ചിമ്മിനിയുടെ ഹരിതഭംഗി ഹൃദയം കവര്‍ന്ന മറക്കാനാവാത്ത ഒരു പഠനയാത്രയായിരുന്നു കളമശ്ശേരി സെന്റ്. പോള്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇലപൊഴിയും വനങ്ങളെയും നിത്യഹരിത വനങ്ങളെയും അടുത്തറിഞ്ഞുള്ള യാത്ര... മരക്കൂട്ടങ്ങള്‍ക്കിടിയിലൂടെ...വള്ളിപ്പടര്‍പ്പുകളെ വകഞ്ഞ് കാടിന്റെ ഉള്ളറകളിലേക്കായിരുന്നു പഠനയാത്ര. കോളേജിലെ 31 വിദ്യാര്‍ത്ഥികളും കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ശോഭന മൈക്കിളുമാണ് കാടിന്റെ സൗന്ദര്യാസ്വാദകരായത്.

ടൂറിസം ക്ലബ്ബും നേച്ചര്‍ ക്ലബ്ബും ചേര്‍ന്നാണ് പഠനയാത്ര സംഘടിപ്പിച്ചത്. ജൈവ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ചിമ്മിനിയെ അറിയാന്‍ കോളേജില്‍ നിന്ന് ഡിസംബര്‍ ആറിന് വിദ്യാര്‍ത്ഥി സംഘം യാത്ര തിരിച്ചു. പീച്ചിയും വാഴാനിയും പറമ്പിക്കുളവും അതിരുപങ്കിടുന്ന ചിമ്മിനിയില്‍ മൂന്ന് ദിവസം ഇവര്‍ ചെലവിട്ടു. കാട്ടിലൂടെ യാത്ര, കാട്ടരുവിയില്‍ കുളി, ആകാശത്തെ തൊട്ടുനോക്കാന്‍ വെമ്പി നില്‍ക്കുന്ന ഹരിതഭംഗിയെ ക്യാമറയില്‍ പകര്‍ത്തല്‍... ക്യാമ്പ് ആഘോഷമാക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.

അസ്തമയ സൂര്യനഭിമുഖമായി ഇരുന്ന കുട്ടികള്‍ക്ക് ചിമ്മിനി വന്യമൃഗ സങ്കേതത്തിനെ വിവരിച്ച് നല്‍കിയത് ഷിജിത്ത് എന്ന ആദിവാസി യുവാവ്. ഒരു കഥപറയും പോലെ തന്റെ ഊരിന്റെ സൗന്ദര്യം കുട്ടികളോട് അവന്‍ വിവരിച്ചു. കാട്ടാനകളും, അപൂര്‍വയിനം പൂമ്പാറ്റകളും, വേഴാമ്പലുകളും, സിംഹവാലന്‍ കുരങ്ങുകളും, അപൂര്‍വയിനം പക്ഷികളും, മരങ്ങളും നിറഞ്ഞ വനത്തെ ഷിജിത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. നഗരത്തില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ പ്രകൃതിയിലേക്ക് അടുപ്പിക്കുകയായിരുന്നു ഈ പത്തൊന്‍പതുകാരന്‍.

ചിമ്മിനിയുടെ സൗന്ദര്യം മനസ്സിലേക്ക് ആവാഹിക്കാന്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് വൃത്തിയുള്ള അന്തരീക്ഷവും ചുറ്റുപാടുമാണ്. വനംവകുപ്പ് ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സഹകരണവുമുണ്ടെന്ന് ഡോ. ശോഭന മൈക്കിള്‍ പറഞ്ഞു. കുട്ടികളുടെ താമസസൗകര്യം ഒരുക്കിയിരുന്നത് വനംവകുപ്പിന്റെ ഡോര്‍മെറ്ററിയിലായിരുന്നു. വൃത്തിയും ശുചിത്വവും നിറഞ്ഞതായിരുന്നു മുറികളും ടോയ്‌ലറ്റുകളും. ഗാര്‍ഡ് സലിംകുമാര്‍ പരിസരം ശുചിയായി സൂക്ഷിക്കുന്നതില്‍ കൃത്യത പുലര്‍ത്തിയിരുന്നതായി ഡോ. ശോഭന പറഞ്ഞു.

ക്യാമ്പ് രസകരവും ഓര്‍മകളില്‍ മായാത്തതുമായ പഠനാനുഭവമാക്കാന്‍ സേവ്യര്‍ എല്‍ത്തുരുത്തിനായി. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ക്ലാസ് മുറിയിലേക്ക് സേവ്യര്‍ കടന്നുവന്നത് വെള്ളിക്കെട്ടന്‍ ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളുമായാണ്. കൊച്ചുകുഞ്ഞിനെ കൈകളില്‍ എടുക്കുന്നതുപോലെ സേവ്യര്‍ പാമ്പുകളെ എടുത്തു. പതിയെ കഴുത്തില്‍ ചുറ്റി...അടുത്ത നിമിഷം സേവ്യര്‍ വിദ്യാര്‍ത്ഥികളുടെ അരികിലേക്ക് പാമ്പുകളെ കൊണ്ടുവന്നു. നടവഴികളില്‍ കണ്ടാല്‍ പോടിച്ചോടുന്ന വിദ്യാര്‍ത്ഥികള്‍ പതിയെ പാമ്പിനെ തൊട്ടുനോക്കി..പിന്നീട് കൈയില്‍ എടുത്തു...ഉപദ്രവകാരിയല്ല എന്ന് മനസ്സിലായതോടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പാമ്പിനെ കഴുത്തില്‍ ചുറ്റുകയും ചെയ്തു...തുടര്‍ന്ന് പാമ്പുകളെക്കുറിച്ച് സേവ്യറിന്റെ വിവരണം.

ഇ.ഡി.സി. അംഗങ്ങളും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബുബക്കറും നല്ല സഹകരണമാണ് നല്‍കിയതെന്ന് ഡോ. ശോഭന മൈക്കിള്‍ പറഞ്ഞു. 1996 മുതല്‍ പല വന്യമൃഗസങ്കേതങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ചിമ്മിനിയുടെ ഹൃദയം തൊട്ടറിയുകയായിരുന്നു ക്യാമ്പിലൂടെ.