു ഫൈൻ ആർട്‌സ് കോളേജ് അല്ലാത്തതിനാൽ മഹാരാജാസിൽ ബിനാലെ നടത്തുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒരുപാട് കലാകാരൻമാരുള്ള മഹാരാജാസിൽ അവരെ കണ്ടെത്തി ഈ സംരംഭത്തിലേക്ക് ക്ഷണിച്ചതോടെ എല്ലാവരും ഉഷാറായി. അങ്ങനെ ഞങ്ങൾ ഒരുക്കിയ ബിനാലെ ഇതാ ഇവിടെവരെ എത്തി നിൽക്കുന്നു...’ ദീപ്തി പറയുന്നു.

ബോസിന്റെ കൈയടികൾ
മഹാരാജാസിലെ വിദ്യാർഥികൾ ചേർന്നൊരുക്കിയ ബിനാലെയുടെ മികവിനെ എങ്ങനെയാണ് അളന്നെടുക്കേണ്ടത്. കലയുടെ വിസ്മയലോകം കണ്ട് അതിന് മാർക്കിടാൻ സാക്ഷാൽ ബോസ് കൃഷ്ണമാചാരി തന്നെ മഹാരാജാസിൽ എത്തിയതോടെ ഫല നിർണയത്തിൽ പിന്നെ സംശയങ്ങളില്ല. ‘ഈ കുട്ടികളിലും അവർ ഒരുക്കിയ കലാവിസ്മയത്തിലും എനിക്ക് വലിയ അഭിമാനം തോന്നുന്നു. വിദ്യാർഥികൾ സമകാലികമായി ചിന്തിക്കുന്നുവെന്നതിന്റെ അടയാളമാണ് നമുക്ക് മുന്നിൽ കാണുന്ന ഈ ബിനാലെ. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒട്ടേറെ സംഭവങ്ങൾ ഉണ്ടായ കാലഘട്ടമാണിത്. അതിൽ പ്രതികരിക്കാൻ മഹാരാജാസ് പോലെയുള്ള ഒരു കോളേജിലെ വിദ്യാർഥികൾ കടന്നുവരുന്നത് സന്തോഷകരമാണ്. കലയിലൂടെ ലോകത്തോട് സംവദിക്കാൻ കഴിയുന്നത് വലിയൊരു അനുഭവമാണ്. ചിത്രകല മാത്രമല്ല, മറ്റ്‌ ഒട്ടേറെ മാധ്യമങ്ങളിലൂടെയും ഈ കുട്ടികൾ കലാപ്രകടനങ്ങൾക്ക് ശ്രമിച്ചിട്ടുണ്ട്. കോളേജിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയും ഇതിന് പിന്നിലുണ്ടെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ മറ്റു പല കോളേജുകൾക്കും മാതൃകാപരമായ കലാവിസ്മയമാണ് മഹാരാജാസ് ഒരുക്കിയിരിക്കുന്നത്. ഇവർക്കു വേണ്ടി എത്ര കൈയടിച്ചാലും അത് അധികമാകില്ല...’ മഹാരാജാസിലെ ബിനാലേയ്ക്ക് വേണ്ടി കൈയടിക്കുന്ന ബോസ് ഒരു കാര്യം കൂടി പറഞ്ഞു.  ‘മഹാരാജാസിലെ ബിനാലെ രണ്ടു ദിവസമായി ഒതുക്കിയത് ശരിയായില്ല. മറ്റുള്ളവർക്ക് കാണാൻ അൽപ്പം കൂടി നീട്ടിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. വരും വർഷങ്ങളിൽ ബിനാലെ സംഘടിപ്പിക്കുമ്പോൾ ഇക്കാര്യം ഓർക്കണമെന്നാണ് എന്റെ അഭ്യർത്ഥന...’

സൗഹൃദത്തിന്റെ കല
കലാലയ സൗഹൃദങ്ങളുടെ കരുത്ത് എന്തെന്ന് അടയാളപ്പെടുത്തുന്നതാണ് മഹാരാജാസ് ബിനാലെ. എം.എ. ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥി ദീപ്തി ക്യുറേറ്ററായ ബിനാലെയിൽ ഒന്നാം വർഷ ബി.എ. ഇസ്ലാമിക് ഹിസ്റ്ററിയിലെ പി. അനന്തുവും രണ്ടാം വർഷ ഫിസിക്സിലെ ടി.ജി. തോംസണും രണ്ടാം വർഷ കെമിസ്ട്രിയിലെ ഹരികൃഷ്ണനും ഒന്നാം വർഷ ഹിസ്റ്ററിയിലെ ആകാശും ഒന്നാം വർഷ ബോട്ടണിയിലെ അഖിൽ വാസുവും അഭിജിത്തും ഒക്കെ കൂട്ടുകൂടിയെത്തിയതാണ് അതിന് വിജയത്തിന്റെ നിറങ്ങൾ നൽകുന്നത്. കോളേജിലെ പൂർവ വിദ്യാർഥികളായ അർജുനും ഉണ്ണി ഉല്ലാസും അയ്യപ്പദാസുമൊക്കെ ബിനാലെയിൽ കൈകോർക്കാനെത്തിയതോടെ അതിന് സൗഹൃദത്തിന്റെ മഴവിൽ നിറങ്ങളായി. സമയക്കുറവ് എന്ന പ്രശ്നമുണ്ടായെങ്കിലും സൗഹൃദങ്ങളുടെ കരുത്തിൽ ബിനാലെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നെന്നാണ് അധ്യാപകനായ പാർത്ഥസാരഥിയും പറയുന്നത്. ‘ഇന്നത്തെ കോളേജ് വിദ്യാർഥികളെക്കുറിച്ച് സമൂഹത്തിന് പല തെറ്റിദ്ധാരണകളുമുണ്ട്. എന്നാൽ അക്രമത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന കുറച്ചുപേരെങ്കിലും ഇന്ന് നമ്മുടെ പല കലാലയങ്ങളിലുമുണ്ടെന്നത് സത്യവുമാണ്. കലാലയ യുവത്വത്തെ അക്രമങ്ങളിൽ നിന്ന് വഴിമാറ്റി കലയുടെ ലോകത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമമാണ് ബിനാലെ. കല വിദ്യാർഥികളിലൂടെ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ബിനാലെ ലക്ഷ്യമിടുന്നത്. ഹിംസാത്മകമായി ചിന്തിക്കുന്ന യുവത്വത്തെ കലയുടെ സമാധാന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ബിനാലേയ്ക്ക് സാധിച്ചാൽ അതാണ് സുന്ദരം. കലയിലൂടെ പ്രതികരിക്കുന്ന യുവത്വത്തിന്റെ അടയാളമാണ് ബിനാലെ. അതിന് അവർക്ക് അടിത്തറയായത് സൗഹൃദങ്ങളുടെ കരുത്ത് തന്നെയാണ്...’ പാർത്ഥസാരഥിയുടെ വാക്കുകളിൽ ബിനാലെയുടെ സൗഹൃദചിത്രം തെളിയുന്നു. 

എല്ലാവർക്കും സ്വാഗതം
‘മുട്ടത്തോട് പൊട്ടിച്ച് കോഴിക്കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്ന അതേ കൗതുകമായിരുന്നു വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ എനിക്കുണ്ടായിരുന്നത്. സദാചാര കഴുകൻമാർ എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു...’ ബിനാലെയുടെ കലാമുറ്റത്ത് കണ്ട ഈ വാചകങ്ങളുടെ സൃഷ്ടികർത്താവിനെ തേടിയപ്പോഴാണ് അവർ മുന്നിലേക്കെത്തിയത്...ട്രാൻസ്‌ജെൻഡേഴ്‌സ്. ബിനാലെയിൽ എല്ലാവർക്കും ഇടമുണ്ടെന്ന പ്രഖ്യാപനത്തിന്റെ അടയാളമായിരുന്നു ആ കാഴ്ചകൾ. കോളേജിൽ പഠിച്ചിരുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന്റെ അനുഭവക്കുറിപ്പുകളും ബിനാലെയിൽ പ്രദർശനത്തിന് വെച്ചത് പുതിയൊരു സ്വപ്നമായിട്ടു തന്നെയാണെന്നാണ് ദീപ്തി പറഞ്ഞത്. '' മഹാരാജാസിലെ ബിനാലെ ഒരുപാട് സ്വപ്നങ്ങളെ അടയാളപ്പെടുത്തുന്ന ഇടമാണ്. അതുകൊണ്ടാണ് ട്രാൻസ്‌ജെൻഡേഴ്‌സ് അടക്കമുള്ളവർക്കും ഇവിടെ ഇടം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചത്. മഹാരാജാസ് ബിനാലെക്ക് ഔപചാരികമായ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ബോസ് കൃഷ്ണമാചാരി പറഞ്ഞ വാക്കുകളിൽ തെളിഞ്ഞ ഉദ്ഘാടനത്തിന് അംഗപരിമിതയായ ഉമ്മു കുൽസു കാലുകൾ കൊണ്ട് വരച്ച ചിത്രങ്ങളുടെ ഭംഗിയുമുണ്ടായിരുന്നു’. 

അറിയപ്പെടാത്ത പൂന്തോട്ടം
ബിനാലെയുടെ കലക്കൂട്ടിലെ അഭിനയരസത്തിന്റെയും സംഗീതമഴയുടെയും സുന്ദര ഇടം...’അറിയപ്പെടാത്ത പൂന്തോട്ടം’ എന്ന പേരിൽ ബിനാലെയുടെ ഭാഗമായി ഒരുക്കിയ കലാപ്രകടനവേദിയും വിദ്യാർഥികൾക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. കോളേജിലെ സെൻട്രൽ സർക്കിളിലും മുല്ലപ്പന്തലിലുമായി രണ്ടു വേദികളാണ് കലാപ്രകടനത്തിനായി ഒരുക്കിയിരുന്നത്. സെൻട്രൽ സർക്കിളിലെ വേദിയിൽ ഒരു കലാകാരൻ സംഗീതോപകരണം വായിക്കുമ്പോൾ അതേ സമയത്തുതന്നെ അതിനടുത്ത് മറ്റൊരു കലാകാരൻ ചിത്രം വരയുടെ വിസ്മയക്കാഴ്ചകളുമായി നിറഞ്ഞു. മുല്ലപ്പന്തലിൽ രണ്ടു പേരടങ്ങുന്ന സംഘമായാണ് കലാപ്രകടനങ്ങൾ അരങ്ങിൽ നിറഞ്ഞത്. ജർമനി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ കലാകാരൻമാർ മുല്ലപ്പന്തലിൽ കലാപ്രകടനങ്ങളുമായി നിറഞ്ഞാടിയപ്പോൾ നിലയ്ക്കാത്ത കൈയടികളോടെയാണ് വിദ്യാർഥികൾ അതിന് പിന്തുണ പ്രഖ്യാപിച്ചത്. ബിനാലെയുടെ വിജയത്തിനായി വിദ്യാർഥികൾക്കൊപ്പം കൈ കോർത്ത പൂർവവിദ്യാർഥികളും ഈ കലാപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.