പ്രതിവർഷം ലോകത്തിലെ ഒരു കോടിയോളം ജനങ്ങൾ നേരിടുന്ന അസുഖമാണ് ടി.എം.ഡി. വൈകല്യം (താടിയെല്ലിലെ സന്ധിരോഗം). അണപ്പല്ലിലെ മസിലുകളുടെ വീക്കം കാരണമുണ്ടാകുന്ന രോഗം, ഭക്ഷണം ചവച്ചിറക്കുന്നതിനെയും ശരിക്കും വായ തുറക്കുന്നതിനെയും ബാധിക്കും. കൂടാതെ നല്ല വേദനയുമുണ്ടാകും. ഇത്തരം പ്രശ്നങ്ങൾ മറികടക്കാനുള്ള പുതിയ ചികിത്സാരീതിയുടെ രൂപകൽപനയുമായി തലക്കോട്ടുകര വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ്‌ ടെക്‌നോളജി വിദ്യാർഥികളെത്തിയിരിക്കുകയാണ്.

ടി.എം.ഡി. പ്രശ്‌നമുള്ളവർ വായതുറക്കണമെന്ന് വിചാരിക്കുമ്പോൾ അതു മനസ്സിലാക്കി സ്വയം പ്രവർത്തിക്കുന്നതും വ്യക്തിയുടെ പ്രവൃത്തിയെ സഹായിക്കാനുമുള്ള ഉപകരണത്തിന്റെ മാതൃകയാണ് ഇവർ വികസിപ്പിച്ചത്.

വിദ്യാ അക്കാദമിയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ബിരുദാനന്തരബിരുദ വിദ്യാർഥിനി സൂര്യ സുരേന്ദ്രനാണ് പ്രോജക്ട്‌ ഗൈഡ് സി.ആർ. രമേഷ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി ഡോ. എസ്. സ്വപ്നകുമാർ, പ്രോജക്ട്‌ കോ-ഓർഡിനേറ്റർ പ്രൊഫ.എം. ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ രൂപകൽപന ചെയ്തത്.

മാതൃകാ ഉപകരണത്തിനു പതിനായിരം രൂപയാണ് നിർമാണച്ചെലവു വന്നിരിക്കുന്നത്. ഉപകരണത്തിന്റെ ചികിത്സാരീതിയുടെ ആധികാരികത വിലയിരുത്താൻ തൃശ്ശൂർ ജൂബിലി മിഷൻ ആസ്പത്രിയിലെ ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആധികാരികത ഉറപ്പുവരുത്തിയാൽ ടി.എം.ഡി.യുടെ ചെലവേറിയ ചികിത്സാരീതിക്ക് മികച്ച പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്ന് ഇവർ പറയുന്നു.