കേന്ദ്ര യുവജനക്ഷേമ മന്ത്രാലയത്തിന്റെ ആക്ടീവ് സിറ്റിസൺസ് പദ്ധതി നടപ്പാക്കാൻ സജീവമാണ് കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ.കോളേജ്. പദ്ധതിയുടെ ഭാഗമായ അഞ്ച് സാമൂഹിക പ്രവർത്തന പരിപാടികളിൽ രണ്ടെണ്ണം പൂർത്തിയായി. മുളയം എസ്.ഒ.എസ്. ഗ്രാമത്തിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സാഹസിക ക്യാമ്പായിരുന്നു രണ്ടാമത്തേത്.

college

കോളേജിലെ ആക്ടീവ് സിറ്റിസൺ പ്രതിനിധികളായ 10 വിദ്യാർഥികളാണ് ക്യാമ്പിൽ സജീവമായത്. പതിനഞ്ചു മുതൽ 18 വയസ്സു വരെയുള്ള 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. നാല് സാഹസിക ഇനങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. വാലി ക്രോസിങ്, ട്രീ ജുമാരിങ്(മരം കയറ്റം), ടെന്റ് പിച്ചിങ് (ടെന്റ് നിർമാണം), തടസ്സങ്ങളെ മറികടക്കുന്ന മൈൻ ഫീൽഡ് എന്നിവയായിരുന്നു അത്. ഏറെ ഏകാഗ്രത ആവശ്യമുള്ള ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കാളികളായി.

adventure

ക്യാമ്പിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും അവരിൽ കൗതുകമുണർത്തി. തൃശ്ശൂർ ഫോർട്ട്നോക്‌സ് ട്രെയിനിങ് സൊല്യൂൻസിലെ പരിശീലകനായ പ്രീതം മേനോൻ പരിശീലനം നൽകി. പൊങ്ങണംകാട് ഇജീജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലായിരുന്നു ക്യാമ്പ്. കുട്ടികളിലെ നേതൃപാടവവും കാര്യക്ഷമതയും വളർത്താനാണ് ക്യാമ്പ് ലക്ഷ്യമിട്ടതെന്ന് കുട്ടനെല്ലൂർ ഗവ. കോളേജ് അധികൃതർ പറഞ്ഞു.

 ഡോ. സി. സിജോ വർഗീസ്, പി.ആർ. റസീന എന്നിവർ നേതൃത്വം നൽകി. എസ്.ഒ.എസ്. വില്ലേജിലെ ഫാമിലി സ്‌ട്രെങ്തനിങ് പ്രോഗ്രാം മാനേജ്‌മെന്റ് ട്രെയിനി ജി. പാർവതിയും ക്യാമ്പിന്റെ ഭാഗമായി.