കാടുപിടിച്ചുകിടന്ന കോളേജ് പരിസരം മുഴുവന്‍ വൃത്തിയാക്കി അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അധ്യയനവര്‍ഷാരംഭത്തില്‍ കൃഷിയിറക്കിയിരുന്നു. നാലേക്കറില്‍ കരനെല്‍ക്ക്യഷി ചെയ്തായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് പച്ചക്കറിക്കൃഷി, പൂക്കൃഷി എന്നിവയിലും പരീക്ഷണം നടത്തുകയായിരുന്നു ഇവര്‍. കനത്ത മഴയിലും കാറ്റിലും കൃത്യമായ സംരക്ഷണം നല്‍കിയതാണ് കൊല്ലം എസ് എന്‍ കോളേജിന്റെ ഈ വിജയഗാഥക്ക് പിന്നില്‍. 

ഒരേക്കറില്‍ കരനെല്ലും രണ്ടേക്കറില്‍ പച്ചക്കറിയും ഒരേക്കറില്‍ പൂക്കൃഷിയുമാണ് ചെയ്തത്. മഴയത്ത് വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുമെന്നായപ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് കൃഷി സംരക്ഷിച്ചത്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് വിളവെടുപ്പ് നടത്താനായി. 

കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ത്തന്നെയായിരുന്നു വിളവെടുപ്പ്.  നാലാം വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പച്ചക്കറി ഇനത്തില്‍ വെണ്ട, പച്ചമുളക്, പാവല്‍, പയര്‍ തുടങ്ങിയവയും പൂക്കൃഷിയില്‍ വാടാമല്ലി, ബന്ദി, ജമന്തി എന്നിവയുമാണ് വിളവെടുക്കാനായത്.  കോളേജിലെ 17 ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. ജൈവവളം മാത്രമാണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. കൃത്യമായി വെള്ളമൊഴിക്കുന്നതിനും വളമിടുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ഡിപ്പാര്‍ട്ടുമെന്റിനും പ്ലോട്ട് തിരിച്ച് നല്‍കി. 

ഒരു വിഭാഗത്തിനുതന്നെ ഇത്രയധികം കൃഷിയില്‍ ശ്രദ്ധ പതിപ്പിക്കുന്നത് പ്രയാസമെന്നിരിക്കെയായിരുന്നു ഇത്. ഓരോരുത്തര്‍ക്കും തന്നിരിക്കുന്ന പ്ലോട്ട് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നായി. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ കൃഷിയെ ഏറ്റവും നന്നായി പരിപാലിക്കണമെന്ന ചിന്തയും ഉയര്‍ന്നിരുന്നു. അതുതന്നെയാണ് ഇവര്‍ വിജയപഥത്തിലേക്കെത്തുന്നതിനു കാരണമായത്. ഏക്കറുകണക്കിന് കാടുപിടിച്ചുകിടന്ന സ്ഥലവും ഇതോടെ കാഴ്ചയില്‍ അതിമനോഹരമായി. 

ഇക്കുറി ഓണത്തിന് പൂക്കളും പച്ചക്കറിയുമെല്ലാം വിളവെടുത്ത് ഓണം ആഘോഷമാക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ പ്രളയം വന്നതോടെ ഓണാഘോഷമൊക്കെ ഒഴിവാക്കി. വിളവെടുത്ത പച്ചക്കറികള്‍ കോളേജിനകത്തും പുറത്തുമായി വില്‍പ്പന നടത്തുകയാണ് പതിവ്. കുട്ടികളും അധ്യാപകരും വാങ്ങിയശേഷമാകും പുറത്തേക്കു നല്‍കുന്നത്. 

പച്ചക്കറിത്തോട്ടത്തിനു ചുറ്റുമായി പൂക്കൃഷി നടത്തുന്നുണ്ട്. പൂക്കൃഷി കീടങ്ങളെ അകറ്റാന്‍ സഹായിക്കുമെന്ന കൃഷി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഹരിത മിഷന്റെ മൂന്നു ഘട്ടങ്ങളായി, കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ ഒരുലക്ഷം രൂപയുടെ പദ്ധതിപ്രകാരമായിരുന്നു കൃഷി. വഴുതന, കുമ്പളം, മത്തന്‍ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. നിലമൊരുക്കുന്നതിനും മറ്റുമായി ഒരുലക്ഷം രൂപ ചെലവായി. കൂടാതെ പി.ടി.എ.ഫണ്ടില്‍നിന്നുള്ള തുകയും ഇതിനായി ഉപയോഗിച്ചു. മാതൃകാ ഫാമായി മാറ്റാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിവര്‍. 

കൂടുതല്‍ കൃഷി

'കൂടുതല്‍ കൃഷിയിറക്കി കോളേജിന്റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാക്കുന്നതിനുള്ള ശ്രമം ഇനിയും തുടരും. അതിനുള്ള എല്ലാ സഹായവും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും കോര്‍പ്പറേഷനില്‍നിന്നും ലഭിക്കുന്നുണ്ട്'

- ഡോ. സി.അനിത ശങ്കര്‍ (പ്രിന്‍സിപ്പല്‍, എസ്.എന്‍.കോളേജ്, കൊല്ലം)