ഇല്ല.. പുസ്തകങ്ങളും ഡ്രസ്സുകളുമൊക്കെ വെള്ളത്തില്‍ പോയതുകൊണ്ട് ഞങ്ങള്‍ പോയില്ല... ഒരു പേന പോലും ഞങ്ങളുടെ കൈയിലില്ല' - 'ഇന്നെന്താ സ്‌കൂളില്ലേ? ' എന്ന ചോദ്യത്തിനുള്ള മറുപടി ഒരു നിമിഷത്തേക്ക് ഞങ്ങളെ നിശ്ശബ്ദരാക്കി.

പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഒരു വിദ്യാര്‍ഥിനിയുടെ അവസ്ഥ. സ്‌കൂള്‍ അധികൃതര്‍ പുസ്തകങ്ങളും മറ്റും നല്‍കാമെന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിലും, ദുരന്തമുഖത്തെ തളര്‍ച്ചയില്‍നിന്ന് അവര്‍ കരകയറിയിരുന്നില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും എട്ടുമനയില്‍ പ്രളയത്തിലകപ്പെട്ട വീടുകളില്‍ വൈദ്യുതി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയപ്പോഴുണ്ടായ അനുഭവമാണിത്.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്പ്മെന്റിന്റെ (COSTFORD) നേതൃത്വത്തില്‍ തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ (ജി.ഇ.സി.) ഏകദേശം 70 വിദ്യാര്‍ഥികളും 15 അധ്യാപകരുമടങ്ങുന്ന സംഘമാണ് വീടുകള്‍ വൃത്തിയാക്കാനിറങ്ങിയത്. ചേര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ 7, 12, 13, 14, 15, 16, 17 വാര്‍ഡുകളിലെ 310 വീടുകളില്‍ വൈദ്യുതി വീണ്ടെടുക്കുകയും കേടുവന്ന ഉപകരണങ്ങള്‍ നന്നാക്കുകയും ചെയ്തു. 

കേരളം മുഴുവന്‍ ഈ ദുരന്തത്തില്‍നിന്ന് അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സമൂഹത്തിനാവശ്യമായ രീതിയില്‍ സാങ്കേതികമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സന്നദ്ധതയും ആത്മവിശ്വാസവും ഇലക്ട്രിക്കല്‍ വിഭാഗം അസി. പ്രൊഫ. ബി.ബി. ബിനോയിയെ കളക്ടറേറ്റിലെത്തിച്ചു. ജി.ഇ.സി.യുടെ താത്പര്യമനുസരിച്ച് കളക്ടര്‍ കോസ്റ്റ് ഫോര്‍ഡിനെ മേല്‍നോട്ടച്ചുമതലയേല്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും കോസ്റ്റ്ഫോര്‍ഡ് പ്രതിനിധികളും യോഗം ചേരുകയും ജില്ലയിലെ വലിയതോതില്‍ പ്രളയം വിഴുങ്ങിയ ചേര്‍പ്പ് പഞ്ചായത്തിലെ എട്ടുമന പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുക്കുകയും ചെയ്തു.

കൃത്യമായ ആസൂത്രണത്തോടെ ഓഗസ്റ്റ് 28-ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വിജയകരമായി അഞ്ചുദിവസം പിന്നിട്ടപ്പോള്‍ എട്ടുമന നിവാസികളുടെ വീടുകളിലും മനസ്സിലും അന്ധകാരം നീങ്ങി. നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ പ്രളയത്തില്‍നിന്ന് നാടിനെ കരകയറ്റാന്‍ എന്‍ജിനിയറിങ്, പോളിടെക്നിക് വിദ്യാര്‍ഥികളുടെ സാരമായ പങ്കുണ്ടാവണമെന്ന് ജില്ലാകളക്ടര്‍ ടി.വി. അനുപമ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. താജുദ്ദീന്‍ അഹമ്മദ്, ഇലക്ട്രിക്കല്‍ വിഭാഗം പ്രൊഫ. സുരേഷ് കെ. ദാമോദരന്‍, അധ്യാപകരായ ഷിന്‍സി മുഹമ്മദ്, സജിത്ത് ടി.വി., അഷറഫ്, ഷിബു, ജയ്ജോണ്‍, ഗോപി, റിട്ട. പ്രൊഫ. സുദര്‍ശനന്‍ എന്നിവരുടെ മുഴുനീള സഹകരണവും സാങ്കേതിക വിജ്ഞാനവും പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. യൂണിവേഴ്സല്‍ എന്‍ജിനീയറിങ് കോളേജ്, ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്, മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആവശ്യമായ സാധനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനും ഈ ഉദ്യമത്തില്‍ പങ്കാളികളായി.

നഷ്ടവിവരക്കണക്കെടുപ്പിനായി അന്തിക്കാട്, അരിമ്പൂര്‍, താന്ന്യം, അടാട്ട്, എറിയാട് പഞ്ചായത്തുകള്‍ കോളേജ് ഏറ്റെടുക്കുകയും സിവില്‍ വിഭാഗം അധ്യാപിക എ.ജി. ബിന്ദുവിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ 60 ഗ്രൂപ്പുകളായി തിരിഞ്ഞ് 3400 വീടുകളുടെ സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

Content Highlights; Thrissur Government Engineering College Students Flood Relief Activities