ല്ലാം നഷ്ടപ്പെട്ടവന്റെ വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. പ്രളയം വിഴുങ്ങിയ ജീവിതങ്ങള്‍ക്ക് ആശ്വാസവാക്കുകളായും ചെറിയ സഹായങ്ങളായും കൂടെ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഞങ്ങള്‍ പ്രജ്യോതി എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍. തുടര്‍ച്ചയായ മൂന്നുദിവസത്തെ പ്രവര്‍ത്തനത്തിലൂടെ അവര്‍ക്കായി ചിലതൊക്കെ ചെയ്യാന്‍ കഴിഞ്ഞു. അമ്പതോളം വീടുകള്‍ വാസയോഗ്യമാക്കി.

കനത്ത മഴയും പ്രതികൂലാവസ്ഥയും മൂലം കൊടകരയില്‍ മുടങ്ങിപ്പോയ സപ്തദിന സഹവാസ ക്യാമ്പിന്റെ നഷ്ടവേദനയിലായിരുന്നു ഞങ്ങള്‍. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. കഴിയാവുന്നവര്‍ക്ക് സഹായമാവുക, കൂടെ നില്‍ക്കുക അത്രയേ ആഗ്രഹിച്ചിരുന്നുള്ളു. കൊടകര ക്യാമ്പ് തുടങ്ങാന്‍ ഉദ്ദേശിച്ച ദിവസം തന്നെ ജയ മിസ്സിന്റെയും സൗമ്യ മിസ്സിന്റെയും ജോസഫ് സാറിന്റെയും നേതൃത്വത്തില്‍ തലോര്‍ ദീപ്തി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിച്ചേര്‍ന്നു.

വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് കൈയുറകളും മാസ്‌കും ധരിച്ച് ദൗത്യം ഏറ്റെടുത്തു. ഓരോ ഗ്രൂപ്പുകള്‍ക്കും ഓരോ പ്രദേശം എന്ന പ്രകാരം മുന്നോട്ടുനീങ്ങി. അങ്കണവാടി മുതല്‍ വീടുകള്‍ വരെ ശ്രമദാനത്തിന്റെ ഭാഗമായിരുന്നു. വിശപ്പും ദാഹവുമടക്കി പണിയെടുത്തു. പഴുതാരകളും പാമ്പുകളുമെല്ലാം ഇടയ്ക്കിടെ ഒന്നെത്തിനോക്കി പോവുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ചെറിയ പേടി തോന്നിയെങ്കിലും പിന്നെ കൂടുതല്‍ ധൈര്യം കൈവരിച്ചു.

എല്ലാവരും ചേര്‍ന്നൊരു അങ്കണവാടി വൃത്തിയാക്കിയതാണ് കൂട്ടത്തില്‍ മികച്ചതായി തോന്നിയത്. ഗേറ്റിന്റെ താക്കോല്‍ പോലും വെള്ളത്തില്‍ ഒലിച്ചുപോയി. കൂട്ടത്തിലെ വിരുതര്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മതില്‍ ചാടി. ക്രിസ്റ്റി പൂട്ടുപൊളിച്ചു ബാക്കിയുള്ളവരെക്കൂടി അകത്തെത്തിച്ചു. ഒട്ടും സമയം വൈകാതെ പ്രവര്‍ത്തനം ആരംഭിച്ചു. ധൈര്യശാലികളായ ഒരുകൂട്ടം ആണ്‍കുട്ടികള്‍ ആദ്യം ഉള്ളില്‍ പ്രവേശിച്ചു. കണ്ണുചിമ്മുന്ന പാവകള്‍. ചിലത് ചെണ്ടകൊട്ടുന്നവ, കാറുകള്‍, കുട്ടികള്‍ വരച്ച ചിത്രങ്ങള്‍, പോസ്റ്ററുകള്‍, പന്തുകള്‍, കുഞ്ഞുകസേരകള്‍ അങ്ങനെ ഓരോന്നായി എടുത്തുമാറ്റി. ചെളിപുരണ്ട് നാശം സംഭവിച്ചവയായിരുന്നു എല്ലാം.

ഒരു സൂചിപോലും നല്ലതില്ലാത്ത സ്ഥലമായിരുന്നു അത്. ഞങ്ങള്‍ക്കു ലഭിച്ച നിര്‍ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ കലക്കിയ വെള്ളവും ഫിനോയിലും ഒക്കെ ഒഴിച്ച് വൃത്തിയാക്കി. ഉപയോഗിക്കാന്‍ പറ്റുന്ന ചില കസേരകളും മേശകളുമെല്ലാം ചെളികളഞ്ഞെടുത്തു. വാര്‍ഡംഗം സുധേഷ്‌കുമാരിയും നാട്ടുകാരും വെള്ളമായും ഭക്ഷണമായും ഞങ്ങളെ സഹായിക്കാനെത്തി.

എല്ലാവരുടെയും സഹായത്തോടെ അങ്കണവാടി പൂര്‍വസ്ഥിതിയിലാക്കി. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അന്നെനിക്ക്. അരയ്‌ക്കൊപ്പം വെള്ളംകയറി വീട് വിട്ട് മറ്റൊരു പ്രദേശത്തു അഭയം തേടുകയായിരുന്നു ഞാനും കുടുംബവും. അതുകൊണ്ടുതന്നെ 'തലകുനിച്ച തലമുറ' എന്ന് ആക്ഷേപഹാസ്യത്തോടെ വിളിക്കുന്ന പുതുതലമുറ, തലയുയര്‍ത്തുകയായിരുന്നു.

അവസാന വീടും വൃത്തിയാക്കുമ്പോള്‍ ഒരു എന്‍.എസ്.എസ്. വൊളന്റിയര്‍ യഥാര്‍ഥ മനുഷ്യസ്നേഹിയാണെന്നു അടയാളപ്പെടുത്തുകയായിരുന്നു ഞങ്ങള്‍. കൂട്ടായി ഞങ്ങള്‍ നേടിയ വിജയം, അതിലുപരി അവര്‍ നല്‍കിയ സ്നേഹവും ആശംസാവാക്കുകളും, 'തീര്‍ത്താല്‍ തീരാത്ത കടപ്പാട് ' എന്നവര്‍ വിശേഷിപ്പിച്ച നന്ദി സൂചകങ്ങള്‍ ഇതെല്ലാമായിരുന്നു ഞങ്ങള്‍ക്കു ലഭിച്ച പാരിതോഷികങ്ങള്‍. ഇത് വിലമതിക്കാനാവാത്തതാണ്.

കാരണം ഞങ്ങള്‍ മാലിന്യമുക്തമാക്കുക മാത്രമല്ല ചെയ്തത്, വേദനിക്കുന്നവരുടെ ഹൃദയത്തെ ഏറ്റെടുത്ത് തിളക്കമുള്ളതാക്കുക കൂടിയായിരുന്നു. ഓര്‍മയുടെ താളുകളില്‍ സൂക്ഷിക്കാന്‍ അനുഭവങ്ങള്‍ ലഭിച്ചു എന്നുമാത്രമല്ല തിരിച്ചറിവിന്റെ ജീവിതപാഠം കൂടിയായിരുന്നു ആ നാളുകള്‍ ഞങ്ങള്‍ക്കു നല്‍കിയത്. 

Content Highlights; Prajyothi Niketan College NSS volunteers flood relief activities